Web Toolbar by Wibiya

Pages

27 August 2010

പുഴുപുരാണം


ജ്യേഷ്ഠന്‍ വാങ്ങിക്കൊണ്ട് വന്ന കാബേജിന്റെ ചുറ്റിലും കുട്ടിപ്പട്ടാളം കൂടി നില്ക്കുന്ന കണ്ടപ്പോള്‍ എനിക്കും കൌതുകം ആയി... എന്താണിത്ര കാര്യമായി നോക്കിക്കാണാന്‍ ഒരു കാബേജില്‍ ഉള്ളത്... സൂത്രത്തില്‍ ഞാനും പോയി ഒന്നെത്തിനോക്കി... പെട്ടന്നു അസാധാരണമായി ഒന്നും എന്റെ ശ്രദ്ധയില്‍ പ്പെട്ടില്ല. കൂട്ടത്തില്‍ മുതിര്ന്നയാളോട് കാര്യം ചോദിച്ചു... ഉത്തരം തന്നത് കൂട്ടത്തിലെ ചെറുതായിരുന്നു... "ദേ നോക്കിയെ പുയു".. 

പുയുവോ അതെന്തു സാധനം എന്നു കരുതി ഞാന്‍ സൂക്ഷിച്ചു നോക്കി... കാബേജിന്റെ പുറത്തെ ഇലയ്ക്കിടയില്‍ നിന്നും പച്ച നിറത്തില്‍ ഉള്ള ഒരു കുഞ്ഞന്‍ പുഴു എത്തിനോക്കി ഹാജര്‍ പറഞ്ഞു.... അതിനെ കണ്ടപ്പോള്‍ എന്റെ ഉള്ളിലെ കുട്ടിത്തം ഉണര്ന്നു ... ഒരു ചെറു ചിരിയായി അത് പുറത്തു വന്നു.. കുട്ടികളെയും കാബേജിനെയും അതിന്റെ ഉള്ളില്‍ ഇല തിന്നു വിലസുന്ന ആ കുഞ്ഞന്‍ പുഴുവിനെയും വിട്ടു ഞാന്‍ പതിയെ കട്ടിലിലേക്ക് ചാഞ്ഞു... ഈ കൊങ്ക്രീറ്റ് വനത്തിന്റെ ഉള്ളില്‍ താമസിക്കുന്ന ഈ പിഞ്ചു കുട്ടികള്ക്ക്  ഈ കുഞ്ഞന്‍ പുഴുവിനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കണ്ടപ്പോള്‍ എനിക്കും ആഹ്ലാദം തോന്നി.. അതോടൊപ്പം അവര്ക്ക് അനുഭവിച്ചറിയാന്‍ കഴിയാതെ പോവുന്ന നമ്മുടെ നാട്ടിലെ കാഴ്ചകള്‍ ഓര്ത്തപ്പോള്‍ സങ്കടവും..... പറക്കും വര്ണമായ ചിത്രശലഭങ്ങളും, പച്ചക്കോട്ടിട്ടു ചാടി ചാടി നടക്കുന്ന പുല്ച്ചാടിയും, വീടിന്റെ ഓരം ചേര്ന്ന് കുഴികുത്തി വാഴുന്ന (റിവേഴ്സ് ഗിയറില്‍ മാത്രം ഓടുന്ന) കുഴിയാനയും, ചില്‍ ചില്‍ ശബ്ദമുണ്ടാക്കി മരംതോറും ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനും, കൂ കൂ പാടും കുയിലും, പുഞ്ചപ്പാടങ്ങളും തൊടുകളും അതില്‍ ഉല്ലസിക്കുന്ന പരല്‍ മീനുകളും മാനത്തുകണ്ണികളും, എന്നിങ്ങനെ അവര്‍ കാണാതെ പോവുന്ന എത്ര എത്ര കൌതുകകരമായ കാഴ്ചകള്‍... സാഹചര്യം അങ്ങിനെ ആയിപ്പോയി എന്നു സമധാനിക്കാം. അല്ലെങ്കിലും ഈ മരുവില്‍ കെട്ടിപ്പോക്കിയ പട്ടണങ്ങളില്‍ കുഴിയാനയും പുല്ച്ചാടിയും എവിടെ... അവയെ ഒക്കെ കാണണമെങ്കില്‍ ഡിസ്കവറി ചാനല്‍ തന്നെ ആശ്രയം...

അതൊക്കെ പോട്ടെ... നമ്മുടെ നാട്ടില്‍ ഉള്ള കുട്ടികളോട് ചോദിച്ചാല്‍ ‘കുഴിയാനയോ അതെന്തു ആന?’ എന്നു കുട്ടികള്‍ ചോദിക്കുന്ന കാലം. അങ്ങിനെ ഒരു ജീവി വീടിന്റെ പിന്നാംപുറത്തു താമസിക്കുന്നു എന്നു പോലും അവര്ക്ക് അറിഞ്ഞുകൂടാ... അല്ലേലും അതൊക്കെ കാട്ടി കൊടുക്കാന്‍ ആര്ക്കാ ഇപ്പോ സമയം... പണ്ടൊക്കെ സ്കൂള്‍ അവധിക്കാലം ആയാല്‍ പൊറുതിമുട്ടിയിരുന്നത് ആ പാവം കുഴിയാനകള്ക്കായിരുന്നു.... പിള്ളേര്‍ എല്ലാകൂടി ആ പാവത്തിനെ കുഴിയില്‍ നിന്നു തോണ്ടി വെളിയില്‍ ഇടും...അതിയാന്‍ റിവേഴ്സ് ഗിയറില്‍ ഓടുന്നത് കാണാന്‍....

ഇപ്പോഴത്തെ ബാല്യങ്ങള്‍ ഭാരിച്ച സ്കൂള്‍ ബാഗ് ചുമലില്‍ എറ്റി നടക്കാന്‍ വിധിക്കപ്പെട്ടവര്‍, നീണ്ട അധ്യയന സമയത്തിന് ശേഷം നേരെ ചൊവ്വെ ഒന്നു ശ്വാസം എടുക്കുന്നതിന് മുന്നേ വീണ്ടും ട്യൂഷനു പോവാന്‍ നിര്ബന്ധിക്കപ്പെട്ടവര്‍... അവര്ക്കെവിടെ ഇതിനൊക്കെ സമയം... ഈ ബാല്യത്തില്‍ കാണേണ്ട അനുഭവിച്ചറിയേണ്ട കൊച്ചു കൊച്ചു കൌതുകക്കാഴ്ചകള്‍ അവര്ക്കും അന്യം നിന്നു പോവുന്നു.. കാലത്തിനൊത്തു ഓടുന്ന തിരക്കില്‍.....

അതൊക്കെ ഓര്ക്കുമ്പോള്‍ തമ്മില്‍ ഭേദം പുറംനാട്ടില്‍ ജീവിക്കുന്ന ഈ കുട്ടികള്‍ തന്നെ.. അവര്‍ ‘പുയു’വിനെ കണ്ടല്ലോ.... അത്രയെങ്കിലും ആശ്വസിക്കാം....

10 June 2010

rain ::::: എന്റെ മഴക്കുട്ടി....മഴ..... അവള്‍ എന്നും എനിക്ക് പ്രിയപ്പട്ടവള്‍... എന്റെ ശൈശവത്തില്‍ തുടങ്ങിയ പരിചയം..... ഒരു ചെറുതുണിക്കുള്ളില്‍ പൊതിയപ്പെട്ട എന്നെ അമ്മ മാറോട് ചേര്‍ത്ത് പിടിച്ചു മുറ്റത്ത് ഉലാത്തുമ്പോളാണു അവള്‍ എന്നെ ആദ്യമായ് സ്പര്‍ശിച്ചത്.. ഒരു കൌതുകത്തോടെ.... അവളുടെ സ്പര്‍ശം അറിഞ്ഞു ഞാന്‍ കണ്‍മിഴിച്ചു നോക്കിയിരുന്നത്രേ....

പിന്നെ എന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ ഒരു കളിക്കൂട്ടുകാരിയായി അവള്‍.... അവളുടെ വരവ് എന്നും എനിക്കുല്‍സവം ആയിരുന്നു.... അവളോടൊപ്പം മുറ്റത്ത് ഓടികളിക്കാന്‍ എന്തു  രസമായിരുന്നെന്നോ... അവളുടെ ഓരോ തിരിച്ചു പോക്കും നൊമ്പരമുണര്‍ത്തിയിരുന്നു... പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ അവള്‍ ഒപ്പം വന്നിരുന്നു കുസൃതിയോടെ എന്റെ യൂണിഫോം നനച്ചുകൊണ്ട് ... ക്ലാസ്സുമുറിയ്ക്കുള്ളില്‍ ഞാനിരിക്കവേ അക്ഷമയായി അവള്‍ പുറത്ത് ഉണ്ടാകുമായിരുന്നു.... ക്ലാസ്സുമുറിയുടെ മേല്‍ക്കൂരയില്‍ പാകിയ ഓടിന്‍ വിടവിലൂടെ എന്‍ മേലെ പതിച്ച് അവള്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  അപ്പോള്‍ സ്കൂള്‍മുറ്റത്തേക്ക് ഇറങ്ങാന്‍ എന്റെ മനം വെമ്പിയിരുന്നു... ടീച്ചറുടെ ശകാരം ഭയന്ന് മാത്രം ഞാന്‍ അതിന് തുനിഞ്ഞിരുന്നില്ല... ക്ലാസ്സ് കഴിഞ്ഞു സ്കൂള്‍വരാന്തയില്‍ നില്‍ക്കവേ കാറ്റിന്‍ ഊഞ്ഞാലിലേറി അവള്‍ കയ്യെത്തി എന്നെ തൊടാന്‍ ശ്രമിച്ചിരുന്നു... അപ്പോള്‍ മുഖത്ത് ഗൌരവം നടിച്ച് ഉള്ളില്‍ ആ സാമീപ്യം ആസ്വാദിച്ച് ഞാന്‍ അനങ്ങാതെ നില്‍ക്കുമായിരുന്നു... അങ്ങിനെ എത്ര എത്ര നാള്‍....


വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു.... ബാല്യം യൌവ്വനത്തിന് വഴിമാറി... സഹയാത്രികയായി അവള്‍ എപ്പോഴും ഉണ്ടായിരുന്നു.   കാല്‍ച്ചിലങ്ക കെട്ടിയാടുന്ന നര്‍ത്തകിയെ പോലെ ആയിരുന്നു അവള്‍...അവള്‍ എപ്പോഴും ഉല്ലാസവതി ആയാണ് എനിക്ക് തോന്നിയത്... അവളുടെ ഉള്ളിലെ നോമ്പരം അറിയുന്നത് വരെ..... ഇടവ തുലാ മാസ രാത്രികളില്‍ അവളുടെ സംഗീതത്തിന് കാതോര്‍ത്തു കിടക്കവേ അവളുടെ വിതുമ്പല്‍ ഞാന്‍ കെട്ടിടുണ്ട്... ഒരിക്കല്‍ ഞാന്‍ അവളോടു ചോദിച്ചു... എന്തേ ഈ ഗദ്ഗദം... അവളുടെ ആഹ്ലാദത്തിമിര്‍പ്പില്‍ പുഴകളും തൊടുകളും കരകവിഞ്ഞൊഴുകവെ, ആ കുത്തൊഴുക്കില്‍ പെട്ട് പൊലിഞ്ഞു പോകുന്ന ജീവനുകളെ ഓര്‍ത്ത്.... അനാഥമായി പോവുന്ന കുടുംബങ്ങളെ ഓര്‍ത്ത്, ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു ജയിലില്‍ എന്ന വണ്ണം മറ്റുള്ളവരുടെ സഹായത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുന്ന അഗതികളെ  ഓര്‍ത്ത് അവള്‍ വിങ്ങിപ്പൊട്ടി... എങ്കിലും ആ നൊമ്പരത്തിന്നിടയിലും, തന്റെ വരവില്‍ ആഹ്ലാദം കൊണ്ട് ആടിത്തിമിര്‍ക്കുന്ന കുഞ്ഞുകിടാങ്ങളെ ഓര്‍ത്ത്.... തന്റെ വരവുകൊണ്ട് ഉള്ളുതണുപ്പിച്ചു പച്ച പുതയ്ക്കുന്ന ഭൂമിയെ ഓര്‍ത്ത് അവളുടെ ചുണ്ടില്‍ നറുചിരി വിടരുന്നത് ഞാന്‍ കണ്ടു..... ..

പിന്നീടെപ്പോഴോ ജീവിതം എന്ന ഭാണ്ഡവും പേറി ഞാന്‍ മരുവിന്‍ നാട്ടിലേക്ക് വിമാനമേറാന്‍ പോകവെ വഴിനീളെ അവള്‍ ഒപ്പം ഉണ്ടായിരുന്നു... എയര്‍പോര്‍ട്ടിന്‍റെ മുമ്പില്‍ കാറില്‍ ചെന്നിറങ്ങവേ സ്നേഹമുള്ള ഒരു നനവായ്  അവളെന്നെ സ്പര്‍ശിച്ചു....അവളുടെ കണ്ണീര്‍ ആയിരുന്നുവോ അത്... ഒരു യാത്രാമൊഴി പോലെ......

മരുഭൂമിയില്‍ കെട്ടിപ്പൊക്കിയ പട്ടണങ്ങളില്‍ ഒന്നും അവളെ ഞാന്‍ കണ്ടില്ല... അവളുടെ ഒരു നിഴല്‍ മാത്രമേ കാണുവാനായുള്ളൂ.... അവളെ ഓര്‍ത്തുള്ള ദിനങ്ങള്‍.... അവളുടെ സാമീപ്യത്തിന്റെ..  ആ കണ്ണീരിന്‍ നാനവിന്‍റെ ഓര്‍മ്മകള്‍...  വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു അതിഥിയെ പോലെ നാട്ടിലേക്ക്  പോകവേ  അവളെ ഞാന്‍ തേടുമായിരുന്നു.... അപ്പോളൊക്കെ അവള്‍ എന്നെക്കാണാന്‍ കാലം തെറ്റി വരുമായിരുന്നു... ഓടി വന്നെന്നെ പുല്‍കുമായിരുന്നു...   അപ്പോഴും ആ പഴയ അഭിനിവേശം ആയിരുന്നു അവളോടെനിക്ക്....

ഇനിയും ഒരു അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു... അവളെ കാണാന്‍...അവളുടെ ശീതള സ്പര്‍ശമേറ്റ് മനം കുളിരാന്‍...

29 May 2010

എന്തിന് നിങ്ങള്‍ എന്നെ കൊന്നു ?എന്റെ പേര് യോഗേഷ് കുമാര്‍. അടുത്ത സുഹൃത്തുക്കള്‍ എന്നെ യോഗി എന്ന് സ്നേഹപൂര്‍വ്വം വിളിക്കും. നിങ്ങളും എന്നെ അറിയും. ഇന്നലെ മുതല്‍.  മുംബൈയിലെ കല്യാണ്‍ എന്ന സ്ഥലത്താണ് എന്റെ വീട്. എന്റെ അമ്മയും ചേച്ചിയും താമസിക്കുന്ന എന്റെ ചെറിയ വീട്. വീടെന്ന് പറഞ്ഞാല്‍ കുമ്മായം അടര്ന്ന് തുടങ്ങിയ ചുവരുകള്‍ ഉള്ള അസ്ബെസ്റ്റോസ് പാകിയ രണ്ട് മുറികള്‍ മാത്രം ഉള്ള ഒരു വീട്. അച്ഛന്‍ ഞങ്ങള്ക്കായ് തന്നിട്ട് പോയ ഒരു കുഞ്ഞ് വാസസ്ഥലം. അന്ധേരിയില്‍ ആയിരുന്നു അച്ഛന് ജോലി. ഒരു പ്രിന്റിംഗ് പ്രെസ്സില്‍. എല്ലാ ദിവസവും രാവിലെ ഞങ്ങള്‍ കണ്ണ് ചിമ്മി എഴുന്നേല്ക്കുന്നതിന് മുന്നേ അച്ഛന്‍ ജോലിക്കായ് പോയിരിക്കും. പിന്നെ രാത്രിയില്‍ എപ്പോഴോ മടങ്ങി എത്തുന്ന അച്ഛന്‍. രാവിലെ ഞങ്ങളെ കാത്തിരിക്കുന്ന പലഹാരപ്പൊതിയിലൂടെ ആയിരുന്നു അച്ഛന്റെ സ്നേഹം ഞങ്ങള്‍ അറിഞ്ഞിരുന്നത്. ഞായറാഴ്ചകളില്‍ മാത്രമേ അച്ഛനെ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ. സ്നേഹനിധി ആയിരുന്നു അച്ഛന്‍. ചേച്ചിയുടെ വിവാഹം, നല്ലൊരു വീട്... ഇവ ആയിരുന്നു അച്ഛന്റെ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ വേണ്ടി രാപകല്‍ എന്നില്ലത്തെ പ്രയത്നിക്കുകയായിരുന്നു അച്ഛന്‍. പ്രിന്റിംിഗ് പ്രെസ്സില്‍ നിന്നും കിട്ടുന്ന വരുമാനം തികയുമായിരുന്നില്ല വീട്ടിലെ ചിലവുകള്ക്ക് തന്നെ. ഓവര്‍ ടൈം ശംബളത്തിന് വേണ്ടി രാത്രി വൈകിയും ജോലി ചെയ്തിരുന്നു അച്ഛന്‍. ഒരു വണ്ടിക്കാളയെ പോലെ ജീവിതഭാരവും അതിലേറെ സ്വപ്നങ്ങളും തോളില്‍ ചുമന്നു കൊണ്ട് നടന്ന അച്ഛന്‍.


അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. “നിന്റെ ചേച്ചിയെ പെണ്ണ് കാണാന്‍ ഒരാള്‍ വരുന്നുണ്ട് ഇന്ന് വൈകിട്ട് .... കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാതെ നേരത്തെ വീട്ടില്‍ എത്തണം... അച്ഛനും ഇന്ന് നേരത്തെ എത്തും...” കൂട്ടുകാരനായ രാഹുലിന്റെ ബൈക്കിന്റെ പിന്നിലേക്ക് ഓടി ചെന്നു കയറുമ്പോള്‍ അമ്മ ഓര്മ്മിപ്പിച്ചു. രാഹുലിന്റെ പിറന്നാള്‍ ആണിന്ന്. ആമിര്‍ ഖാന്റെ സിനിമയ്ക്കു കൊണ്ടുപോകാം എന്ന് അവനെക്കൊണ്ട് സമ്മതിപ്പിച്ചതാണ്. ഇങ്ങനെ ഒക്കെ അല്ലാതെ എനിക്ക് സിനിമയ്ക്കു പോവാന്‍ പറ്റില്ലല്ലോ. സിനിമ കണ്ടു പുറത്തിറങ്ങുംബോള് റോഡില്‍ പോലീസ്... പോലീസ് വാഹനങ്ങള്‍ റോന്തു ചുറ്റുന്നു... അനിഷ്ടം എന്തോ സംഭവിച്ചിരിക്കുന്നു. ഒരു പോലീസുകാരന്‍ ബൈക്കിന് കൈ കാട്ടി നിര്ത്തിച്ചു. എവിടെ പോയി. .. എന്നൊക്കെ ചോദിച്ചു....അയാള്‍. ലോക്കല്‍ ട്രെയിനില് ‍ബോംബ് പൊട്ടിയത്രേ. വേഗം വീട്ടില്‍ എത്തുംബോള് വീട്ടിനു പുറത്ത് ആളുകള്‍ നില്ക്കുന്നു.. ചേച്ചിയെ കാണാന്‍ ചെറുക്കന്‍ വന്നതാവുമൊ...വൈകീട്ട് വരും എന്നല്ലേ പറഞ്ഞത്.... പടിയില്‍ തല മുട്ടാതെ അകത്തേക്ക് കയറുമ്പോള്‍ കണ്ടു അമ്മ കട്ടിലില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നതു... അരികില്‍ ചേച്ചി തല കുമ്പിട്ടിരിക്കുന്നു..... പൊടുന്നനെ എന്റെ തോളില്‍ ഒരു കരം അമര്ന്നു . ചെറിയച്ഛന്‍ ആയിരുന്നു. ചെറിയച്ഛന്‍ എന്റെ കാതില്‍ മന്ത്രിച്ചു... “പോലീസ് വന്നിരുന്നു.... അച്ഛനും ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്ന വിവരം പറയാന്..” ചേച്ചിയുടെ വിവാഹം സ്വപ്നങ്ങള്‍ മനസില്‍ കണ്ടു ഓടി വന്ന അച്ഛന്‍..... മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഒരു തേങ്ങല്‍ വന്‍ തിര  പോലെ ഉയരന്നു... അത് എന്റെ കണ്ണുകളെ ഈരനാക്കി ഒരു ആര്ത്തനാദമായ്  പുറത്തേക്ക് വന്നു... ചേച്ചിയുടെ വിങ്ങിപ്പോട്ടല്‍ ഞാന്‍ കേട്ടു. അച്ഛന്‍ ഇല്ലാതെയായിരിക്കുന്നു..... ആ സത്യത്തിന് മുന്നില്‍ പകച്ചു നിന്നുപോയി ഞാന്‍.... പാവങ്ങളുടെ ജീവന്‍ കൊണ്ട് അമ്മാനമാടുന്ന ഭീകരപ്രവര്ത്തകര്‍ എന്റെ കുടുംബത്തെ അനാഥമാക്കിയതിലൂടെ എന്തു നേടി..... ആ ചോദ്യം ഉത്തരം ഇല്ലാതെ എന്റെ മുന്നില്‍ അവശേഷിച്ചു.

അച്ഛന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുതലാളി കരീം സേട്ടായിരുന്നു. ഒരു നല്ല മനുഷ്യസ്നേഹി. അദ്ദേഹം എനിക്കായി ഒരു ജോലി വാഗ്ദാനം ചെയ്തു. എങ്കിലും അച്ഛനെ ഞങ്ങള്ക്ക് ഇല്ലാതാക്കിയ മുംബൈ നഗരത്തില്‍ ജോലി ചെയ്യാന്‍ മനസ് മടിച്ചു. അവിടെയും നല്ലവനായ കരീം സേട്ട് ഒരു വഴി കാട്ടിത്തന്നു.  കല്‍ക്കത്തയ്ക്ക്‌  അടുത്തു സേട്ടിന്റെ സഹോദരന്‍ നടത്തുന്ന തുണിമില്ലില്‍ ഒരു ജോലി. തുണിമില്ലിലെ കണക്കും ജീവനക്കാരുടെ സൌകര്യങ്ങളും നോക്കിക്കണ്ട് നടത്തുക എന്നതായിരുന്നു ജോലി. അമ്മയുടെ നിര്ബന്ധത്തിന് വഴങ്ങി ആ ജോലി ഏറ്റെടുത്തു. “അച്ഛന് നടത്താന്‍ കഴിയാതെ പോയ ചേച്ചിയുടെ വിവാഹം എത്രയും വേഗം നടത്തണം മോനേ..” അമ്മ പരിതപിച്ചു.... നേരാണ് . ചേച്ചിക്ക് പ്രായം ഏറി വരുന്നു. കൂട്ടത്തില്‍ ബന്ധുജനങ്ങളുടെ കുത്തുവാക്കുകളും. അങ്ങിനെ ഞാന്‍ കല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു.

കരീം സെട്ടിനെപ്പോലെ സഹൃദയന്‍ ആയിരുന്നു തൂണിമില്ലിന്റെ ഉടമസ്ഥനായ മുനീര്‍ സേട്ട്. കരീം സേട്ട് പറഞ്ഞത് കൊണ്ടാവാം എന്റെ എല്ലാ കാര്യങ്ങളിലും സേട്ടിനു പ്രത്യേക ശ്രദ്ധ ആയിരുന്നു. മുനീര്‍ സേട്ടിന്റെ തുണിമില്ലില്‍ ഞാന്‍ ജോലി തുടങ്ങി. കിട്ടുന്ന ശംബളം പരമാവധി മിച്ചപ്പെടുത്തി. ചേച്ചിയുടെ വിവാഹം അത് മാത്രം ആയിരുന്നു മനസ്സ് നിറയെ. ഉച്ചഭക്ഷണത്തിന് പകരം വയര്‍ നിറയെ വെള്ളം കുടിച്ചു വിശപ്പകറ്റി. ജീവിതത്തിന്റെ പരുക്കന്‍ പാതകളിലൂടെ ഉള്ള യാത്ര. ഒറ്റ ലക്ഷ്യമേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ... ചേച്ചിയുടെ വിവാഹം. ആ ലക്ഷ്യത്തിന് മുന്നില്‍ വിശപ്പും ദാഹവും ഒന്നുമല്ലായിരുന്നു. മാസങ്ങള്‍ കടന്ന് പോയി.

മേയ് ആദ്യവാരം അമ്മയുടെ കത്ത് വന്നു...ചേച്ചിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ. പയ്യന്‍ കോര്പ്പൊറേഷനില്‍ ക്ലര്ക്ക് ആയി ജോലി ചെയ്യുന്നു. എവിടെയോ വച്ച് ചേച്ചിയെ കണ്ടു ഇഷ്ട്ടപ്പെട്ടതാണത്രേ. വിവാഹം എത്രയും വേഗം നടത്തണം. ജൂണ്‍ ആദ്യവാരം നല്ല മുഹൂര്ത്തം ഉണ്ടത്രേ . ഇതായിരുന്നു അമ്മയുടെ കത്തിന്റെ രത്നച്ചുരുക്കം. പിതൃതുല്യനായി എന്നെ സ്നേഹിക്കുന്ന സേട്ടിനോടു കാര്യം പറഞ്ഞു. സേട്ടിന്റെ മുഖത്തൊരു പുഞ്ചിരി വിടര്ന്നു . “പണം വേണം അല്ലേ. ഒന്നും ആലോചിക്കേണ്ട.. പണം ഞാന്‍ തരാം.. ശംബളത്തില്‍ നിന്നും തിരികെ പിടിച്ചോളാം.. എന്താ?” പുഞ്ചിരിക്കിടയിലൂടെ മുനീര്‍ സേട്ട് മൊഴിഞ്ഞു. സേട്ടിന്റെ ഈ വാക്കുകള്‍ ചുട്ടുപൊള്ളിനിന്നിരുന്ന മനസ്സാകുന്ന മരുവില്‍ പെയ്ത കുളിര്‍ മഴയായി.

എന്റെ യാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് സേട്ട് തന്നെയാണ് ഏര്പ്പാാടാക്കിയത്. സേട്ടിനോട് യാത്ര പറഞ്ഞു ഇറങ്ങും നേരം എനിക്ക് നേരെ നീട്ടിയ ഡിമാന്ഡ് ഡ്രാഫ്റ്റ് വിറയാര്ന്ന കൈകളാല്‍ വാങ്ങുമ്പോള്‍ മനം ആഹ്ലാദത്താല്‍ പെരുമ്പറ കൊട്ടുകയായിരുന്നു. തന്റെ അച്ഛന്റെ ഒരു സ്വപ്നം സഫലമാവാന്‍ പോകുന്നു. എന്റെ ചേച്ചിയുടെ പ്രതീക്ഷ മങ്ങിപ്പോയ ജീവിതം തളിരിടാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ എല്ലാവരോടും യാത്ര പറഞ്ഞു ഹൌറ റെയില്വേ‍ സ്റ്റേഷനില്‍ എത്തുമ്പോള്‍  കുര്ള എക്സ്പ്രെസ് പുറപ്പെടാന്‍ തയാറായി നില്ക്കുന്നു.  എന്റെ ബാഗുകള്‍ എടുത്തു വച്ച് തരാന്‍ സഹായിച്ച കിഷോറിനോട് നന്ദി പറയവേ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ട്രെയിന്‍ അറ്റെന്ടെര്‍ വന്നു വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍  എടുക്കാന്‍ തുടങ്ങി. എനിക്ക് വിശപ്പില്ലായിരുന്നു. മനസ്സ് നിറയെ ചേച്ചിയുടെ വിവാഹം ആയിരുന്നു. ഇത്ര വേഗം തനിക്കിതിനാവും എന്ന് സ്വപ്നേപി കരുത്തിയതല്ല. ചിന്തകളില്‍ മുഴുകി ഇരിക്കവേ ആരോ വന്നു തോളില്‍ തട്ടി... ടി.ടി.ഇ.. എന്റെ ടിക്കറ്റ് കയ്യില്‍ ഉള്ള ചാര്ട്ടുമായി ഒത്തുനോക്കിയിട്ട് ടിക്കറ്റിന് മുകളില്‍ നേടുകനെ ഒരു വര വരച്ചു അയാള്‍ അതെന്നെ തിരികെ ഏല്പ്പിറച്ചു. ടിക്കറ്റ് ഭദ്രമായ് പഴ്സിനുള്ളില്‍ വച്ച് ഞാന്‍ കമ്പിപ്പടി ചവുട്ടി മുകളിലത്തെ ബെര്ത്തില്‍ കയറി. അതില്‍ നീണ്ടു നിവര്ന്നു കിടക്കവേ വീണ്ടും ചിന്തകളിലേക്ക് ഞാന്‍ ഊളിയിട്ടു. കംപാര്ട്ട്മെന്റില്‍ ഉണ്ടായിരുന്ന സഹയാത്രികരുടെ ഒച്ചപ്പാടുകളോ, “ചായ്...ചായ്” എന്ന് തന്റെതല്ലാത്ത വികൃത സ്വരത്തില്‍ വിളിച്ചു കൂവുന്ന സപ്പ്ളയരോ, കീരു കിരാ ശബ്ദം ഉണ്ടാക്കി കറങ്ങുന്ന ഫാനോ ഒന്നും തന്നെ എന്റെ ചിന്തകളെ ശല്യപ്പെടുത്തിയില്ല. ഞാന്‍ മാനസികമായി വീട്ടില്‍ എത്തിയിരുന്നു. ശരീരം മനസ്സിനൊപ്പം എത്താന്‍ വെമ്പുകയായിരുന്നു. ട്രെയിന്ന്റെ പ്രത്യേക താളത്തില്‍ ഉള്ള ശബ്ദത്തിന് ചെവിയോര്ത്ത് കിടക്കവേ കണ്പോ്ളകള്ക്ക് കനം വച്ച് തുടങ്ങി.. തൊട്ടില്‍ എന്ന വണ്ണം ആടിക്കൊണ്ടിരുന്ന ബെര്ത്തിന്റെ കുലുക്കം എന്നെ നിദ്രയുടെ കയങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി..

എപ്പോഴെന്നറിയില്ല.. കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്ന്നനത്.. ലോഹക്കൂടുകള്‍ ഞെരിഞ്ഞമരുന്ന ഭയാനക ശബ്ദം. മുകളിലത്തെ ബെര്തില്‍ അല്ല കിടക്കുന്നത് എന്ന് ബോധ്യം ആയി. ചുറ്റും ദയനീയമായ ഞരക്കങ്ങള്‍.... നേര്ത്ത വെളിച്ചം മാത്രം. കാലുകളിലൂടെ ഒരു തരിപ്പ് അരിച്ച് കയറുന്നു. ഞാന്‍ കിടക്കുന്നത് കംപാര്ട്ട്മെന്റിതന്റെ മേല്ക്കൂരയില്‍ മുഖം ചേര്‍ത്താണ് എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത്.... പുറത്ത് ഒച്ചപ്പാടുകള്‍ കേള്ക്കാം .. മേല്ക്കൂരയില്‍ കൈകള്‍ അമര്ത്തി എഴുന്നേല്ക്കാന്‍ ശ്രമിച്ചു കൈകള്‍ ഉയര്ത്താ ന്‍ ആവുന്നില്ല. വേദന ഏങ്ങുനിന്നോ അരിച്ച് കയറുന്നു.. മെല്ലെ മുഖം കുനിച്ചു സ്വയം നോക്കി... ഞാന്‍ നേരത്തെ മുകള്‍ ബെര്ത്തി ലേക്ക് ചവുട്ടി കയറിയ കമ്പിപ്പടിയുടെ ഒരു ഭാഗം എന്നിലേക്ക് തുളച്ചു കയറിയിരിക്കുന്നു.. ആകെ ഒരു സ്തംഭനാവസ്ഥ. ഓര്മ്മ മറയുന്നുവോ?... ഇവിടെ എന്റെ അവസാനമോ? പെട്ടെന്ന് എന്നെ കാത്തിരിക്കുന്ന അമ്മയെ ഓര്‍ത്തു... വിവാഹ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന ചേച്ചിയെ ഓര്‍ത്തു.... ചിന്തകള്‍ക്കു മേലെ വേദന ഉറുംബിനെ പ്പോലെ അരിച്ച് കയറി. കണ്ണുകള്‍ കൂമ്പി അടയുന്നു.

നിശ്വാസങ്ങള്‍ ഉച്ചസ്ഥായിയില്‍ ആവുന്നു. “എന്റെ അമ്മേ........” പൊടുന്നനെ ഒരു ഭാരക്കുറവ് അനുഭവപ്പെട്ടു. സ്വതന്ത്രനായ പക്ഷിയെപ്പോലെ വല്ലാത്ത ഒരു അനുഭൂതി.... എനിക്ക് ചാലിക്കാന്‍ ആവുന്നുണ്ട് ഇപ്പോള്‍. മെല്ലെ ഞാന്‍ എഴുന്നേറ്റു... ചുറ്റും നോക്കി... ആരൊക്കെയോ പുറത്ത് നിന്ന് ടോര്ച്ച് അടിച്ചു നോക്കുന്നു.... ചുറ്റും രക്തം... പിണങ്ങള്‍...... എനിക്ക് ഇവിടെ നിന്നും പുറത്ത് കടന്നേ മതിയാവൂ . വേഗം പുറത്തേക്ക് ഞാന്‍ ഇറങ്ങി. പുറത്ത് ലോഹ കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നു. എന്താണിവിടെ സംഭവിച്ചത്? അടുത്തു നിന്ന ആളോട് ഞാന്‍ ചോദിച്ചു.. അയാള്‍ മറുപടി ഒന്നും തന്നില്ല.... എന്റെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല. എന്തേ അങ്ങിനെ... എന്റെ ചോദ്യം കെട്ടില്ല എന്നുണ്ടോ?

ചുറ്റിലും പോലീസ് വാഹനങ്ങളും ആംബുലന്സുകളും. ബോഗികള്ക്കു്ള്ളില്നിന്നും ശരീരങ്ങള്‍ സ്ട്രെചെറില്‍ എടുത്തു കൊണ്ടോടുന്ന ആളുകള്‍...... ദീന രോദനം...

അവിടെ കൂടി നിന്നവര്‍ പറയുന്നത് കേട്ടു .... ഒരു തീവ്രവാദ സംഘടന ഞങ്ങളുടെ ട്രെയിന്‍ പോകേണ്ടിയിരുന്ന പാളം മുറിക്കുകയും...അങ്ങിനെ പാളം തെറ്റിയ മറിഞ്ഞ ബോഗികളുടെ മേല്‍ വേറൊരു ട്രെയിന്‍ വന്നിടിക്കുകയും ചെയ്തുവത്രേ ... ഇതൊക്കെ കേട്ടിട്ടും എന്നിലെ മനുഷ്യസഹജമായ വികാരങ്ങള്‍ ഉണരാത്തതെന്തേ...? ഞാന്‍ അത്ഭുതപ്പെട്ടു. ... എനിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു...

പൊടുന്നനെ എന്റെ അരികിലൂടെ രണ്ട് പേര്‍ സ്ട്രെചെറില്‍ ചുമന്നു കൊണ്ട് പോയ മൃതശരീരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കി... ഞാന്‍ ആ ശരീരത്തെ തിരിച്ചറിഞ്ഞു..... അത് ഞാന്‍ തന്നെ ആയിരുന്നു...ആദ്യം എന്റെ അച്ഛന്‍  ... ഇപ്പോള്‍ ഞാന്‍..... ഞങ്ങളുടെ ജീവന്‍ അപഹരിച്ചിട്ട് നിങ്ങള്‍ എന്തു നേടി.... എന്റെ സഹോദരിയുടെ ജീവിതം തുലച്ചിട്ട് നിങ്ങള്‍ എന്തു നേടി...... അബലയായ എന്റെ അമ്മയെ ആദ്യം വിധവയും പിന്നെ അനാഥയും ആക്കിയ നിങ്ങള്‍ എന്തു നേടി..... നഷ്ട്ടങ്ങളുടെ നൊമ്പരങ്ങളുടെ ഉമിത്തീയില്‍ ഞങ്ങള്‍ വെന്തുരുകുമ്പോള്‍ നിങ്ങള്‍ എന്തു നേടുന്നു.... ഇതുപോലെ എത്ര എത്ര ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നു...തീവ്രവാദത്തിന്റെ പേരില്‍.... ആ ഓരോ ആത്മാക്കളും ഈ ചോദ്യം ആവര്ത്തി ക്കുന്നു.... എന്തിന് നിങ്ങള്‍ എന്നെ കൊന്നു...... ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചിട്ടു ഞാനും യാത്രയാവുന്നു.... എനിക്ക് പിന്നാലെ ഇതുപോലെ മറ്റൊരാള്‍ വരാതിരിക്കട്ടെ എന്ന് വെറുതെ മോഹിച്ചുകൊണ്ട്....-----------------------------------------------------------
 പ്രതിപാദിച്ച്ചിരിക്കുന്ന പേരുകള്‍ സാങ്കല്പ്പികം മാത്രം.

24 May 2010

പറയാന്‍ മറന്നത്...

ഓരോ ദുരന്തവും ആഘോഷമാക്കുന്ന ചിലര്‍ ഉണ്ട്..... ഒരു ചെറിയ വീഡിയോ ക്ലിപ് ലൂപ്പ് ചെയ്തു ദിവസം മുഴുവനും കാട്ടുകയും കരഞ്ഞു തളര്‍ന്ന ബന്ധുക്കളെ അവസരം നോക്കാതെ ഇന്‍റര്‍വ്യു ചെയ്യുന്ന ടെലിവിഷന്‍ ചാനല്‍ മുതല്‍.... ദുരന്തത്തില്‍ പെട്ടവരുടെയും എല്ലാം തകര്‍ന്നു സമനില തെറ്റി വാ വിട്ടു നിലവിളിക്കുന്ന അവരുടെ പ്രിയരുടെയും വര്‍ണ ചിത്രങ്ങള്‍ അകപേജിലും പുറംപേജിലും വേണ്ടിവന്നാല്‍ ഫുള്‍ പേജിലും നല്കി ആഘോഷിക്കുന്ന പത്രങ്ങളും. എല്ലാ വാര്‍ത്തകളും അപ്പപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്ന പത്രധര്‍മത്തെ ശ്ലാഘിക്കുന്നതോടൊപ്പം ആ വാര്‍ത്തയെ മല്‍സരബുദ്ധിയോടെ പൊലിപ്പിച്ചു കാട്ടുന്ന രീതിയെ അല്പം നീരസത്തോടെ കാണാതിരിക്കാനും ആവുന്നില്ല.. ഒരു പക്ഷേ നമ്മുടെ സമൂഹത്തിന്റെ മാറിയ കാഴ്ചപ്പാടുകളോടുള്ള സ്വാഭാവികമായ ഇഴുകിച്ചേരല്‍ ആവാം പത്രങ്ങളും ചാനലുകളും നടത്തുന്നത്... പ്രേക്ഷകന്‍ കൊതിയോടെ കാണാന്‍ കാത്തിരിക്കുന്നത് ചൂടപ്പം പോലെ മുന്നില്‍ എത്തിക്കുന്ന രീതി.... മല്‍സരം നിറഞ്ഞ ചുറ്റുപാടില്‍ പിടിച്ചുനില്‍ക്കാന്‍ ഇവ ഒക്കെ വേണമായിരിക്കും...... എനിക്കറിയില്ല.....


അയലത്തേ വീടിന് തീപിടിക്കുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം എടുത്തു ഒഴിച്ച് സഹായിക്കുന്നതിന് പകരം മൊബൈല്‍ ക്യാമറ എടുത്തു ആ തീ പിടുത്തം വീഡിയോ ആക്കാനും അത് പിന്നീട് സുഹൃത്തുക്കളെയും മറ്റും കാട്ടി ഗമ കാട്ടാനും ശ്രമിക്കുമ്പോള്‍ നമ്മളില്‍ നിന്നും അന്യം നിന്ന് പോകുന്നത് മനുഷ്യത്വം  എന്ന വികാരമാണ്...

നല്ലതിനെ നല്ലത് എന്ന് പറഞ്ഞേ പറ്റൂ.... തട്ടേക്കാട് ബോട്ട് ദുരന്തം നാടിനെ നടുക്കിയ ദിവസം.... മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ വളരെ മാതൃകാപരമായ സമീപനം കൈകൊള്ളുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.... വാര്‍ത്ത അവതാരകന്‍ ഒരു കോ-ഓര്‍ഡിനറ്ററുടെ പാടവത്തോടെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ ആരായുകയും അല്‍പ നേരം കഴിഞ്ഞു followup ചെയ്യുക്‍യും ചെയ്യുന്ന കാഴ്ച.... ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ ഇത്തരം followup കളുടെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്... ഒരു തരത്തില്‍ പറഞ്ഞാല്‍ വേഗം നടപടി എടുക്കാന്‍ പ്രേരിപ്പിക്കല്‍.... അത്തരം ക്രിയാത്മക സമീപനങ്ങള്‍ എന്നും ഉണ്ടാവട്ടെ.....

ഏറെ ദുഖം തോന്നിയ ചില സംഭവങ്ങള്‍ ദേശീയ (മലയാളത്തില്‍ അല്ല) മാധ്യമങ്ങളിലും കണ്ടു... തന്റെ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പോയ ഒരു വിദ്യാര്‍ഥിനി കുറച്ചു മാത്രം വെള്ളം ഉള്ള അരുവിയുടെ മധ്യഭാഗത്തുള്ള  പാറക്കെട്ടില്‍ ഇരിക്കവേ അപ്രതീക്ഷിതമായി വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയും ആ കുത്തൊഴുക്കില്‍ ആ കുട്ടി അകപ്പെടുകയും ചെയ്യുന്നു.... മേല്‍പ്പറഞ്ഞ ചാനല്‍ ആ കുട്ടിയുടെ സുഹൃത്ത് പകര്‍ത്തിയ മൊബൈല്‍ വീഡിയോ (നേരത്തെ ഞാന്‍ പറഞ്ഞ ചേതോവികാരം ഓര്‍ക്കുമല്ലോ...) സംപ്രേക്ഷണം ചെയ്യുന്നു.. അതോടൊപ്പം സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയ ആ കുട്ടിയുടെ അമ്മയെയും അമ്മാവനേയും ഇന്‍റര്‍വ്യു ചെയ്യാന്‍ ശ്രമിക്കുന്നതും കണ്ടു.... “കുട്ടി ഉല്ലാസയാത്രയ്ക്ക് പോയത് വീട്ടില്‍ പറഞ്ഞിട്ടാണോ?” “കുട്ടി തന്റെ കാമുകനോടൊപ്പം ആണു പാറക്കെട്ടില്‍ പോയി ഇരുന്നത് എന്ന് കേള്‍ക്കുന്നു... ശരിയാണോ?” എന്നീ അവസരത്തിന് ഒട്ടും നിരക്കാത്ത തികച്ചും ക്രൂരമായ ചോദ്യ ശരങ്ങള്‍... അവയേറ്റു തളര്‍ന്ന് പോയ ആ പാവം സ്ത്രീയുടെ ദയനീയ മുഖം.... ഒടുവില്‍ അമ്മാവന്‍ ചോദ്യം ചോദിച്ചവരോട് കയര്‍ത്ത് സംസാരിക്കേണ്ട ഗതികേടും വന്നു.....

അതേ ചാനലില്‍ കണ്ട മറ്റൊരു വാര്‍ത്ത. പീഡനത്തിന് ഇരയായ ഒരു പാവം പെണ്‍കുട്ടി. തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ ആക്കിയ ആ കൊടും പാതകത്തിന് മുന്നില്‍ വഴി ഉഴറി നില്‍ക്കുന്ന അവസ്ഥ... കണ്ണുകളില്‍ ശൂന്യത...വിളറിയ മുഖം... ഓട് പാകിയ തന്റെ പഴയ വീടിന്റെ തറയില്‍ മുഖം കുനിച്ചിരിക്കവേ.... അല്പം തുറന്നു കിട്ടിയ ജനലിന്റെ ഇടയിലൂടെ ക്യാമറ തിരുകി ആ കുട്ടിയുടെ ദുഖഭാവങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ക്യാമറാമാന്‍... വീടിന് ചുറ്റും കാഴ്ച കാണാന്‍ എന്ന വണ്ണം കൂടി നില്‍ക്കുന്ന ജനങ്ങള്‍..... ആ വേള ഇവയെല്ലാം കണ്ടു മനം നൊന്ത് ഒരു കയറും എടുത്തു പെണ്‍കുട്ടിയുടെ അച്ഛന്‍ വീടിന്റെ പിറകിലേക്കു പോകുന്നു... വീടിന്റെ പിന്നാംപുറത്തുള്ള മരത്തില്‍ കുടുക്കിട്ട് ആ മനുഷ്യന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു... അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഈ വാര്‍ത്ത അറിഞ്ഞു വീടിന്റെ പിറകിലേയ്ക്ക് പായുന്നു..... പെണ്‍ കുട്ടിയെ തല്‍ക്കാലം ഉപേക്ഷിച്ചു നമ്മുടെ ക്യാമറാമാനും പിറകെ.... മരച്ചില്ലയില്‍ തൂങ്ങവേ  കയര്‍ പൊട്ടി ആ വൃദ്ധന്‍ താഴെ നില്‍ക്കുന്ന പോലീസുകാര്‍ക്ക് മേലെ പതിക്കുന്നു. ക്യാമറാമാന്‍ ഇതെല്ലാം ഭംഗിയായി പകര്‍ത്തുന്നു... ലൂപ്പ് ഇട്ട് കാട്ടാന്‍ ഒരു വീഡിയോ ക്ലിപ് ആയല്ലോ...... ആ പിതാവിന്റെയും പെണ്‍ കുട്ടിയുടെയും നൊമ്പരം കാണാന്‍ ആരും ഇല്ല... മറിച്ച് എല്ലാം ഒരു തമാശ എന്ന വിധം കാണാനും കാണിക്കാനും ആളുണ്ടിവിടെ....

“എന്റെ വീട്ടില്‍ ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ പിന്നെ എനിക്കെന്താ ? “ എന്ന കാഴ്ചപ്പാട് നാം മാറ്റേണ്ടിയിരിക്കുന്നു.... അതിനായ് പ്രാര്‍ത്ഥിക്കുന്നു.......

വാല്‍ക്കഷ്ണം :
ഇന്നെനിക്ക് ഒരു ഇമെയില്‍ വന്നു... ആരോ ഫോര്‍വേഡ്  ചെയ്ത ഒരു ഇമെയില്‍. സബ്ജെക്റ്റ് ആയി കൊടുത്തിരുന്നു “ആരും കണ്ടു പേടിച്ചു കരയരുത്” എന്ന്. പ്രിവ്യൂ വിണ്ടോവില്‍   ഇമെയില്‍ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി.... പല തരത്തിലുള്ള വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍. അതില്‍ നിറയെ ഭയങ്കരമാം വിധം ചിതറിതെറിച്ച മനുഷ്യരുടെ ചിത്രങ്ങള്‍.... ഇവയെല്ലാം കണ്ടു രസിക്കണമെങ്കില്‍, അത് വീണ്ടും മറ്റൊരാള്‍ക്കായ്‌ ഫോര്‍വേഡ്  ചെയ്യണമെങ്കില്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലാതാവണം... അല്ലെങ്കില്‍ ഒരു മനോരോഗി ആവണം..... ആ ഇമെയില്‍ എന്റെ ഇന്‍ബോക്സില്‍  നിന്നും ഡിലീറ്റ് ചെയ്യുമ്പോള്‍ സങ്കടപ്പെടുകയായിരുന്നു..... അകാലത്തില്‍ പൊലിഞ്ഞു പോയ ആ മനുഷ്യ ജന്മങ്ങളെ ഓര്‍ത്ത് .... അത് ഫോട്ടോ എടുത്തു ഒരു മെസേജില്‍ അറ്റാച്ച് ചെയ്തു അയച്ചു രസിക്കുന്നവരെ ഓര്‍ത്ത് ..... എന്തേ നമ്മള്‍ ഇത്ര ക്രൂരന്മാര്‍  ആവുന്നു?

Ashes of Dreams :: സ്വപ്നങ്ങളുടെ ഒരു പിടി ചാരം

    (മംഗലാപുരം എയര്‍ പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം...)

താമസിച്ചാണ് അന്ന് എഴുന്നേറ്റത്... വേഗം തയാറായി വീട് പൂട്ടി തിടുക്കത്തില്‍ പടി ഇറങ്ങുംമ്പോള് ആ ദിവസം ചെയ്തു തീര്‍ക്കേണ്ട ജോലികളെ കുറിച്ചായിരുന്നു ചിന്ത.. ഡ്രൈവര്‍ ‍കാത്തുനില്‍പ്പുണ്ടായിരുന്നു. ഡോര്‍ ‍തുറന്നു ശീതളിമയിലേക്ക് അമരുമ്പോള്‍, എഫ് എം റേഡിയോയില്‍ നിന്നും കര്‍ണപ്പുടങ്ങളിലേക്ക് ആദ്യം പതിച്ചത് ആ ദുരന്ത വാര്‍ത്ത ആയിരുന്നു... ഒരു നിമിഷത്തേക്ക് മനസ്സ് മരവിച്ചുപോയ ആ ദുരന്ത വാര്‍ത്ത....

ദുബൈയില്‍നിന്നും മംഗലാപുരത്തേക്ക് പറന്ന വിമാനം മംഗലാപുരം വിമാനത്താവളത്തിലെ ടേബിള്‍ടോപ് റണ്‍വേയില് നിന്നും തെന്നി മാറി അഗാധതയിലേക്ക് പതിച്ച് കത്തിയമര്‍ന്ന ദുഖകരമായ വാര്‍ത്ത.

ദീര്‍ഘമായ യാത്രയ്ക്കൊടുവില്‍  ‍തന്റെ നാട്ടില്‍ താന്‍ ‍സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു എന്ന ആശ്വാസ നിശ്വാസത്തിനിടയിലൂടെ അപ്രതീക്ഷിതമായി കടന്നെത്തി നിറഞ്ഞാടിയ മരണമെന്ന സഹയാത്രികന്‍.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ‍അഗ്നിയായി മരണം വാപിളര്‍ന്ന് നേര്‍ക്ക് നേര് ‍വരവേ അലറിക്കരയാനല്ലാതെ ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ചു പോയ ജീവിതങ്ങള്‍... അവരുടെ നിലവിളികള്‍ ‍നേര്‍ത്തില്ലാതെ ആവുമ്പോഴും അരികില്‍  ‍തൊട്ടരികില്‍ ഇതൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ടരെ കാത്ത് നില്‍ക്കുന്ന ബന്ധുജനങ്ങള്‍.... അച്ഛന്‍  ‍വിമാനം ഇറങ്ങി വരുമ്പോള് ‍അച്ഛാ എന്നുറക്കെ വിളിക്കാനും കവിളില്‍  ‍അച്ചന്റെ ചക്കര മുത്തം ഏറ്റുവാങ്ങാനും കാത്ത് നില്‍ക്കുന്ന പൈതല്‍... വിരഹത്തിന്റെ ഭാരം ആ തോളില്‍ ഇറക്കി വയ്ക്കാന് ‍കാത്തുനില്‍ക്കുന്ന പ്രാണപ്രേയസി..... ഗള്‍ഫില് പോയി തന്റെ കുടുംബത്തിന് നെടുംതൂണായി മാറിയ പ്രിയ പുത്രന്‍ മടങ്ങി വരുമ്പോള് ‍‍അഭിമാനവും സന്തോഷവും തിരതള്ളുന്ന മനസ്സോടെ അവനെ ആശ്ലേഷിച്ച് സ്വീകരിക്കാന്‍കാത്ത് നില്‍ക്കുന്ന പിതാവും മാതാവും സഹോദരങ്ങളും.... ആര്‍ക്ക് വേണ്ടി കാത്തു നിന്നോ ആ പ്രിയപ്പെട്ടവര്‍ കത്തിക്കരിഞ്ഞു തിരിച്ചറിയാനാവാത്ത രൂപത്തില്‍ തങ്ങളുടെ മുന്നിലേക്ക് എത്തുമ്പോള്‍ ഇടനെഞ്ച് നുറുങ്ങുന്ന വേദനയും അതില്‍ നിന്ന് ഉയരുന്ന ആര്‍ത്തനാദവും അനാഥത്വത്തിന്‍റെ വിറങ്ങലിപ്പും കൈവിട്ടുപോയ ജീവിതവും എല്ലാ കൂടി... വയ്യ... അതൊന്നും സങ്കല്‍പ്പിക്കാന്‍കൂടി വയ്യ... ഈ ചിന്തകള്‍പോലും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു..

ഓരോ വിമാന യാത്രയും ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഉള്ള ഒരു നൂല്‍പ്പാലമാണ്... യന്ത്രങ്ങളുടെയും അത് നിയന്ത്രിക്കുന്ന പൈലറ്റിന്റെയും കഴിവില്‍ വിശ്വാസം അര്‍പ്പിച്ചു കടക്കുന്ന നൂല്‍പ്പാലം... അവിടെ മരണം ഒരു സഹയാത്രികനാണ്.... ഒരു ചെറിയ അശ്രദ്ധയ്ക്ക്, ചെറുതായി പിഴച്ചുപോകുന്ന കണക്കുകൂട്ടലിന് കൊടുക്കേണ്ടിവരുന്ന വില ഭീമമാണ്....

ക്ഷണികമെന്നറിയുകീ ജീവിതം....
അറിയില്ല നാളെ എന്തെന്നത്...
പുഞ്ചിരിക്കാം നമുക്കീ നിമിഷം...
പടര്‍ത്താം ആ പുഞ്ചിരി മറ്റുള്ളവരിലേക്കും....

ചാരം മൂടിയ ജീവിത സ്വപ്നങ്ങളില്‍ നിന്നും ഒരു ഫെനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആ ദുരന്തത്തില്‍ ബലിയാടായ സഹോദരീസഹോദരന്‍മാരുടെ പ്രിയപ്പെട്ടവര്‍ക്കാവട്ടെ എന്ന് നമുക്ക്  പ്രാര്‍ഥിക്കാം... മൌനമായ് ഒരു നിമിഷം..... വാര്‍ക്കാം ഒരു തുള്ളി കണ്ണീര്‍ അവര്‍ക്കായി....

16 May 2010

രക്ഷസ്സും മറുതയും പിന്നെ ഞാനും


ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടോ...... ഉണ്ടെന്നും ഇല്ലെന്നും രണ്ട് പക്ഷക്കാരെ നമ്മള്‍ക്ക് കാണാം.... എന്നാല്‍ ഈ ഭൂതവും പ്രേതവും ഒക്കെ കാണാന്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കും അറിയില്ല താനും. പലരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് ചില രൂപങ്ങള്‍ അവയ്ക്കായി നെയ്തുകൂട്ടുന്നു.... ചിത്രകാരന്‍മാര്‍ വരയ്ക്കുന്ന പ്രതീകാത്മക രൂപങ്ങളെ നാം പലപ്പോഴും നെഞ്ചില്‍ കുടിയിരുത്തുന്നു. പ്രേതങ്ങളുടെ ഫോട്ടോ എടുത്ത വിരുതന്‍മാരും ഉണ്ട്. മറ്റു ചിലര്‍ ഒട്ടും കുറച്ചില്ല... ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്‍റെ ഫോട്ടോയോപ്പം പ്രേതത്തെ കൂട്ടി ചേര്‍ത്ത് സായൂജ്യമടഞ്ഞു.... രസകരമായ വസ്തുത ഈ പറഞ്ഞ രൂപങ്ങള്‍ എല്ലാം മനുഷ്യരൂപങ്ങള്‍ തന്നെ. (നമ്മുടെ ദൈവങ്ങളും ആത്തരുണത്തില്‍ മനുഷ്യരൂപികള്‍ ആണെല്ലോ..). ഇതിനേല്ലാം ഉപരി പ്രേതങ്ങളുടെ അകമ്പടിക്കാരായി കരിമ്പൂച്ചയും കടവാതിലും (വവ്വാല്‍) തുടങ്ങിയ ജീവികളും. ഇതൊക്കെ ആണെങ്കിലും സത്യമായിട്ടും എനിക്കറിഞ്ഞു കൂട ഈ പ്രേതം എങ്ങിനെ ഇരിക്കും എന്ന്...


സ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന ആഴ്ചപ്പതിപ്പിലൂടെ ഞാന്‍ ആദ്യമായ് യക്ഷിയെയും രക്ഷസ്സിനെയും ഒക്കെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലിലൂടെ... അന്ന് അതൊക്കെ ഒരു ചങ്കിടിപ്പോടെ വായിച്ചു പേടിച്ചിരുന്നു ഞാന്‍. മാത്രമോ, പിന്നെ പിന്നെ മേല്‍പ്പറഞ്ഞ രക്ഷസ്സോക്കെ നോവലില്‍ നിന്നും എന്റെ രാത്രി സ്വപ്നങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി.....ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളെ വെല്ലുന്ന ഭീകര ദൃശ്യങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി..... പേടിച്ചു കൊച്ചുവെളുപ്പാന്‍കാലത്ത് ഞെട്ടി ഉണര്‍ന്നിട്ടും ഈ ഹോറര്‍ സ്വപ്നങ്ങളുടെ ബാക്കി കാണാന്‍ വീണ്ടും കിടന്നിട്ടുണ്ടെന്നുള്ളതാണു രസകരമായ വസ്തുത...

അക്കാലത്താണ് ഞങ്ങളുടെ നാട്ടില്‍ കലാനിലയം നാടക വേദി അവരുടെ സൂപ്പര്‍ ട്യൂപ്പര്‍ ഭീകര നാടകങ്ങളുമായി എത്തിയത്.... “രക്തരക്ഷസ്സ്”, “കടമറ്റത്ത് കത്തനാര്‍”, തുടങ്ങിയ നാടകങ്ങള്‍ ഹൌസ് ഫുള്ളായി കളിച്ചിരുന്ന കാലം.... ഞങ്ങളുടെ വീടിന്റെ 1 കിലോമീറ്റര്‍ ദൂരെ ഉള്ള മുനിസിപ്പല്‍ ഗ്രൌണ്ടില്‍ ആയിരുന്നു നാടക പ്രദര്‍ശനം.....മേല്‍പ്പടി നാടകങ്ങള്‍ കാണാന്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയിരുന്നു ഈയുള്ളവനും.... ഷോ കഴിഞ്ഞു പാതിരാത്രിയില്‍ തിരികെ കാല്‍നടയായി ചൂളമടിച്ചും ഒച്ച ഉണ്ടാക്കിയും പേടി അകറ്റി വീട്ടിലേക്കുള്ള യാത്ര ഇന്നും ഞാന്‍ ഓര്‍ക്കുന്നു....കൂടെ ഉണ്ടായിരുന്ന ജ്യേഷ്ഠനായിരുന്നു എന്റെ ഒരു ധൈര്യം.... ഒറ്റയ്ക്ക് ഇരുട്ടുള്ള മുറിയില്‍ കയറിയിരുന്നില്ല ആക്കാലമൊക്കെ...

വളര്‍ന്നപ്പോള്‍ ആ സ്വപ്നങ്ങള്‍ എങ്ങോ മാഞ്ഞു പോയി... രക്ഷസ്സും മറുതയും ഭൂതപ്രേത പിശാചുക്കളും എല്ലാം മനസ്സിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണ് പോയി. എങ്കിലും ഇന്നും ഒരു ഹൊറര്‍ ചിത്രം കാണുമ്പോള്‍ അവയെല്ലാം മെല്ലെ തല പൊന്തിച്ചു നോക്കാറുണ്ട്...തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട്....

പ്രേതങ്ങളേയും രക്ഷസ്സുകളേയും ഇത്രയേറെ പ്രാധാന്യത്തോടെ കടുത്ത വര്‍ണക്കൂട്ടുകളില്‍ ചാലിച്ചു മനുഷ്യന്‍റെ വിശ്വാസങ്ങള്‍ക്കൊപ്പമോ അന്ധവിശ്വാസങ്ങള്‍ക്കൊപ്പമോ തേച്ചുപിടിപ്പിച്ചത് ആരാണ്... ആരാണെങ്കിലും അവര്‍ക്ക് വ്യക്തമായ ചില ഉദ്ദേശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.... കച്ചവടത്തിന്റെ ചില തന്ത്രങ്ങളായി പിന്നെ പിന്നെ നിലനില്‍പ്പിനുള്ള കച്ചിത്തുരുമ്പായി മനുഷ്യന്‍റെ വിശ്വാസങ്ങളുടെ നെറുകയില്‍ അടിച്ചിറക്കിയ ആണിയായി ഇന്നും അവ നിലനില്‍ക്കുന്നു..... അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.....

14 May 2010

Is hen (chicken) a domestic animal?

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രവിന്‍ മോന്‍ എന്നോടു ചോദിച്ച ചോദ്യമാണിത്. ടീച്ചര്‍ അങ്ങിനെ പറഞ്ഞു. എന്നാലും ഒരു സംശയം. Hen ഒരു bird അല്ലേ. പിന്നെ എന്താ അതിനെ domestic animal എന്ന് വിളിക്കുന്നത്. സത്യം പറഞ്ഞാല്‍ ചോദ്യം കേട്ടപ്പോള്‍ എനിക്കും ആകെപ്പാടെ ആശയക്കുഴപ്പം ആയി. മോന്റെ ചോദ്യം ന്യായമാ. സ്കൂളില്‍ പോയ സമയത്ത് ക്ലാസില്‍ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ടാവും ഞാനും ആ ചോദ്യത്തിന്റെ ഉത്തരം തേടി internetല്‍  പരതിയത്. സകല വിജ്ഞാനവും ഒരു ചെറു ക്ലിക്കിലൂടെ നമ്മുടെ മുന്നിലെക്കെത്തുന്നത് അദ്ഭുതത്തോടെ ഞാന്‍ കണ്ടു.

ഇനി ഞാന്‍ തേടിയ ചോദ്യത്തിനുള്ള ഉത്തരം.

Chicken (പെണ്‍ ചിക്കനെ hen എന്ന് വിളിക്കുന്നു) പറക്കാന്‍ കഴിയാത്ത ഒരു പക്ഷി ആണെല്ലോ. അങ്ങിനെ ഉള്ള പക്ഷികളെ fowl  എന്നാണ് വിളിക്കുന്നത്. ഈ കൂട്ടത്തെ മുഖ്യമായും രണ്ടായി തരം തിരിച്ചിരിക്കുന്നു :

1) Gamefowl or Landfowl : നമ്മുടെ കഥാപാത്രം ആയ ചിക്കന്‍ ഈ കൂട്ടത്തില്‍ പെടും.

2) Waterfowl : ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആണ് താറാവ്, അരയന്നം, എന്നിവ.

Domesticated animals അഥവാ മനുഷ്യരോടൊപ്പം ജീവിക്കത്തക്ക വിധം മെരുക്കി എടുത്ത മൃഗങ്ങളുടെ ലിസ്റ്റില്‍ ആണ് domestic fowls നെയും ഉള്പ്പെിടുത്തിയിരിക്കുന്നത്. നമ്മുടെ ചിക്കനും അതില്‍ പെടും എന്ന് അര്ത്ഥം.

ഇനി സംശയം ഏതുമില്ലാതെ ധൈര്യമായി പറയാം ‘HEN IS A DOMESTIC ANIMAL”.

References :

http://en.wikipedia.org/wiki/List_of_domesticated_animals

http://en.wikipedia.org/wiki/Chicken

11 May 2010

പാലേരി മാണിക്യം


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വളരെ താമസിച്ചാണെങ്കിലും ആ സിനിമ കണ്ടു...”പാലേരി മാണിക്യം : ഒരു പാതിരാകൊലപാതകത്തിന്റെ കഥ”.... രഞ്ജിത്ത് എന്ന സംവിധായകന്റെ കയ്യില്‍ ഭദ്രം ആയി ആ കഥ.... അവതരണരീതി കൊണ്ടും കെട്ടുറപ്പുകൊണ്ടും മികച്ചു നില്‍ക്കുന്നു ആ സിനിമ.  എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അതിന്റെ കലാസവിധാനം എടുത്തു പറയേണ്ടത് തന്നെ.

ആ സിനിമയിലെ ഒരു പ്രധാനഭാഗത്ത് കേട്ട ഈ വാചകം ചിന്തയെ ഉദ്ദീപിപ്പിക്കുന്നതാണ്... കാലിക പ്രസക്തവും ആണ് :

“മാറ്റം ആഗ്രഹിച്ചു….. സ്വപ്നം കണ്ടു.... പക്ഷേ മാറിയതു പ്രസ്ഥാനവും സഖാക്കളും ആയിപ്പോയി..... സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ തന്നെയാണെന്ന് ബോധ്യവും വന്നു.. ആ നിരാശ ഉണ്ട്.”

പരീക്ഷണങ്ങളുടെ ഒറ്റയടി പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന സംവിധായകന് എല്ലാ ഭാവുകങ്ങളും..