Web Toolbar by Wibiya

Pages

24 May 2010

Ashes of Dreams :: സ്വപ്നങ്ങളുടെ ഒരു പിടി ചാരം

    (മംഗലാപുരം എയര്‍ പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം...)

താമസിച്ചാണ് അന്ന് എഴുന്നേറ്റത്... വേഗം തയാറായി വീട് പൂട്ടി തിടുക്കത്തില്‍ പടി ഇറങ്ങുംമ്പോള് ആ ദിവസം ചെയ്തു തീര്‍ക്കേണ്ട ജോലികളെ കുറിച്ചായിരുന്നു ചിന്ത.. ഡ്രൈവര്‍ ‍കാത്തുനില്‍പ്പുണ്ടായിരുന്നു. ഡോര്‍ ‍തുറന്നു ശീതളിമയിലേക്ക് അമരുമ്പോള്‍, എഫ് എം റേഡിയോയില്‍ നിന്നും കര്‍ണപ്പുടങ്ങളിലേക്ക് ആദ്യം പതിച്ചത് ആ ദുരന്ത വാര്‍ത്ത ആയിരുന്നു... ഒരു നിമിഷത്തേക്ക് മനസ്സ് മരവിച്ചുപോയ ആ ദുരന്ത വാര്‍ത്ത....

ദുബൈയില്‍നിന്നും മംഗലാപുരത്തേക്ക് പറന്ന വിമാനം മംഗലാപുരം വിമാനത്താവളത്തിലെ ടേബിള്‍ടോപ് റണ്‍വേയില് നിന്നും തെന്നി മാറി അഗാധതയിലേക്ക് പതിച്ച് കത്തിയമര്‍ന്ന ദുഖകരമായ വാര്‍ത്ത.

ദീര്‍ഘമായ യാത്രയ്ക്കൊടുവില്‍  ‍തന്റെ നാട്ടില്‍ താന്‍ ‍സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു എന്ന ആശ്വാസ നിശ്വാസത്തിനിടയിലൂടെ അപ്രതീക്ഷിതമായി കടന്നെത്തി നിറഞ്ഞാടിയ മരണമെന്ന സഹയാത്രികന്‍.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ‍അഗ്നിയായി മരണം വാപിളര്‍ന്ന് നേര്‍ക്ക് നേര് ‍വരവേ അലറിക്കരയാനല്ലാതെ ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ചു പോയ ജീവിതങ്ങള്‍... അവരുടെ നിലവിളികള്‍ ‍നേര്‍ത്തില്ലാതെ ആവുമ്പോഴും അരികില്‍  ‍തൊട്ടരികില്‍ ഇതൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ടരെ കാത്ത് നില്‍ക്കുന്ന ബന്ധുജനങ്ങള്‍.... അച്ഛന്‍  ‍വിമാനം ഇറങ്ങി വരുമ്പോള് ‍അച്ഛാ എന്നുറക്കെ വിളിക്കാനും കവിളില്‍  ‍അച്ചന്റെ ചക്കര മുത്തം ഏറ്റുവാങ്ങാനും കാത്ത് നില്‍ക്കുന്ന പൈതല്‍... വിരഹത്തിന്റെ ഭാരം ആ തോളില്‍ ഇറക്കി വയ്ക്കാന് ‍കാത്തുനില്‍ക്കുന്ന പ്രാണപ്രേയസി..... ഗള്‍ഫില് പോയി തന്റെ കുടുംബത്തിന് നെടുംതൂണായി മാറിയ പ്രിയ പുത്രന്‍ മടങ്ങി വരുമ്പോള് ‍‍അഭിമാനവും സന്തോഷവും തിരതള്ളുന്ന മനസ്സോടെ അവനെ ആശ്ലേഷിച്ച് സ്വീകരിക്കാന്‍കാത്ത് നില്‍ക്കുന്ന പിതാവും മാതാവും സഹോദരങ്ങളും.... ആര്‍ക്ക് വേണ്ടി കാത്തു നിന്നോ ആ പ്രിയപ്പെട്ടവര്‍ കത്തിക്കരിഞ്ഞു തിരിച്ചറിയാനാവാത്ത രൂപത്തില്‍ തങ്ങളുടെ മുന്നിലേക്ക് എത്തുമ്പോള്‍ ഇടനെഞ്ച് നുറുങ്ങുന്ന വേദനയും അതില്‍ നിന്ന് ഉയരുന്ന ആര്‍ത്തനാദവും അനാഥത്വത്തിന്‍റെ വിറങ്ങലിപ്പും കൈവിട്ടുപോയ ജീവിതവും എല്ലാ കൂടി... വയ്യ... അതൊന്നും സങ്കല്‍പ്പിക്കാന്‍കൂടി വയ്യ... ഈ ചിന്തകള്‍പോലും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു..

ഓരോ വിമാന യാത്രയും ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഉള്ള ഒരു നൂല്‍പ്പാലമാണ്... യന്ത്രങ്ങളുടെയും അത് നിയന്ത്രിക്കുന്ന പൈലറ്റിന്റെയും കഴിവില്‍ വിശ്വാസം അര്‍പ്പിച്ചു കടക്കുന്ന നൂല്‍പ്പാലം... അവിടെ മരണം ഒരു സഹയാത്രികനാണ്.... ഒരു ചെറിയ അശ്രദ്ധയ്ക്ക്, ചെറുതായി പിഴച്ചുപോകുന്ന കണക്കുകൂട്ടലിന് കൊടുക്കേണ്ടിവരുന്ന വില ഭീമമാണ്....

ക്ഷണികമെന്നറിയുകീ ജീവിതം....
അറിയില്ല നാളെ എന്തെന്നത്...
പുഞ്ചിരിക്കാം നമുക്കീ നിമിഷം...
പടര്‍ത്താം ആ പുഞ്ചിരി മറ്റുള്ളവരിലേക്കും....

ചാരം മൂടിയ ജീവിത സ്വപ്നങ്ങളില്‍ നിന്നും ഒരു ഫെനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആ ദുരന്തത്തില്‍ ബലിയാടായ സഹോദരീസഹോദരന്‍മാരുടെ പ്രിയപ്പെട്ടവര്‍ക്കാവട്ടെ എന്ന് നമുക്ക്  പ്രാര്‍ഥിക്കാം... മൌനമായ് ഒരു നിമിഷം..... വാര്‍ക്കാം ഒരു തുള്ളി കണ്ണീര്‍ അവര്‍ക്കായി....

No comments:

Post a Comment