Web Toolbar by Wibiya

Pages

17 March 2011

നാടോടി ബാലിക
അമ്മയും അനുജനുമനിയത്തിയും ..
ഈ മണ്ഡപത്തിണ്ണമേല്‍ തളര്‍ന്നു കിടക്കവേ..
കൂട്ടിനായെത്തി നിദ്ര തന്‍ ഓളവും ..
എന്കിലുമെനിക്കു മയങ്ങാന്‍ ആവില്ല ...
അഗ്നി പടരും വയറെനിക്കുറക്കമേകില്ല ...

വഴിപോക്കനേകിയ ബിസ്ക്കറ്റ് കൂടില്‍ ...
അവശേഷിച്ചോരാ രണ്ടു ബിസ്ക്കറ്റുകള്‍ ...
അനുജത്തിക്കായ് നീട്ടവേ വിടര്‍ന്നൊരാ ..
കുഞ്ഞിളം മിഴികളെന്‍ മനസ്സിനേകി ഇളമഴ ..
അനുജന് അമ്മ നല്‍കീ അമ്മിഞ്ഞപ്പാലും ..
ആ അമൃതേറ്റുവാങ്ങി മയങ്ങി അവന്‍..
എന്‍ കുഞ്ഞു വയറിനില്ല ഒരാശ്വാസം .
എകിയില്ലാശ്വാസം പച്ചവെള്ളം പോലും ...

മയങ്ങാന്‍ എനിക്കാവുന്നില്ലീ ഉച്ചനേരം ..
ഓര്‍ക്കുമ്പോള്‍ , എന്‍ അമ്മ പട്ടിണിയാണെന്നതും ..


14 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 2ബോറിവ്ലി സ്റ്റേഷന്‍, മുംബൈ  -  സമയം വൈകുന്നേരം 6:20. 

ഓഫീസ് വിട്ടു പുറത്തേക്ക് വന്ന ഉടന്‍ തന്നെ ചുവപ്പ് നിറമുള്ള  ഡബിള്‍ ഡെക്കര്‍ ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു.  അത് കൊണ്ട് തന്നെ ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ മേല്ത്ത്ട്ടിലിരുന്ന് രാജകീയമായ രീതിയില്‍ നഗരത്തിലെ കാഴ്ചകളൊക്കെ കണ്ടു  പതിവിലും നേരത്തെ എനിക്കു റയില്‍വേ സ്റ്റേഷനില്‍ എത്താനായി.  ചിലര്‍

സീസണ്‍ ടിക്കറ്റ് ഉള്ളതിനാല്‍ ടിക്കറ്റ് കൌണ്ടറിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപെട്ടു  പ്രധാന പ്രവേശന കവാടത്തിലൂടെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് കയറിയപ്പോള്‍ തന്നെ കണ്ടു എനിക്കു പോകേണ്ട ട്രയിന്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്പ്പാ ലത്തിലൂടെ നാലാം നമ്പര്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി ഓടുംബോള്‍ ആ ട്രയിനില്‍ തന്നെ കയറണം എന്ന ഒരു വാശി ഉണ്ടായിരുന്നു.

വേഗത്തില്‍ മേല്പ്പാലത്തിന്റെ പടവുകള്‍ ഇറങ്ങി ട്രയിനിന്റെ ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോഴേക്കും യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.   പടവുകളിലും ജനാലകളിലും തൂങ്ങി ആളുകള്‍ നിലയുറപ്പിച്ചിരുന്നു.  ഉള്ളിലേക്ക്  കയറിപ്പറ്റാന്‍  ഒരു ശ്രമം നടത്തി.  ഇല്ല ... ഒരു ചെറു പഴുതുപോലുമില്ലാതെ തിങ്ങി നിറഞ്ഞിരിക്കുന്നു..  ചിലര്‍ വാതിലിന് മുകളില്‍ മഴവെള്ളം ഒഴുകിപ്പോവാന്‍ വേണ്ടി ഘടിപ്പിച്ചിരിക്കുന്ന തകിടിന്‍ കഷണത്തില്‍ വിരലുകള്‍ കൊരുത്ത്  തൂങ്ങിക്കിടക്കുന്നു. എല്ലാവര്ക്കും എന്നെപ്പോലെ ഈ ട്രെയിനില്‍ തന്നെ പോകണം എന്ന വാശി ഉള്ളത് പോലെ .

അതിനിടെ ഒരു ചെറുപ്പക്കാരന്‍ രണ്ടു ബോഗികള്ക്കി്ടയിലുള്ള പടികളില്‍ ചവുട്ടി കയറി ... മറ്റുള്ളവര്‍ വിലക്കിയത് അവന്‍ മുഖവിലയ്ക്കെടുത്തില്ല .. അതോ കേട്ടില്ലയോ... അറിയില്ല..

പൊടുന്നനെ ഒരു കുലുക്കത്തോടെ ട്രയിന്‍ നീങ്ങിത്തുടങ്ങി വേഗതയാര്‍ജിച്ചു .  ആ കുലുക്കത്തില്‍ ബോഗികള്ക്ക് ഇടയിലെ പടവുകളില്‍ ചവുട്ടി നിന്ന ആ ചെറുപ്പക്കാരന്റെ കാലിടറി .  ഒന്നു പിടിച്ച് നില്ക്കാന്‍  ഒന്നും കയ്യില്‍ തടയാതെ അവന്‍ നേരെ ബോഗികള്‍ക്കിടയിലൂടെ ഉര്‍ന്നു പ്ലാറ്റ്ഫോമിലേക്ക് പതിച്ചു .  അരയ്ക്ക് താഴെ പ്ലാറ്റ്ഫോമിനും ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനും ഇടയില്‍ പേട്ട് ഞെരുങ്ങുന്നത് കണ്ടു തരിച്ചു പോയി.  ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.  ഒരു ഗ്രയിണ്ടറില്‍ എന്ന പോലെ വട്ടം ചുറ്റിയ അവനു ഒന്നു ഞരങ്ങുവാന്‍  പോലും കഴിഞ്ഞില്ല . 

ബഹളം കേട്ട് ട്രയിനിന് പിന്നിലെ ഗാര്‍ഡ് ട്രയിന്‍ നിയന്ത്രിക്കുന്ന മോട്ടോര്‍മാന്  വിവരം കൊടുത്തു ട്രയിന്‍ നിര്‍ത്തിയപ്പോഴേക്കും  അവസാന ബോഗിയും അവനെ ഞെരുക്കി കടന്നു പോയിരുന്നു.   ഓടിച്ചെന്നു ആ കൈകളില്‍ പിടിച്ച് അവനെ ഞങ്ങള്‍ ഉയര്‍ത്തി  പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോള്‍  അരയ്ക്ക് താഴെ എല്ലുകള്‍ നുറുങ്ങി  ഒരു പിഞ്ചിയ
പഴന്തുണിക്കെട്ടുപോലെ ആയിരുന്നു അവന്‍. 

പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവന്റെ ചൂണ്ടിലേക്ക്  ഇറ്റിച്ചുകൊടുത്തപ്പോള്‍ അത് ഇറക്കാനുള്ള ത്രാണിപോലും അവന്റെ നാവിനില്ലായിരുന്നു.  അപ്പോഴും അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.. നോവിന്റെ ഒരു കണികപോലും തിരിച്ചറിയാനില്ലാത്ത ഒരിത്തിരി കണ്ണീര്‍ പോലും ഇല്ലാത്ത തീര്‍ത്തും നിര്‍വികാരമായ  കണ്ണുകള്‍ ..  മനസ്സില്‍ ഇന്നും മായാതെ തിളങ്ങുന്നു ആ കണ്ണുകള്‍ .


-----------------------------------------------------------------------------------------------------മോട്ടോര്‍ മാന്‍ :  ലോക്കല്‍ ഇലക്ട്രിക് ട്രയിനുകള്‍  ഓടുന്നത് ഓരോ മൂന്നു ബോഗികള്‍ക്കും  ഇടയില്‍ ഘടിപ്പിച്ചിരിക്കുന്ന വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന   മോട്ടറുകള്‍ കൊണ്ടാണ്.  അത് കൊണ്ട് തന്നെ ആ ട്രയിനുകള്‍ നിയന്ത്രിക്കുന്നവരെ മോട്ടോര്‍മാന്‍  എന്നാണ് വിളിക്കുന്നത്.  എഞ്ചിന്‍ ഡ്രൈവര്‍  എന്നല്ല.

13 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 1


കാന്തിവ്ലി റയില്‍വേ സ്റ്റേഷന്‍ , മുംബൈ. സമയം രാത്രി 7:00 മണി.

രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വരാനുള്ള 7:10 ന്റ്റെ വിരാര്‍ സ്ലോ ലോക്കല്‍ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ തിരക്കിട്ട് ജോലി ചെയ്തിരുന്ന പ്ലാറ്റ്ഫോമിലെ ചെരുപ്പുകുത്തികള്‍ തങ്ങളുടെ പെട്ടി പൂട്ടിവച്ച് സ്ഥലം വിട്ടിരുന്നു. ഓഫീസ് വിടുന്ന സമയത്ത് ആര് ഷൂ പോളിഷ് ചെയ്യാന്‍ ? അതാവണം അവര്‍ക്ക് നേരത്തേ സ്ഥലം വിടാനുള്ള പ്രചോദനം. പ്ലാറ്റ്ഫോം ഏതാണ്ട് കാലി . തൊട്ട് മുമ്പുള്ള ഫാസ്റ്റ് ലോക്കലിന് കൂടുതല്‍ പേരും പോയിട്ടുണ്ടാവണം.


അക്ഷമയോടെ വാച്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ ക്ഷീണത്താല്‍ കണ്ണുകള്‍ കൂമ്പിയടയാന്‍ വെമ്പുന്നുണ്ടായിരുന്നു.


ഉച്ചത്തില്‍ ഉള്ള ഹോണ്‍ കേട്ടു. ഏതോ ലോക്കല്‍ ട്രയിന്‍ തന്റെ വരവറിയിക്കുകയാണ്. എനിക്കു പോകേണ്ട ട്രയിന്‍ ആണോ... അല്ല. തൊട്ടടുത്ത സ്റ്റേഷന്‍ വരെ ഉള്ള സ്ലോ ട്രയിന്‍ ആണ്. അത് ഒച്ച കേള്‍പ്പിക്കാതെ ഒരു പൂച്ചയെ പോലെ പതുങ്ങി മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് സാവധാനം വന്നുകൊണ്ടിരുന്നു.


കംപാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ അക്ഷമയോടെ തൂങ്ങി നില്ക്കുന്ന പുരുഷന്മാര്‍ .. അതിലും അക്ഷമയോടെ ലേഡീസ് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കല്‍ ഇപ്പോള്‍ പുറത്തേക്ക് ചാടും എന്ന കണക്കിനു നില്ക്കുന്ന മഹിളകള്‍ .. എല്ലാവരും തിരക്കേറിയ ഒരു ദിനത്തിനൊടുവില്‍ തങ്ങളുടെ കൂടുകളില്‍ ചേക്കേറാനുള്ള തിടുക്കത്തില്‍ ..


പ്ലാറ്റ്ഫോമിലൂടെ ആ ട്രയിന്‍ സാവധാനം കടന്നെത്തുന്നത് സാകൂതം വീക്ഷിച്ചുകൊണ്ടു തടികൊണ്ടുള്ള ചാരുബഞ്ചില്‍ ഞാനിരുന്നു.


പെട്ടെന്നൊരാള്‍ നിര്‍ത്താന്‍ വേണ്ടി വേഗം കുറച്ച ആ ട്രയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി ട്രയിനിന്റെ വേഗത്തിനൊപ്പം ഓടി. വേഗം വീട്ടില്‍ എത്താന്‍ മറ്റുള്ളവരേക്കാള്‍ അയാള്‍ക്ക് തിടുക്കം ഉള്ളത് പോലെ.


പൊടുന്നനെ കാഴ്ചക്കാരെ സ്ഥബ്ദരാക്കി അയാള്‍ പ്ലാറ്റ്ഫോമില്‍ പാകിയ ടൈലില്‍ തട്ടി പ്ലാറ്റ്ഫോമിലേക്ക് വീണു. ചരിവുള്ള പ്ലാറ്റ്ഫോമില്‍ വീണ അയാള്‍ ഉരുണ്ടു പ്ലാറ്റ്ഫോമിനിടയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരുന്ന ട്രയിനിന്റെ അടിയിലേക്ക് പോവുന്നത് കണ്ടു ഇടനെഞ്ചില്‍ ഒരു ആര്‍ത്തനാദം ഉയര്‍ന്നു... ബഞ്ചുകളില്‍ ഇരുന്നവര്‍ ഓടിച്ചെന്നു അയാള്‍ പ്ലാറ്റ്ഫോമിനടിയിലേക്ക് ഊര്‍ന്ന് പോവുന്നതിന് മുന്പെ പിടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി.


പിന്നെ ...... കരള്‍ വലിച്ചു കീറുമാറുള്ള നിലവിളി... അറക്കവാള്‍ പോല്‍ സാവധാനം തന്നെ കീറിമുറിക്കാനെത്തുന്ന ഉരുക്കുചക്രങ്ങള്‍ക്കു മുന്നില്‍ നിസ്സഹായനായ ഒരു മനുഷ്യന്റെ ഹൃദയം നുറുങ്ങുമാറുള്ള നിലവിളി... ഇടയ്ക്കു വച്ച് മുറിഞ്ഞ ആ നിലവിളി... അതിന്നും കാതുകളില്‍ മുഴങ്ങുന്നു.. ഉള്ളില്‍ ഒരു നൊംബരമുണര്‍ത്തിക്കൊണ്ട് ....


ക്ഷണികമീ ജീവിതം...

09 March 2011

ഒരു കുഞ്ഞു നൊമ്പരം

എന്‍ അനിയത്തിയെന്‍ ചുണ്ടില്‍ ചേര്‍ത്ത ...
ചുടു ചായ വേഗം മൊത്തിക്കുടിച്ചു ഞാന്‍ ..
ഇടി മിന്നല്‍ എന്നോതിയെന്നമ്മ
പതിയെ തന്‍ മെയ്യില്‍ ചേര്‍ത്തു പിടിച്ചെന്നെ
ഒരു കുഞ്ഞു കോഴിയെ തള്ളയതെന്ന പോല്‍ .

തൊടിയിലെ ചെടിയിലെ പൂക്കള്‍ ഇറുക്കല്ലേ ...

എന്‍ അനിയത്തിയോടായ് മൊഴിഞ്ഞെന്‍ അമ്മ ..
പൂക്കള്‍ പറിച്ചു കളയുവതല്ല ...
മറ്റുള്ളോര്‍ കണ്ടു മനസ്സ് കുളിര്‍ക്കട്ടെ ...

എനിക്കിവ ഒന്നുമേ ഒട്ടോന്നറിയില്ല ..

ചായ തന്‍ ചായം എന്തെന്നറിയില്ല ..
മിന്നലും മാരിയും എനിക്കപരിചിതം ..
പൂക്കളിന്‍ ഭംഗി എന്തെന്നറിയില്ല ..
പൂക്കളിന്‍ നിറം എന്തെന്നറിയില്ല ..
നിറം എന്നാല്‍ എന്തെന്ന് ഒട്ടുമേ അറിയില്ല ...

ഓടിന്മേല്‍ പതിയുന്ന ശറ പറ ശബ്ദം ..

മഴയാണ് കുട്ടാ പേടി വേണ്ട എന്നമ്മ ...
പെരുമ്പറ നാദം പോല്‍ കേട്ടുടന്‍ ..
ഇടി നാദമാണെന്നു ചൊല്ലി എന്‍ അനിയത്തി ...

മഴയെന്നതെന്താ ? എന്‍ ചോദ്യം കേട്ടപ്പോള്‍ ..

തേങ്ങല്‍ അടക്കി വിതുമ്പി എന്‍ പൊന്നമ്മ ..
എന്നിളം കുഞ്ഞി കൈകള്‍ തിടുക്കത്തില്‍ ..
ഉമ്മറപ്പടി തന്‍ പുറത്തേക്കു നീട്ടിപ്പിടിച്ചെന്‍ അനുജത്തി . .
കുളിരാര്‍ന്ന ജല ധാര കൈകളില്‍ പതിയവേ ..
ഇത് തന്നെ മഴ എന്ന് ചൊന്നു എന്‍ അനിയത്തി ..

ആ കുളിര്‍ എന്‍ നെഞ്ചില്‍ വിങ്ങലായ് പടരവേ ...

ഓര്‍ത്തു കേണു എന്‍ ദൈവമേ ...
എനിക്കെന്തേ മിഴി തന്നീല്ല ....


02 March 2011

ലാപ്ടോപ്പ് | laptop

ജൂണ്‍ മാസത്തിലെ ഒരു ഉച്ച നേരം. ഊണ് കഴിച്ചിട്ടില്ല. അടിയന്തിരമായി തയാറാക്കേണ്ട ഒരു റിപ്പോര്‍ട്ടിന്റെ പണിപ്പുരയില്‍ ആയിരുന്നു ഞാന്‍. പുറത്തു നാല്പ്പ്ത്തിയഞ്ച് ഡിഗ്രി ചൂട്. മണലിനെ ഉരുക്കുന്നത്ര വെയില്‍. സൈറ്റ് ഓഫീസിന്റെ ഇടയ്ക്കിടെ തുറക്കുന്ന വാതിലിനിടയിലൂടെ അകത്തേക്ക് ഇരമ്പിക്കയറാന്‍ വെമ്പുന്ന ചൂട് വായു. അതിനെ വെല്ലുവിളിച്ചു രാവിലെ മുതല്‍ നിര്‍ത്താതെ പണിയെടുക്കുന്ന എയര്‍ കണ്ടീഷണര്‍ . മേശപ്പുറത്ത് പരന്നു കിടക്കുന്ന വിവിധ പേപ്പറുകളിലൂടെ തിടുക്കത്തില്‍ കണ്ണോടിക്കുമ്പോഴും എന്റെ തലച്ചോര്‍ എന്നെ അറിയിക്കാതെ വായ തുറന്നു ഉള്ളിലേക്ക് വായു വലിച്ചെടുക്കുന്നുണ്ടായിരുന്നു .. വിശപ്പ് ഒരു തേളിനെപ്പോലെ എന്റെ ആമാശയ ഭിത്തിയെ ഇടയ്ക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.

കതക് തുറന്നടയുന്ന പതിഞ്ഞ ശബ്ദം. പെട്ടെന്ന് വിയര്‍പ്പിന്റെ ഗന്ധം മുറിയിലാകെ പരന്നു. മെല്ലെ കംപ്യുട്ടര്‍ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ പറിച്ചു ആഗതന്‍ ആരെന്നു നോക്കി. നീല കവറോള്‍ (തൊഴിലാളികള്‍ ധരിക്കാറുള്ള ഒറ്റപ്പീസ് കുപ്പായം) ധരിച്ച മധ്യവയസ്ക്കനായ ഒരു തൊഴിലാളി ഭവ്യതയോടെ കതക് ഒച്ച കേള്‍പ്പിക്കാതെ ചാരിയിട്ട് ചിരിച്ചു കൊണ്ട് നില്ക്കുന്നു. അയാളുടെ നീല കവറോള്‍ വിയര്‍പ്പു പറ്റി കടും നീല ആയിരിക്കുന്നു. വിയര്‍പ്പുണങ്ങിയ ഭാഗത്ത് ഉപ്പിന്റെ വെള്ളപ്പാട്. നെറ്റിത്തടത്തില്‍ നിന്നും അടര്‍ന്നു വീഴാന്‍ വെമ്പിയ മുത്തുമണികള്‍ കവറോളിന്റെ കൈയ്യാല്‍ അയാള്‍ ഒപ്പി.  മുറിയിലെ ശീതളിമ അയാള്‍ക്കല്‍പ്പം ആശ്വാസം ഏകുന്നുണ്ടാവണം.


തിരികെ പുഞ്ചിരി അയാള്‍ക്ക് സമ്മാനിക്കുമ്പോള്‍ ആ മുഖം കൂടുതല്‍ വിടരുന്നത് കണ്ടു. അയാള്‍ സലാം പറഞ്ഞു , പതിയെ തല ചൊറിഞ്ഞു.


“ഭക്ഷണം കഴിച്ചുവോ? " ഞാന്‍ തിരക്കി. ഭവ്യതയോടെ അയാള്‍ തലയാട്ടി, ഉവ്വ് എന്നു പറഞ്ഞു.


എന്താ വന്നത് എന്ന ചോദ്യ ഭാവത്തോടെ ഞാന്‍ അയാളെ നോക്കി. സാധാരണ എന്നെ കാണാന്‍ തൊഴിലാളികള്‍ വരാറില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല.


എന്റെ കണ്ണുകളിലെ അതിശയം നിറഞ്ഞ ചോദ്യം അറിഞ്ഞിട്ടാവണം അയാള്‍ പതിയെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു “സര്‍ , എനിക്കൊരു മകനുണ്ട്. പഠിക്കാന്‍ മിടുക്കന്‍. പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്നു. ഇത്തവണ ക്ലാസ്സിലെ ഉയര്‍ന്ന മാര്‍ക്ക് അവനാണ്.” അത് പറയുമ്പോള്‍ ആ ക്ഷീണിതനായ തൊഴിലാളിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ സാകൂതം വീക്ഷിച്ചു. അയാളുടെ മനസ്സില്‍ അലയടിക്കുന്ന ആനന്ദത്തിന്റെ ആയിരം തിരമാലകള്‍ അയാളുടെ കറുത്തു തടിച്ച ചുണ്ടില്‍ ചിരിയായ് കാണാമായിരുന്നു.


അയാള്‍ തുടര്‍ന്നു, "ഞാന്‍ ഈ കഷ്ട്ടപ്പെടുന്നത് അവന് വേണ്ടി അല്ലേ." അത് പറയുമ്പോള്‍ ഒരു തരം സംതൃപ്തി അയാളുടെ ശരീരഭാഷയിലൂടെ പുറത്തു കാണാമായിരുന്നു.


"ഇത്തവണ നല്ല മാര്‍ക്ക് വാങ്ങുകയാണെങ്കില്‍ ഒരു സമ്മാനം തരാം എന്നു ഞാന്‍ അവന് വാഗ്ദാനം ചെയ്തിരുന്നു."


പുഞ്ചിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു ... “ ഇന്നലെ അവന്‍ ഈ സന്തോഷ വാര്‍ത്ത പറഞ്ഞ കൂട്ടത്തില്‍ അവന്‍ എന്നോടു ചോദിച്ചു അച്ഛാ എനിക്കൊരു......." വാക്കുകള്‍ മുറിഞ്ഞ അയാള്‍ പെട്ടെന്നു കൈവെള്ളയില്‍ എഴുതി വച്ചത് നോക്കി വായിച്ചു “ ഹാ... ലാപ്ടോപ് ... ഒരു ലാപ്ടോപ്‌ വാങ്ങി തരാമോ എന്നു. കമ്പൂട്ടര്‍ പോലത്തെ സാധനം ആണെന്നാ അവന്‍ പറഞ്ഞത്. ".


ജാള്യത  നിറഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. " ഈ ലാപ്ടോപ്പ് എന്നത് എന്താണെന്ന് പറഞ്ഞു തരാമോ ? അതിനു ഏത് വിലയാവും ? “.


ഇത്രയും ഒറ്റശ്വാസത്തിന് പറയുമ്പോള്‍ തിരതല്ലുന്ന പിതൃവാത്സല്യവും തനിക്ക് നേടാന്‍ കഴിയാതിരുന്നത് നേടിയെടുക്കുന്ന മകനെ ഓര്‍ത്തുള്ള അഭിമാനവും അയാളില്‍ നിറഞ്ഞു നിന്നിരുന്നു...


ലാപ്ടോപ്പിനെ പറ്റി ഞാന്‍ പറഞ്ഞു മനസ്സിലാക്കിയ കാര്യങ്ങള്‍ തലയാട്ടി കേട്ടു. വിലയറിഞ്ഞപ്പോള്‍ ഒന്നു മങ്ങിയോ ആ മുഖം.


എങ്കിലും അത് ഒരു നിറഞ്ഞ പുഞ്ചിരിയില്‍ ഒതുക്കി നന്ദി പറഞ്ഞു ആ സാധു മനുഷ്യന്‍ പുറത്തേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് അന്ന് അയക്കേണ്ട റിപ്പോര്‍ട്ട് ആയിരുന്നില്ല... വയറ്റില്‍ അലറുന്ന വിശപ്പായിരുന്നില്ല... മറിച്ച്, ആ നിരക്ഷരനായ മനുഷ്യന്‍ തന്റെ കുടുംബത്തിനായ് സമര്‍പ്പിച്ച ആ ജീവിതമായിരുന്നു.. മകനോടുള്ള വാത്സല്യം കരകവിഞ്ഞൊഴുകുന്ന മനസ്സായിരുന്നു... തന്റെ മകനെ കുറിച്ചു പറയുമ്പോള്‍ തിളങ്ങുന്ന കണ്ണുകള്‍ ആയിരുന്നു... തന്റെ പരിമിതമായ വരുമാനത്തില്‍ നിന്നും അവന് വേണ്ടി പലതും നേടിക്കൊടുക്കാനുള്ള ആ മനസ്സിന്റെ വെമ്പല്‍ ആയിരുന്നു.... അഭിമാനത്താല്‍ വിരിയുന്ന നെഞ്ചായിരുന്നു ... അത് വഴി ആ മനസ്സിലൂറും പ്രത്യാശയുടെ കുളിരരുവി ആയിരുന്നു...


ആ കൊടും ചൂടിലും തളരാതെ ജോലിചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ആ കുളിരരുവി ആവണം...