ഇന്നലെ
'ടി. ഡി. ദാസന്‍ Std VI B" എന്ന സിനിമ ഞാന്‍ മൂന്നാം തവണ കണ്ടു. ഒട്ടും
മടുപ്പ് തോന്നാതെ. ഒരു നല്ല സിനിമയ്ക്കു വേണ്ടത് താരപ്രഭയോ വര്‍ണ്ണങ്ങള്‍
വാരി വിതറുന്ന ഫ്രേമുകളോ ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞ വളിച്ചു നാറുന്ന ഹാസ്യമോ
ഒന്നുമല്ല എന്നു ഉറപ്പിച്ച് പറയുന്ന വളരെ ലാളിത്യം നിറഞ്ഞ എന്നാല്‍
ജീവിതഗന്ധിയായ ഒരു കൊച്ചു ചിത്രം.
കൊച്ചു ചിത്രം എന്നു ഞാന്‍
വിശേഷിപ്പിച്ചത് മേല്‍പറഞ്ഞ കോലാഹലങ്ങള്‍ ഇല്ലാത്ത, കോടികളുടെ
പൊലിമ കാട്ടാത്ത ചിത്രം എന്നത് കൊണ്ട് മാത്രമാണു. എന്നാല്‍
ഉള്ളടക്കത്തിന്റെ മൂല്യം കൊണ്ട് ഈ ചിത്രം മറ്റേത് വമ്പന്‍
ചിത്രങ്ങളെക്കാളും ഉയരങ്ങളില്‍ നില്ക്കുന്നു.
മോഹന്‍ രാഘവന്‍ എന്ന
പ്രതിഭാധനനായ മനുഷ്യന്‍ തന്റെ മനസ്സിന്റെ മൂശയില്‍ നാളുകള്‍ ഏറെ എടുത്തു
രൂപം കൊടുത്ത ഒരു നല്ല കലാസൃഷ്ടി. അദ്ദേഹത്തിന്‍റെ ആദ്യത്തേയും
അവസാനത്തെയും ആയിപ്പോയി ആ നല്ല സിനിമ. ഒരു പക്ഷേ നമുക്കെന്നും
അഭിമാനപൂര്‍വം ഓര്‍ത്തു വയ്ക്കാമായിരുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍
ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ ആ കലാകാരന് ആദരാഞ്ജലികള്‍ ...
അദ്ദേഹത്തെപ്പോലെ ഉള്ളവര്‍ ആണ് യഥാര്‍ത്ഥ താരങ്ങള്‍ ...
No comments:
Post a Comment