Web Toolbar by Wibiya

Pages

10 June 2010

rain ::::: എന്റെ മഴക്കുട്ടി....മഴ..... അവള്‍ എന്നും എനിക്ക് പ്രിയപ്പട്ടവള്‍... എന്റെ ശൈശവത്തില്‍ തുടങ്ങിയ പരിചയം..... ഒരു ചെറുതുണിക്കുള്ളില്‍ പൊതിയപ്പെട്ട എന്നെ അമ്മ മാറോട് ചേര്‍ത്ത് പിടിച്ചു മുറ്റത്ത് ഉലാത്തുമ്പോളാണു അവള്‍ എന്നെ ആദ്യമായ് സ്പര്‍ശിച്ചത്.. ഒരു കൌതുകത്തോടെ.... അവളുടെ സ്പര്‍ശം അറിഞ്ഞു ഞാന്‍ കണ്‍മിഴിച്ചു നോക്കിയിരുന്നത്രേ....

പിന്നെ എന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ ഒരു കളിക്കൂട്ടുകാരിയായി അവള്‍.... അവളുടെ വരവ് എന്നും എനിക്കുല്‍സവം ആയിരുന്നു.... അവളോടൊപ്പം മുറ്റത്ത് ഓടികളിക്കാന്‍ എന്തു  രസമായിരുന്നെന്നോ... അവളുടെ ഓരോ തിരിച്ചു പോക്കും നൊമ്പരമുണര്‍ത്തിയിരുന്നു... പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ അവള്‍ ഒപ്പം വന്നിരുന്നു കുസൃതിയോടെ എന്റെ യൂണിഫോം നനച്ചുകൊണ്ട് ... ക്ലാസ്സുമുറിയ്ക്കുള്ളില്‍ ഞാനിരിക്കവേ അക്ഷമയായി അവള്‍ പുറത്ത് ഉണ്ടാകുമായിരുന്നു.... ക്ലാസ്സുമുറിയുടെ മേല്‍ക്കൂരയില്‍ പാകിയ ഓടിന്‍ വിടവിലൂടെ എന്‍ മേലെ പതിച്ച് അവള്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  അപ്പോള്‍ സ്കൂള്‍മുറ്റത്തേക്ക് ഇറങ്ങാന്‍ എന്റെ മനം വെമ്പിയിരുന്നു... ടീച്ചറുടെ ശകാരം ഭയന്ന് മാത്രം ഞാന്‍ അതിന് തുനിഞ്ഞിരുന്നില്ല... ക്ലാസ്സ് കഴിഞ്ഞു സ്കൂള്‍വരാന്തയില്‍ നില്‍ക്കവേ കാറ്റിന്‍ ഊഞ്ഞാലിലേറി അവള്‍ കയ്യെത്തി എന്നെ തൊടാന്‍ ശ്രമിച്ചിരുന്നു... അപ്പോള്‍ മുഖത്ത് ഗൌരവം നടിച്ച് ഉള്ളില്‍ ആ സാമീപ്യം ആസ്വാദിച്ച് ഞാന്‍ അനങ്ങാതെ നില്‍ക്കുമായിരുന്നു... അങ്ങിനെ എത്ര എത്ര നാള്‍....


വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു.... ബാല്യം യൌവ്വനത്തിന് വഴിമാറി... സഹയാത്രികയായി അവള്‍ എപ്പോഴും ഉണ്ടായിരുന്നു.   കാല്‍ച്ചിലങ്ക കെട്ടിയാടുന്ന നര്‍ത്തകിയെ പോലെ ആയിരുന്നു അവള്‍...അവള്‍ എപ്പോഴും ഉല്ലാസവതി ആയാണ് എനിക്ക് തോന്നിയത്... അവളുടെ ഉള്ളിലെ നോമ്പരം അറിയുന്നത് വരെ..... ഇടവ തുലാ മാസ രാത്രികളില്‍ അവളുടെ സംഗീതത്തിന് കാതോര്‍ത്തു കിടക്കവേ അവളുടെ വിതുമ്പല്‍ ഞാന്‍ കെട്ടിടുണ്ട്... ഒരിക്കല്‍ ഞാന്‍ അവളോടു ചോദിച്ചു... എന്തേ ഈ ഗദ്ഗദം... അവളുടെ ആഹ്ലാദത്തിമിര്‍പ്പില്‍ പുഴകളും തൊടുകളും കരകവിഞ്ഞൊഴുകവെ, ആ കുത്തൊഴുക്കില്‍ പെട്ട് പൊലിഞ്ഞു പോകുന്ന ജീവനുകളെ ഓര്‍ത്ത്.... അനാഥമായി പോവുന്ന കുടുംബങ്ങളെ ഓര്‍ത്ത്, ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു ജയിലില്‍ എന്ന വണ്ണം മറ്റുള്ളവരുടെ സഹായത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുന്ന അഗതികളെ  ഓര്‍ത്ത് അവള്‍ വിങ്ങിപ്പൊട്ടി... എങ്കിലും ആ നൊമ്പരത്തിന്നിടയിലും, തന്റെ വരവില്‍ ആഹ്ലാദം കൊണ്ട് ആടിത്തിമിര്‍ക്കുന്ന കുഞ്ഞുകിടാങ്ങളെ ഓര്‍ത്ത്.... തന്റെ വരവുകൊണ്ട് ഉള്ളുതണുപ്പിച്ചു പച്ച പുതയ്ക്കുന്ന ഭൂമിയെ ഓര്‍ത്ത് അവളുടെ ചുണ്ടില്‍ നറുചിരി വിടരുന്നത് ഞാന്‍ കണ്ടു..... ..

പിന്നീടെപ്പോഴോ ജീവിതം എന്ന ഭാണ്ഡവും പേറി ഞാന്‍ മരുവിന്‍ നാട്ടിലേക്ക് വിമാനമേറാന്‍ പോകവെ വഴിനീളെ അവള്‍ ഒപ്പം ഉണ്ടായിരുന്നു... എയര്‍പോര്‍ട്ടിന്‍റെ മുമ്പില്‍ കാറില്‍ ചെന്നിറങ്ങവേ സ്നേഹമുള്ള ഒരു നനവായ്  അവളെന്നെ സ്പര്‍ശിച്ചു....അവളുടെ കണ്ണീര്‍ ആയിരുന്നുവോ അത്... ഒരു യാത്രാമൊഴി പോലെ......

മരുഭൂമിയില്‍ കെട്ടിപ്പൊക്കിയ പട്ടണങ്ങളില്‍ ഒന്നും അവളെ ഞാന്‍ കണ്ടില്ല... അവളുടെ ഒരു നിഴല്‍ മാത്രമേ കാണുവാനായുള്ളൂ.... അവളെ ഓര്‍ത്തുള്ള ദിനങ്ങള്‍.... അവളുടെ സാമീപ്യത്തിന്റെ..  ആ കണ്ണീരിന്‍ നാനവിന്‍റെ ഓര്‍മ്മകള്‍...  വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു അതിഥിയെ പോലെ നാട്ടിലേക്ക്  പോകവേ  അവളെ ഞാന്‍ തേടുമായിരുന്നു.... അപ്പോളൊക്കെ അവള്‍ എന്നെക്കാണാന്‍ കാലം തെറ്റി വരുമായിരുന്നു... ഓടി വന്നെന്നെ പുല്‍കുമായിരുന്നു...   അപ്പോഴും ആ പഴയ അഭിനിവേശം ആയിരുന്നു അവളോടെനിക്ക്....

ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍...