Web Toolbar by Wibiya

Pages

28 September 2012

ഫിഷ് ഫ്രൈ | Fish Fry




നട്ടുച്ച.  ഹോട്ടല്‍ മുറിയുടെ പടിഞ്ഞാറേ കോണില്‍ ഉള്ള ആളൊഴിഞ്ഞ മേശയില്‍ അയാള്‍ വന്നിരുന്നു.  അയാള്‍ക്ക്‌ ചുറ്റും ഉള്ള മേശകളില്‍ ആളുകള്‍ വെള്ളിയാഴ്ച സ്പെഷ്യല്‍ ബിരിയാണി അകത്താക്കുന്ന തിരക്കില്‍ ആയിരുന്നു.  അരികുകളില്‍ നീല വരയുള്ള കൈലെസാല്‍ നെറ്റിത്തടത്തെ വിയര്‍പ്പുമുത്തുകള്‍ ഒപ്പിക്കൊണ്ട് അയാള്‍ വെയിറ്ററോടായി പറഞ്ഞു "ചോറും മീന്‍ വറുത്തതും".  

ഒരു നീളന്‍ താലവുമായി വെയിറ്റര്‍ പ്രത്യക്ഷപ്പെട്ടു.   ആ താലത്തില്‍ നിറയെ പല തരം വറുത്ത മീനുകള്‍ ഉണ്ടായിരുന്നു.  "ഏതു വേണം?" വെയിറ്റര്‍ അയാളോട് ചോദിച്ചു.   സ്ഥിരം ആ ഹോട്ടലില്‍ അയാള്‍ ഭക്ഷണത്തിനായി വരുന്നത് കൊണ്ടാവണം പ്രത്യേക പരിഗണനയോടെ ഒരു മുഴുത്ത മീന്‍ കാട്ടി "ഇതെടുക്കട്ടെ" എന്ന് വെയിറ്റര്‍ ചോദിച്ചു.    അത് കാര്യമാക്കാതെ അയാള്‍ ഒരു മീനെ ചൂണ്ടി കാട്ടി.... വെയിറ്റര്‍ ആശ്ചര്യത്തോടെ അതിനെ നോക്കി...  കൂട്ടത്തിലെ മെലിഞ്ഞ ആ മീനിനു നീണ്ട ഭംഗിയുള്ള മുഖവും കരിങ്കൂവള മിഴികളും ഉണ്ടായിരുന്നു ....

ആവി പറക്കുന്ന ചോറിനൊപ്പം ചെറു പ്ലേറ്റില്‍ കൊണ്ട് വച്ച ആ വറുത്ത മീന്‍ നുള്ളി അയാള്‍ തന്‍റെ വായിലേക്ക് വയ്ക്കുമ്പോള്‍ അങ്ങെങ്ങോ ദൂരെ തടിച്ച കുറെ മീന്‍ ആത്മാക്കളുടെ കളിയാക്കലുകളും പൊട്ടിച്ചിരികളും കേട്ടു... അവിടെ തല കുമ്പിട്ടു ഒരു മെലിഞ്ഞ മീന്റെ ആത്മാവുണ്ടായിരുന്നു... അതിനു നീണ്ട ഭംഗിയുള്ള മുഖവും കരിങ്കൂവള മിഴിയും ഉണ്ടായിരുന്നു...
 

02 August 2012

ഓര്‍മ്മകളിലെ ഇന്ദുചൂഡന്‍


മേനോന്‍ ... മേനന്‍ .. മേന്‍മൊന്‍.... ഇങ്ങനെ ഒക്കെയായിരുന്നു ആ മനുഷ്യനെ പല ദേശഭാഷക്കാര്‍ വിളിച്ചിരുന്നത്.  ഈ പേരുകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ തെളിയുന്നത് ഒറ്റ മുഖം.... 

2006 ലെ ഒരു ഡിസംബര്‍ മാസത്തില്‍, ഓഫീസ് പാന്‍ട്രിയില്‍ ആവി പറക്കുന്ന ചായക്കപ്പില്‍നിന്നും ചുടുചായ അല്പം ധൃതിയോടെ ഊതി ഊതി കുടിച്ചുകൊണ്ട് നിന്ന ഒരു കൃശഗാത്രന്റെ രൂപമായിട്ടാണ് ഇന്ദുചൂഡന്‍ മേനോന്‍ എന്ന മേനോന്‍ എന്റെ മനസ്സില്‍ ആദ്യമായി കോറിയിടപ്പെട്ടത്. 

മേനോനെന്നും വിയര്‍പ്പിന്റെ ഗന്ധമായിരുന്നു... വേനല്‍ ചൂടില്‍ ചുട്ടുപൊള്ളിനിന്നിരുന്ന സ്റ്റോര്‍ മുറികളില്‍ പണി ചെയ്യുന്ന മനുഷ്യന് വേറെന്തു ഗന്ധം വരാന്‍.  മേനോന്‍റെ രീതികള്‍ പലതും ഞാന്‍ ഏറെ കൌതുകത്തോടെ ആണ് വീക്ഷിച്ചിരുന്നത്. ഒട്ടേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മുതല്‍ ആ കഴിവ് ഒറ്റയാളില്‍ ഒരേ സമയം പ്രയോഗിക്കുന്ന അതി വിശേഷമായ സ്വഭാവം വരെ മേനോന് സ്വന്തം.  ഉദാഹരണത്തിന്, എന്തെങ്കിലും ആവശ്യത്തിനായി തന്റെ മുന്നില്‍ എത്തുന്നവരോട് അവര്‍ക്കറിയാത്ത ഒരു ഭാഷയില്‍ സംസാരം തുടങ്ങി പല ഭാഷകളും പ്രയോഗിച്ച് അവസാനം അവര്‍ക്കറിയാവുന്ന ഒരു ഭാഷയില്‍ സംസാരം നിര്‍ത്തുന്ന രീതി എന്നില്‍ കൌതുകം ഉണര്‍ത്തിയിരുന്നു.  മലയാളി ആയ എന്നോടു പോലും തമിഴില്‍ സംസാരം തുടങ്ങി എന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് അത് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു കന്നട ഭാഷയിലേക്ക് ആ സംഭാഷണത്തെ നയിച്ചു അതും എനിക്ക് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു മനസ്സിലാക്കി ആംഗലേയ ഭാഷയിലേക്കും ഹിന്ദിയിലേക്കും പിന്നീട് മലയാളത്തിലേക്കും എത്തിച്ചു ആ സംസാരവിഷയം പൂര്‍ത്തിയാക്കുന്ന രീതി മേനോന് സ്വന്തം.  എല്ലാം കഴിയുമ്പോള്‍ ഇതെല്ലാം കേട്ടു അന്തം വീട്ടിരിക്കുന്ന എന്നെ ഒന്ന് ചിരിച്ചു കാട്ടി നടന്നു നീങ്ങുന്ന മേനോന്‍.  

മേനോന്‍ ഒരു പ്രതീകം ആയിരുന്നു. തന്റെ ജന്മം മരുനാട്ടിലെ പൊള്ളുന്ന ചൂടില്‍ ഉരുക്കി  കുടുംബത്തിന് അടിത്തറ പാകുന്ന ഓരോ ഗുള്‍ഫുകാരന്റെയും പ്രതീകം.  നര കയറിയ മുടിയില്‍ അലസമായി കറുപ്പ് ചായം തേച്ച് ഭാവിയിലേക്ക് പകപ്പോടെ നോക്കി നടന്നു നീങ്ങിയിരുന്ന ആ  മധ്യവയസ്കന്‍റെ രൂപം എപ്പോഴോക്കയോ എന്നില്‍ വീര്‍പ്പുമുട്ടല്‍ ഉളവാക്കിയിരുന്നു.  ഭാവിയിലെ തന്റെ രൂപത്തെ കാണുന്ന വീര്‍പ്പുമുട്ടല്‍.

ഒടുവില്‍ തന്റെ കോണ്‍ട്രാക്ട് പൂര്‍ത്തിയാക്കിയ ദിനം എന്റെ കൈകള്‍ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് വിട പറഞ്ഞപ്പോള്‍ മേനോന്‍റെ വിയര്‍പ്പിന് സ്നേഹത്തിന്റെ ഗന്ധമായിരുന്നു, വാക്കുകളില്‍ വേരിപിരിയലിന്റെ ശോകപൂര്‍ണ്ണമായ ഇടര്‍ച്ചയായിരുന്നു.... 

അതിന് ശേഷം പലനാളുകളിലും സന്ദര്‍ഭാനുസരണം മേനോന്‍ ഞങ്ങളുടെ ചിന്തകളിലും ചര്‍ച്ചകളിലും കടന്ന് വന്നിരുന്നു... തന്റെ സവിശേഷമായ ഭാഷാ ശൈലി നിമിത്തം.  ആ ഓര്‍മ്മകള്‍ എന്നുമൊരു പുഞ്ചിരി പടര്‍ത്താന് ഇടനല്‍കിയിരുന്നു.....

എന്നാല്‍ ഇന്ന് ആ ഓര്‍മ്മകള്‍ ഒരു നോവായ് മനസ്സിലേക്ക് അരിച്ച് കയറുന്നു...  അതേ.. മേനോന്‍ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത നാട്ടില്‍ നിന്നുമെത്തിയത് കഴിഞ്ഞ ദിവസം.  ക്യാന്‍സര്‍ എന്ന രോഗത്തിന് കീഴടങ്ങി ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉല്‍ഘണ്ടകളും ഇല്ലാത്ത ഒരു ലോകത്തേക്ക് ആ ജീവന്‍ പൊയ്മറഞ്ഞിരിക്കുന്നു .... ഊഷ്മളമായ ചില ഓര്‍മ്മകള്‍ ബാക്കിയാക്കിക്കൊണ്ട്.


~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാല്‍ക്കഷ്ണം :  മേനോന്‍റെ വിയോഗം അറിയാതെ ഇന്ന് അദ്ദേഹത്തിന്‍റെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് നിന്ന ഒരു അറബി സഹോദരന്‍ എന്നോടു ചോദിച്ചു “വേര്‍ ഈസ് മേന്‍മൊന്‍? ”.   എന്റെ ഉത്തരം കേട്ടപ്പോള്‍, ആ മുഖത്തെ ചിരി മാഞ്ഞു ദുഖം പടര്‍ന്ന് കയറുന്ന കാഴ്ച മനസ്സില്‍ നോവുണര്‍ത്തുന്നതായിരുന്നു.  യഥാര്‍ഥ മനുഷ്യ സ്നേഹത്തിന് ദേശ-വര്‍ണ-ഭാഷ വ്യത്യാസമില്ല എന്ന ഒരു വലിയ സന്ദേശം ഒരു നിമിഷം കൊണ്ട് മൌനിയായി മാറിയ ആ മനുഷ്യന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.... 


14 July 2012

'ഫാദേര്‍സ് ഡേ' എന്ന അമ്മച്ചിത്രം





 
ഞാന്‍ പലപ്പോഴും വളരെ താമസിച്ചാണ് ചലച്ചിത്രങ്ങള്‍ കാണാറ്..  തീര്‍ച്ചയായും കാണണം എന്ന് ആഗ്രഹിക്കുന്ന പല ചിത്രങ്ങളും  കാണാന്‍ പറ്റിയിട്ടുമില്ല എന്നതൊരു സത്യം.   പക്ഷേ അവിചാരിതമായി നമുക്ക് മുന്നില്‍ എത്തിപ്പെടുന്ന ചില ചിത്രങ്ങള്‍ ഉണ്ട്.  ഒരു പക്ഷേ അതിന്റെ പേര് നമ്മള്‍ കേട്ടിട്ടുണ്ടാവില്ല അല്ലെങ്കില്‍ ഒന്നോ രണ്ടോ തവണ ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ പോസ്റ്റുകളില്‍ എവിടെയോ വന്നു മാഞ്ഞു പോയ ഓര്‍മ്മ ഉണ്ടാവും....  അത്തരം ചിത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു എനിക്ക്  'ഫാദേര്‍സ് ഡേ' എന്ന ചിത്രവും, ഈ കഴിഞ്ഞ വെള്ളിയാഴ്ചയുടെ അലസതയില്‍ വെറുതെ ടെലിവിഷന്‍ ചാനലുകള്‍ റിമോട്ട് കണ്ട്രോള്‍ എന്ന ഉപകരണം കൊണ്ട് അമ്മാനമാടുമ്പോള്‍ അവിചാരിതമായി എന്റെ മുന്നില്‍ തെളിയുന്നത് വരെ.... രേവതി എന്ന കഴിവുറ്റ അഭിനേത്രിയുടെ മാനസീക സംഘര്‍ഷങ്ങള്‍ തിങ്ങി വിങ്ങി നിഴലിക്കുന്ന മുഖഭാവങ്ങള്‍ എന്നെ ആ ചിത്രത്തില്‍ ഉടക്കി നിര്‍ത്തി.  കണ്ടു തുടങ്ങിയപ്പോള്‍ ഇടയ്ക്കിടെ വന്നിരുന്ന പരസ്യങ്ങള്‍ എനിക്കൊരു അലോസരമായി തോന്നി. 

ചില അധമന്‍മാരുടെ ക്രൂരതയ്ക്ക് ബലിയാടായ ഒരു യുവതിയുടെയും അവളുടെ 
ആത്മ സംഘര്‍ഷങ്ങളുടെയും ഒറ്റപ്പെടലിന്റെയും  കഥ പറയുന്ന സിനിമ രണ്ടാം പകുതിയില്‍ ആ ക്രൂരതയുടെ ഫലമായി പിറന്ന ഒരു അനാഥ ജന്മത്തിന്റെ, അമ്മയെ തേടിയുള്ള അവന്റെ അന്വേഷണങ്ങളുടെ, കണ്ടെത്തലുകളുടെ, പ്രതികാരത്തിന്റെ കഥ കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാട്ടുന്നു.   അതിഭാവുകത്വം ഒട്ടുമില്ലാതെ തീര്‍ത്തും സാങ്കേതികതയുടെ ഊരാക്കുരുക്കുകളില്ലാതെ,  പ്രതികാരം എന്ന വാക്കില്‍ നമുക്ക് മുന്നില്‍ തെളിയാറുള്ള  രക്തവര്‍ണ്ണത്തിന്റെ  ലാന്ജന ഏതുമില്ലാത്ത ഒരു കൊച്ചു ചിത്രം. 

നമുക്ക് മുന്നില്‍ വന്നു പോകുന്ന ഓരോ നടീ നടന്‍മാരും അവരുടെ റോളുകള്‍ വളരെ ഭംഗിയാക്കിയിട്ടുണ്ടെങ്കിലും കുറച്ചു നിമിഷങ്ങള്‍ മാത്രം നമുക്ക് മുന്നില്‍ തെളിയുന്ന ജഗതി എന്ന അതുല്യ പ്രതിഭയുടെ മുഖം നമുക്ക് മറക്കാന്‍ ആവില്ല.  ഒരു ക്രിമിനല്‍ വക്കീലിന്റെ വാര്‍ദ്ധക്യവും തന്റെ യൌവ്വന കാലത്ത്  ജോലിയുടെ ഭാഗമെങ്കിലും കൂട്ട് നില്‍ക്കേണ്ടി വന്ന പാതകങ്ങളുടെ അനന്തരഫലങ്ങള്‍ തന്റെ ജീവിതത്തില്‍ വീഴ്ത്തിയ കരിനിഴലിനേയും അതിലൂടെ ഉളവായ കുറ്റബോധത്തിന്റെ  മുള്‍ക്കിരീടം പേറി നെഞ്ചു വിങ്ങികഴിയുന്ന ആ വൃദ്ധന്റെ ചിത്രം മങ്ങാതെ നമുക്ക് മുന്നില്‍ നില്‍ക്കും.  അതാണ്‌ ജഗതി എന്ന അഭിനയ ജീനിയസിന്റെ കഴിവ് ..  മൂന്നോ നാലോ മിനിറ്റ് കൊണ്ട് മാത്രം നമ്മില്‍ നിറയുന്ന അഭിനയ മാന്ത്രീകത. 


മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച
ശ്രീ. കലവൂര്‍ രവികുമാറിന്റെ സംവിധാനത്തില്‍ ഉള്ള രണ്ടാമത്തെ ചിത്രം ആണ്  'ഫാദേര്‍സ് ഡേ' എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഒരിടത്തൊരു പുഴയുണ്ട് ' എന്ന ചിത്രം കാണണം എന്ന ഒരു ചിന്ത കൂടി മനസ്സില്‍ കുടിയേറിയിരിക്കുന്നു.

എന്തെന്നറിയില്ല, മാനുഷിക മൂല്യങ്ങള്‍ അടിവരയിട്ടു പറയുന്ന എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടില്ല.. ഒരു പക്ഷേ മികച്ച പബ്ലിസിറ്റി ഉണ്ടായിട്ടു കൂടി... ശ്രീ. മോഹന്‍ രാഘവന്‍ സംവിധാനം  ചെയ്ത  'ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI - B '   യെ കുറിച്ച് മുന്‍പ് കുറിച്ചത് ഓര്‍ക്കുമല്ലോ ..   ഒരു പക്ഷേ ഇത് പോലെ ടെലിവിഷന്‍ ചാനലുകളില്‍ വന്നു മറയുമ്പോള്‍ മാത്രമാവും അവയെ നാം ശ്രദ്ധിക്കുക.. 




14 January 2012

ഒരു കുഞ്ഞു 'വലിയ' ചിത്രം

 

ഇന്നലെ 'ടി. ഡി. ദാസന്‍ Std VI B" എന്ന സിനിമ ഞാന്‍ മൂന്നാം തവണ കണ്ടു. ഒട്ടും മടുപ്പ് തോന്നാതെ. ഒരു നല്ല സിനിമയ്ക്കു വേണ്ടത് താരപ്രഭയോ വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ഫ്രേമുകളോ ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞ വളിച്ചു നാറുന്ന ഹാസ്യമോ ഒന്നുമല്ല എന്നു ഉറപ്പിച്ച് പറയുന്ന വളരെ ലാളിത്യം നിറഞ്ഞ എന്നാല്‍ ജീവിതഗന്ധിയായ ഒരു കൊച്ചു ചിത്രം. 
 കൊച്ചു ചിത്രം എന്നു ഞാന്‍ വിശേഷിപ്പിച്ചത് മേല്‍പറഞ്ഞ കോലാഹലങ്ങള്‍ ഇല്ലാത്ത, കോടികളുടെ പൊലിമ കാട്ടാത്ത ചിത്രം എന്നത് കൊണ്ട് മാത്രമാണു. എന്നാല്‍ ഉള്ളടക്കത്തിന്റെ മൂല്യം കൊണ്ട് ഈ ചിത്രം മറ്റേത് വമ്പന്‍ ചിത്രങ്ങളെക്കാളും ഉയരങ്ങളില്‍ നില്ക്കുന്നു. 
 മോഹന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ മനുഷ്യന്‍ തന്റെ മനസ്സിന്റെ മൂശയില്‍ നാളുകള്‍ ഏറെ എടുത്തു രൂപം കൊടുത്ത ഒരു നല്ല കലാസൃഷ്ടി. അദ്ദേഹത്തിന്‍റെ ആദ്യത്തേയും അവസാനത്തെയും ആയിപ്പോയി ആ നല്ല സിനിമ. ഒരു പക്ഷേ നമുക്കെന്നും അഭിമാനപൂര്‍വം ഓര്‍ത്തു വയ്ക്കാമായിരുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ ആ കലാകാരന് ആദരാഞ്ജലികള്‍ ... 
അദ്ദേഹത്തെപ്പോലെ ഉള്ളവര്‍ ആണ് യഥാര്‍ത്ഥ താരങ്ങള്‍ ...
 

07 January 2012

വസുന്ധര





നേരം വെളുത്തു വരുന്നതേ ഉള്ളൂ... തൊടിയിലെ ചക്കരപ്പ്ലാവിന്‍റെ കോമ്പിലിരുന്നാണെന്നു തോന്നുന്നു വണ്ണാത്തിപ്പുളിന്‍റെ പാട്ട്.. കണ്ണ് തുറക്കാന്‍ തോന്നുന്നില്ല....മകരമാസം അല്ലേ.. നല്ല തണുപ്പുള്ളതുകൊണ്ട് അങ്ങിനെ കിടക്കാന്‍ നല്ല സുഖം.  പൊടുന്നനെ വാതിലിന്റെ ഞരക്കം കേട്ടു.... വസുന്ധരയാവും .. നേരം വെളുക്കണേനു മുന്നേ എഴുന്നേറ്റു മുറ്റമടിച്ചു കുളിയും കഴിഞ്ഞ് എനിക്കുള്ള ചൂട് കട്ടന്‍ കാപ്പിയുമായി വന്നതാവും അവള്‍.. അതിനൊരു മുടക്കവും ഇല്ല...ടൈംപീസ് ഒച്ചവയ്ക്കണേന് മുന്നേ ദിനവും അവള്‍ എഴുന്നേറ്റിരിക്കും... അതെനിക്കൊരു അതിശയം തന്നെ... 

മുറിയിലേക്ക് കയറി വന്നിട്ട് ഇത്തിരി നേരം ആയല്ലോ.. കണ്ണ് തുറന്നു നോക്കാതെ അവളുടെ അതേയ്” എന്നുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള പതിഞ്ഞ ആ വിളിയ്ക്കായ് ഞാന്‍ കാതു കൂര്‍പ്പിച്ചു കിടന്നു.... കാതിനെ അലോസരപ്പെടുത്തി ടൈംപീസിന്റെ ബീപ് ബീപ് ശബ്ദം മുഴങ്ങുന്നു... കണ്ണ് തുറക്കാതെ കയ്യെത്തി അത് ഓഫ് ചെയ്യാന്‍ ശ്രമം നടത്തി.. അത് അവിടെ ഇല്ല.. കിടയ്ക്കയ്ക്ക് അരികിലെ ചെറിയ മേശപ്പുറത്ത് നിന്നും ആ ടൈംപ്പീസ് മാറ്റിയോ അവള്‍... ആഹ്.. അത് അങ്ങിനെ ഒച്ച വയ്ക്കട്ടേ ... മടി എന്നെ വരിഞ്ഞു കെട്ടി...

ഇടത്തെകയ്യില്‍ ഏറുമ്പു കടിക്കുന്ന പോലൊരു വേദന.... പൊടുന്നനെ ഞാന്‍ കണ്ണ് തുറന്നു.... വെള്ള കര്‍ട്ടന്‍ ഇട്ട് മറച്ച ഒരു കിടക്കയില്‍ ആണു ഞാന്‍... അരികില്‍ നിന്ന് തൂവെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പുഞ്ചിരി തൂകി.. “വേദനിച്ചോ”  എന്ന ചോദ്യം ആ പുഞ്ചിരിക്ക് അകമ്പടിയായി എത്തി... “ഇല്ല” എന്ന് പറയാന്‍ ഞാന്‍ വായ തുറന്നു എങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല... മുഖപ്പട്ട പോലെ പിടിപ്പിച്ച ഓക്സിജന്‍ മാസ്ക് എന്നെ അത് പറയാന്‍ അനുവദിച്ചില്ല..  എന്റെ ദേഹത്ത് പിടിപ്പിച്ച വയറുകളില്‍ നിന്നും ജീവന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കിടയ്ക്കയ്ക്ക് അരികില്‍ ഉള്ള യന്ത്രം ബീപ് ബീപ് ശബ്ദം പുറപ്പെടുവിക്കുന്നു..   അതേ.. ഞാന്‍ ആശുപത്രിക്കിടക്കയില്‍ ആണ്.... മുന്നേ അനുഭവപ്പെട്ട മകരമാസ മഞ്ഞിന്റെ തണുപ്പ് ഈ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണറുടേതു ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു....  അപ്പോള്‍ വസുന്ധര....... 

നാല്‍പ്പത്തിരണ്ട് വര്‍ഷത്തിനിപ്പുറവും വസുന്ധര എന്റെ സ്വപ്നങ്ങളില്‍ എത്തുന്നു.. “അതേയ് എന്ന പതിഞ്ഞ വിളിയുമായി.. അവളോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ തെളിവാണോ പീളകെട്ടിയ നരച്ച ഈ കണ്‍പീലികള്‍ക്കിടയിലൂടെ ഇന്നും ഒഴുകി ഇറങ്ങുന്ന നനവ്.... ഇനി എത്രനാള്‍ ഈ സ്വപ്നങ്ങള്‍.... അറിയില്ല... മയങ്ങണം എനിക്ക്... ഉണരാത്ത നിദ്രയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിടണം... അവിടെ എന്നെക്കാത്ത് വസുന്ധര നില്‍പ്പുണ്ടാവും... നീണ്ട നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ അവളുടെ കാത്തിരിപ്പിനറുതിയാവാന്‍..