Web Toolbar by Wibiya

Pages

14 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 2



ബോറിവ്ലി സ്റ്റേഷന്‍, മുംബൈ  -  സമയം വൈകുന്നേരം 6:20. 

ഓഫീസ് വിട്ടു പുറത്തേക്ക് വന്ന ഉടന്‍ തന്നെ ചുവപ്പ് നിറമുള്ള  ഡബിള്‍ ഡെക്കര്‍ ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു.  അത് കൊണ്ട് തന്നെ ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ മേല്ത്ത്ട്ടിലിരുന്ന് രാജകീയമായ രീതിയില്‍ നഗരത്തിലെ കാഴ്ചകളൊക്കെ കണ്ടു  പതിവിലും നേരത്തെ എനിക്കു റയില്‍വേ സ്റ്റേഷനില്‍ എത്താനായി.  ചിലര്‍

സീസണ്‍ ടിക്കറ്റ് ഉള്ളതിനാല്‍ ടിക്കറ്റ് കൌണ്ടറിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപെട്ടു  പ്രധാന പ്രവേശന കവാടത്തിലൂടെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് കയറിയപ്പോള്‍ തന്നെ കണ്ടു എനിക്കു പോകേണ്ട ട്രയിന്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്പ്പാ ലത്തിലൂടെ നാലാം നമ്പര്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി ഓടുംബോള്‍ ആ ട്രയിനില്‍ തന്നെ കയറണം എന്ന ഒരു വാശി ഉണ്ടായിരുന്നു.

വേഗത്തില്‍ മേല്പ്പാലത്തിന്റെ പടവുകള്‍ ഇറങ്ങി ട്രയിനിന്റെ ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോഴേക്കും യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.   പടവുകളിലും ജനാലകളിലും തൂങ്ങി ആളുകള്‍ നിലയുറപ്പിച്ചിരുന്നു.  ഉള്ളിലേക്ക്  കയറിപ്പറ്റാന്‍  ഒരു ശ്രമം നടത്തി.  ഇല്ല ... ഒരു ചെറു പഴുതുപോലുമില്ലാതെ തിങ്ങി നിറഞ്ഞിരിക്കുന്നു..  ചിലര്‍ വാതിലിന് മുകളില്‍ മഴവെള്ളം ഒഴുകിപ്പോവാന്‍ വേണ്ടി ഘടിപ്പിച്ചിരിക്കുന്ന തകിടിന്‍ കഷണത്തില്‍ വിരലുകള്‍ കൊരുത്ത്  തൂങ്ങിക്കിടക്കുന്നു. എല്ലാവര്ക്കും എന്നെപ്പോലെ ഈ ട്രെയിനില്‍ തന്നെ പോകണം എന്ന വാശി ഉള്ളത് പോലെ .

അതിനിടെ ഒരു ചെറുപ്പക്കാരന്‍ രണ്ടു ബോഗികള്ക്കി്ടയിലുള്ള പടികളില്‍ ചവുട്ടി കയറി ... മറ്റുള്ളവര്‍ വിലക്കിയത് അവന്‍ മുഖവിലയ്ക്കെടുത്തില്ല .. അതോ കേട്ടില്ലയോ... അറിയില്ല..

പൊടുന്നനെ ഒരു കുലുക്കത്തോടെ ട്രയിന്‍ നീങ്ങിത്തുടങ്ങി വേഗതയാര്‍ജിച്ചു .  ആ കുലുക്കത്തില്‍ ബോഗികള്ക്ക് ഇടയിലെ പടവുകളില്‍ ചവുട്ടി നിന്ന ആ ചെറുപ്പക്കാരന്റെ കാലിടറി .  ഒന്നു പിടിച്ച് നില്ക്കാന്‍  ഒന്നും കയ്യില്‍ തടയാതെ അവന്‍ നേരെ ബോഗികള്‍ക്കിടയിലൂടെ ഉര്‍ന്നു പ്ലാറ്റ്ഫോമിലേക്ക് പതിച്ചു .  അരയ്ക്ക് താഴെ പ്ലാറ്റ്ഫോമിനും ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനും ഇടയില്‍ പേട്ട് ഞെരുങ്ങുന്നത് കണ്ടു തരിച്ചു പോയി.  ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.  ഒരു ഗ്രയിണ്ടറില്‍ എന്ന പോലെ വട്ടം ചുറ്റിയ അവനു ഒന്നു ഞരങ്ങുവാന്‍  പോലും കഴിഞ്ഞില്ല . 

ബഹളം കേട്ട് ട്രയിനിന് പിന്നിലെ ഗാര്‍ഡ് ട്രയിന്‍ നിയന്ത്രിക്കുന്ന മോട്ടോര്‍മാന്  വിവരം കൊടുത്തു ട്രയിന്‍ നിര്‍ത്തിയപ്പോഴേക്കും  അവസാന ബോഗിയും അവനെ ഞെരുക്കി കടന്നു പോയിരുന്നു.   ഓടിച്ചെന്നു ആ കൈകളില്‍ പിടിച്ച് അവനെ ഞങ്ങള്‍ ഉയര്‍ത്തി  പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോള്‍  അരയ്ക്ക് താഴെ എല്ലുകള്‍ നുറുങ്ങി  ഒരു പിഞ്ചിയ
പഴന്തുണിക്കെട്ടുപോലെ ആയിരുന്നു അവന്‍. 

പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവന്റെ ചൂണ്ടിലേക്ക്  ഇറ്റിച്ചുകൊടുത്തപ്പോള്‍ അത് ഇറക്കാനുള്ള ത്രാണിപോലും അവന്റെ നാവിനില്ലായിരുന്നു.  അപ്പോഴും അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.. നോവിന്റെ ഒരു കണികപോലും തിരിച്ചറിയാനില്ലാത്ത ഒരിത്തിരി കണ്ണീര്‍ പോലും ഇല്ലാത്ത തീര്‍ത്തും നിര്‍വികാരമായ  കണ്ണുകള്‍ ..  മനസ്സില്‍ ഇന്നും മായാതെ തിളങ്ങുന്നു ആ കണ്ണുകള്‍ .


-----------------------------------------------------------------------------------------------------



മോട്ടോര്‍ മാന്‍ :  ലോക്കല്‍ ഇലക്ട്രിക് ട്രയിനുകള്‍  ഓടുന്നത് ഓരോ മൂന്നു ബോഗികള്‍ക്കും  ഇടയില്‍ ഘടിപ്പിച്ചിരിക്കുന്ന വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന   മോട്ടറുകള്‍ കൊണ്ടാണ്.  അത് കൊണ്ട് തന്നെ ആ ട്രയിനുകള്‍ നിയന്ത്രിക്കുന്നവരെ മോട്ടോര്‍മാന്‍  എന്നാണ് വിളിക്കുന്നത്.  എഞ്ചിന്‍ ഡ്രൈവര്‍  എന്നല്ല.

No comments:

Post a Comment