Web Toolbar by Wibiya

Pages

02 March 2011

ലാപ്ടോപ്പ് | laptop





ജൂണ്‍ മാസത്തിലെ ഒരു ഉച്ച നേരം. ഊണ് കഴിച്ചിട്ടില്ല. അടിയന്തിരമായി തയാറാക്കേണ്ട ഒരു റിപ്പോര്‍ട്ടിന്റെ പണിപ്പുരയില്‍ ആയിരുന്നു ഞാന്‍. പുറത്തു നാല്പ്പ്ത്തിയഞ്ച് ഡിഗ്രി ചൂട്. മണലിനെ ഉരുക്കുന്നത്ര വെയില്‍. സൈറ്റ് ഓഫീസിന്റെ ഇടയ്ക്കിടെ തുറക്കുന്ന വാതിലിനിടയിലൂടെ അകത്തേക്ക് ഇരമ്പിക്കയറാന്‍ വെമ്പുന്ന ചൂട് വായു. അതിനെ വെല്ലുവിളിച്ചു രാവിലെ മുതല്‍ നിര്‍ത്താതെ പണിയെടുക്കുന്ന എയര്‍ കണ്ടീഷണര്‍ . മേശപ്പുറത്ത് പരന്നു കിടക്കുന്ന വിവിധ പേപ്പറുകളിലൂടെ തിടുക്കത്തില്‍ കണ്ണോടിക്കുമ്പോഴും എന്റെ തലച്ചോര്‍ എന്നെ അറിയിക്കാതെ വായ തുറന്നു ഉള്ളിലേക്ക് വായു വലിച്ചെടുക്കുന്നുണ്ടായിരുന്നു .. വിശപ്പ് ഒരു തേളിനെപ്പോലെ എന്റെ ആമാശയ ഭിത്തിയെ ഇടയ്ക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.

കതക് തുറന്നടയുന്ന പതിഞ്ഞ ശബ്ദം. പെട്ടെന്ന് വിയര്‍പ്പിന്റെ ഗന്ധം മുറിയിലാകെ പരന്നു. മെല്ലെ കംപ്യുട്ടര്‍ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ പറിച്ചു ആഗതന്‍ ആരെന്നു നോക്കി. നീല കവറോള്‍ (തൊഴിലാളികള്‍ ധരിക്കാറുള്ള ഒറ്റപ്പീസ് കുപ്പായം) ധരിച്ച മധ്യവയസ്ക്കനായ ഒരു തൊഴിലാളി ഭവ്യതയോടെ കതക് ഒച്ച കേള്‍പ്പിക്കാതെ ചാരിയിട്ട് ചിരിച്ചു കൊണ്ട് നില്ക്കുന്നു. അയാളുടെ നീല കവറോള്‍ വിയര്‍പ്പു പറ്റി കടും നീല ആയിരിക്കുന്നു. വിയര്‍പ്പുണങ്ങിയ ഭാഗത്ത് ഉപ്പിന്റെ വെള്ളപ്പാട്. നെറ്റിത്തടത്തില്‍ നിന്നും അടര്‍ന്നു വീഴാന്‍ വെമ്പിയ മുത്തുമണികള്‍ കവറോളിന്റെ കൈയ്യാല്‍ അയാള്‍ ഒപ്പി.  മുറിയിലെ ശീതളിമ അയാള്‍ക്കല്‍പ്പം ആശ്വാസം ഏകുന്നുണ്ടാവണം.


തിരികെ പുഞ്ചിരി അയാള്‍ക്ക് സമ്മാനിക്കുമ്പോള്‍ ആ മുഖം കൂടുതല്‍ വിടരുന്നത് കണ്ടു. അയാള്‍ സലാം പറഞ്ഞു , പതിയെ തല ചൊറിഞ്ഞു.


“ഭക്ഷണം കഴിച്ചുവോ? " ഞാന്‍ തിരക്കി. ഭവ്യതയോടെ അയാള്‍ തലയാട്ടി, ഉവ്വ് എന്നു പറഞ്ഞു.


എന്താ വന്നത് എന്ന ചോദ്യ ഭാവത്തോടെ ഞാന്‍ അയാളെ നോക്കി. സാധാരണ എന്നെ കാണാന്‍ തൊഴിലാളികള്‍ വരാറില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല.


എന്റെ കണ്ണുകളിലെ അതിശയം നിറഞ്ഞ ചോദ്യം അറിഞ്ഞിട്ടാവണം അയാള്‍ പതിയെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു “സര്‍ , എനിക്കൊരു മകനുണ്ട്. പഠിക്കാന്‍ മിടുക്കന്‍. പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്നു. ഇത്തവണ ക്ലാസ്സിലെ ഉയര്‍ന്ന മാര്‍ക്ക് അവനാണ്.” അത് പറയുമ്പോള്‍ ആ ക്ഷീണിതനായ തൊഴിലാളിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ സാകൂതം വീക്ഷിച്ചു. അയാളുടെ മനസ്സില്‍ അലയടിക്കുന്ന ആനന്ദത്തിന്റെ ആയിരം തിരമാലകള്‍ അയാളുടെ കറുത്തു തടിച്ച ചുണ്ടില്‍ ചിരിയായ് കാണാമായിരുന്നു.


അയാള്‍ തുടര്‍ന്നു, "ഞാന്‍ ഈ കഷ്ട്ടപ്പെടുന്നത് അവന് വേണ്ടി അല്ലേ." അത് പറയുമ്പോള്‍ ഒരു തരം സംതൃപ്തി അയാളുടെ ശരീരഭാഷയിലൂടെ പുറത്തു കാണാമായിരുന്നു.


"ഇത്തവണ നല്ല മാര്‍ക്ക് വാങ്ങുകയാണെങ്കില്‍ ഒരു സമ്മാനം തരാം എന്നു ഞാന്‍ അവന് വാഗ്ദാനം ചെയ്തിരുന്നു."


പുഞ്ചിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു ... “ ഇന്നലെ അവന്‍ ഈ സന്തോഷ വാര്‍ത്ത പറഞ്ഞ കൂട്ടത്തില്‍ അവന്‍ എന്നോടു ചോദിച്ചു അച്ഛാ എനിക്കൊരു......." വാക്കുകള്‍ മുറിഞ്ഞ അയാള്‍ പെട്ടെന്നു കൈവെള്ളയില്‍ എഴുതി വച്ചത് നോക്കി വായിച്ചു “ ഹാ... ലാപ്ടോപ് ... ഒരു ലാപ്ടോപ്‌ വാങ്ങി തരാമോ എന്നു. കമ്പൂട്ടര്‍ പോലത്തെ സാധനം ആണെന്നാ അവന്‍ പറഞ്ഞത്. ".


ജാള്യത  നിറഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. " ഈ ലാപ്ടോപ്പ് എന്നത് എന്താണെന്ന് പറഞ്ഞു തരാമോ ? അതിനു ഏത് വിലയാവും ? “.


ഇത്രയും ഒറ്റശ്വാസത്തിന് പറയുമ്പോള്‍ തിരതല്ലുന്ന പിതൃവാത്സല്യവും തനിക്ക് നേടാന്‍ കഴിയാതിരുന്നത് നേടിയെടുക്കുന്ന മകനെ ഓര്‍ത്തുള്ള അഭിമാനവും അയാളില്‍ നിറഞ്ഞു നിന്നിരുന്നു...


ലാപ്ടോപ്പിനെ പറ്റി ഞാന്‍ പറഞ്ഞു മനസ്സിലാക്കിയ കാര്യങ്ങള്‍ തലയാട്ടി കേട്ടു. വിലയറിഞ്ഞപ്പോള്‍ ഒന്നു മങ്ങിയോ ആ മുഖം.


എങ്കിലും അത് ഒരു നിറഞ്ഞ പുഞ്ചിരിയില്‍ ഒതുക്കി നന്ദി പറഞ്ഞു ആ സാധു മനുഷ്യന്‍ പുറത്തേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് അന്ന് അയക്കേണ്ട റിപ്പോര്‍ട്ട് ആയിരുന്നില്ല... വയറ്റില്‍ അലറുന്ന വിശപ്പായിരുന്നില്ല... മറിച്ച്, ആ നിരക്ഷരനായ മനുഷ്യന്‍ തന്റെ കുടുംബത്തിനായ് സമര്‍പ്പിച്ച ആ ജീവിതമായിരുന്നു.. മകനോടുള്ള വാത്സല്യം കരകവിഞ്ഞൊഴുകുന്ന മനസ്സായിരുന്നു... തന്റെ മകനെ കുറിച്ചു പറയുമ്പോള്‍ തിളങ്ങുന്ന കണ്ണുകള്‍ ആയിരുന്നു... തന്റെ പരിമിതമായ വരുമാനത്തില്‍ നിന്നും അവന് വേണ്ടി പലതും നേടിക്കൊടുക്കാനുള്ള ആ മനസ്സിന്റെ വെമ്പല്‍ ആയിരുന്നു.... അഭിമാനത്താല്‍ വിരിയുന്ന നെഞ്ചായിരുന്നു ... അത് വഴി ആ മനസ്സിലൂറും പ്രത്യാശയുടെ കുളിരരുവി ആയിരുന്നു...


ആ കൊടും ചൂടിലും തളരാതെ ജോലിചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ആ കുളിരരുവി ആവണം... 


 

No comments:

Post a Comment