നേരം വെളുത്തു
വരുന്നതേ ഉള്ളൂ... തൊടിയിലെ ചക്കരപ്പ്ലാവിന്‍റെ കോമ്പിലിരുന്നാണെന്നു തോന്നുന്നു വണ്ണാത്തിപ്പുളിന്‍റെ
പാട്ട്.. കണ്ണ് തുറക്കാന്‍ തോന്നുന്നില്ല....മകരമാസം അല്ലേ.. നല്ല തണുപ്പുള്ളതുകൊണ്ട്
അങ്ങിനെ കിടക്കാന്‍ നല്ല സുഖം. പൊടുന്നനെ വാതിലിന്റെ
ഞരക്കം കേട്ടു.... വസുന്ധരയാവും .. നേരം വെളുക്കണേനു മുന്നേ എഴുന്നേറ്റു മുറ്റമടിച്ചു
കുളിയും കഴിഞ്ഞ് എനിക്കുള്ള ചൂട് കട്ടന്‍ കാപ്പിയുമായി വന്നതാവും അവള്‍.. അതിനൊരു മുടക്കവും
ഇല്ല...ടൈംപീസ് ഒച്ചവയ്ക്കണേന് മുന്നേ ദിനവും അവള്‍ എഴുന്നേറ്റിരിക്കും... അതെനിക്കൊരു
അതിശയം തന്നെ...
മുറിയിലേക്ക് കയറി വന്നിട്ട് ഇത്തിരി നേരം ആയല്ലോ.. കണ്ണ് തുറന്നു
നോക്കാതെ അവളുടെ “അതേയ്” എന്നുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള പതിഞ്ഞ ആ വിളിയ്ക്കായ് ഞാന്‍ കാതു
കൂര്‍പ്പിച്ചു കിടന്നു.... കാതിനെ അലോസരപ്പെടുത്തി ടൈംപീസിന്റെ ബീപ് ബീപ് ശബ്ദം മുഴങ്ങുന്നു...
കണ്ണ് തുറക്കാതെ കയ്യെത്തി അത് ഓഫ് ചെയ്യാന്‍ ശ്രമം നടത്തി.. അത് അവിടെ ഇല്ല.. കിടയ്ക്കയ്ക്ക്
അരികിലെ ചെറിയ മേശപ്പുറത്ത് നിന്നും ആ ടൈംപ്പീസ് മാറ്റിയോ അവള്‍... ആഹ്.. അത് അങ്ങിനെ
ഒച്ച വയ്ക്കട്ടേ ... മടി എന്നെ വരിഞ്ഞു കെട്ടി...
ഇടത്തെകയ്യില്‍
ഏറുമ്പു കടിക്കുന്ന പോലൊരു വേദന.... പൊടുന്നനെ ഞാന്‍ കണ്ണ് തുറന്നു.... വെള്ള കര്‍ട്ടന്‍
ഇട്ട് മറച്ച ഒരു കിടക്കയില്‍ ആണു ഞാന്‍... അരികില്‍ നിന്ന് തൂവെള്ള വസ്ത്രം ധരിച്ച ഒരു
മാലാഖ പുഞ്ചിരി തൂകി.. “വേദനിച്ചോ” എന്ന ചോദ്യം
ആ പുഞ്ചിരിക്ക് അകമ്പടിയായി എത്തി... “ഇല്ല” എന്ന് പറയാന്‍ ഞാന്‍ വായ തുറന്നു എങ്കിലും
ഒച്ച പുറത്തേക്ക് വന്നില്ല... മുഖപ്പട്ട പോലെ പിടിപ്പിച്ച ഓക്സിജന്‍ മാസ്ക് എന്നെ അത്
പറയാന്‍ അനുവദിച്ചില്ല.. എന്റെ ദേഹത്ത് പിടിപ്പിച്ച
വയറുകളില്‍ നിന്നും ജീവന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കിടയ്ക്കയ്ക്ക് അരികില്‍
ഉള്ള യന്ത്രം ബീപ് ബീപ് ശബ്ദം പുറപ്പെടുവിക്കുന്നു.. അതേ.. ഞാന്‍
ആശുപത്രിക്കിടക്കയില്‍ ആണ്.... മുന്നേ അനുഭവപ്പെട്ട മകരമാസ മഞ്ഞിന്റെ തണുപ്പ് ഈ തീവ്രപരിചരണ
വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണറുടേതു ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.... അപ്പോള്‍ വസുന്ധര.......
നാല്‍പ്പത്തിരണ്ട്
വര്‍ഷത്തിനിപ്പുറവും വസുന്ധര എന്റെ സ്വപ്നങ്ങളില്‍ എത്തുന്നു.. “അതേയ്” എന്ന പതിഞ്ഞ വിളിയുമായി.. അവളോടുള്ള
അടങ്ങാത്ത പ്രണയത്തിന്റെ തെളിവാണോ പീളകെട്ടിയ നരച്ച ഈ കണ്‍പീലികള്‍ക്കിടയിലൂടെ ഇന്നും
ഒഴുകി ഇറങ്ങുന്ന നനവ്.... ഇനി എത്രനാള്‍ ഈ സ്വപ്നങ്ങള്‍.... അറിയില്ല... മയങ്ങണം എനിക്ക്...
ഉണരാത്ത നിദ്രയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിടണം... അവിടെ എന്നെക്കാത്ത് വസുന്ധര നില്‍പ്പുണ്ടാവും...
നീണ്ട നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ അവളുടെ കാത്തിരിപ്പിനറുതിയാവാന്‍..
"കാലത്തിനും മരണത്തിനും അപ്പുറത്തേക്ക് നീളുന്ന പ്രണയം " സങ്കല്‍പ്പത്തിന് ഒരു പുതിയ ഭാഷ്യം.
ReplyDeleteനിസ്വാര്‍ത്ഥ പ്രണയത്തിന്റെ അലയൊടുങ്ങാത്ത കടലായി വസുന്ധരയുടെ സ്വന്തം.......
ReplyDeleteലളിതം, സുന്ദരം, ആസ്വാദ്യകരം...! നന്നായിട്ടുണ്ട്.
മടി വരിഞ്ഞുകെട്ടി പുതപ്പിനുള്ളില്‍ ചുരുട്ടി വയ്ക്കാറുള്ള ആ തണുത്ത പ്രഭാതങ്ങളില്‍ ഞാനും വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്... സ്നേഹം ചേര്‍ത്തുവച്ച ഒരു കുഞ്ഞു നുള്ള്.......! ;)
അഭിപ്രായങ്ങള്‍ക്ക് നന്ദി ലക്ഷ്മീ, രഞ്ജു
ReplyDeleteSal Really Nice.I appreciate your talent both in photography and writing. Good luck
ReplyDeletePrakash Zachariah