ഓരോ ദുരന്തവും ആഘോഷമാക്കുന്ന ചിലര്‍ ഉണ്ട്..... ഒരു ചെറിയ വീഡിയോ ക്ലിപ് ലൂപ്പ് ചെയ്തു ദിവസം മുഴുവനും കാട്ടുകയും കരഞ്ഞു തളര്‍ന്ന ബന്ധുക്കളെ അവസരം നോക്കാതെ ഇന്‍റര്‍വ്യു ചെയ്യുന്ന ടെലിവിഷന്‍ ചാനല്‍ മുതല്‍.... ദുരന്തത്തില്‍ പെട്ടവരുടെയും എല്ലാം തകര്‍ന്നു സമനില തെറ്റി വാ വിട്ടു നിലവിളിക്കുന്ന അവരുടെ പ്രിയരുടെയും വര്‍ണ ചിത്രങ്ങള്‍ അകപേജിലും പുറംപേജിലും വേണ്ടിവന്നാല്‍ ഫുള്‍ പേജിലും നല്കി ആഘോഷിക്കുന്ന പത്രങ്ങളും. എല്ലാ വാര്‍ത്തകളും അപ്പപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്ന പത്രധര്‍മത്തെ ശ്ലാഘിക്കുന്നതോടൊപ്പം ആ വാര്‍ത്തയെ മല്‍സരബുദ്ധിയോടെ പൊലിപ്പിച്ചു കാട്ടുന്ന രീതിയെ അല്പം നീരസത്തോടെ കാണാതിരിക്കാനും ആവുന്നില്ല.. ഒരു പക്ഷേ നമ്മുടെ സമൂഹത്തിന്റെ മാറിയ കാഴ്ചപ്പാടുകളോടുള്ള സ്വാഭാവികമായ ഇഴുകിച്ചേരല്‍ ആവാം പത്രങ്ങളും ചാനലുകളും നടത്തുന്നത്... പ്രേക്ഷകന്‍ കൊതിയോടെ കാണാന്‍ കാത്തിരിക്കുന്നത് ചൂടപ്പം പോലെ മുന്നില്‍ എത്തിക്കുന്ന രീതി.... മല്‍സരം നിറഞ്ഞ ചുറ്റുപാടില്‍ പിടിച്ചുനില്‍ക്കാന്‍ ഇവ ഒക്കെ വേണമായിരിക്കും...... എനിക്കറിയില്ല.....
അയലത്തേ വീടിന് തീപിടിക്കുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം എടുത്തു ഒഴിച്ച് സഹായിക്കുന്നതിന് പകരം മൊബൈല്‍ ക്യാമറ എടുത്തു ആ തീ പിടുത്തം വീഡിയോ ആക്കാനും അത് പിന്നീട് സുഹൃത്തുക്കളെയും മറ്റും കാട്ടി ഗമ കാട്ടാനും ശ്രമിക്കുമ്പോള്‍ നമ്മളില്‍ നിന്നും അന്യം നിന്ന് പോകുന്നത് മനുഷ്യത്വം എന്ന വികാരമാണ്...
നല്ലതിനെ നല്ലത് എന്ന് പറഞ്ഞേ പറ്റൂ.... തട്ടേക്കാട് ബോട്ട് ദുരന്തം നാടിനെ നടുക്കിയ ദിവസം.... മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ വളരെ മാതൃകാപരമായ സമീപനം കൈകൊള്ളുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.... വാര്‍ത്ത അവതാരകന്‍ ഒരു കോ-ഓര്‍ഡിനറ്ററുടെ പാടവത്തോടെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ ആരായുകയും അല്‍പ നേരം കഴിഞ്ഞു followup ചെയ്യുക്‍യും ചെയ്യുന്ന കാഴ്ച.... ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ ഇത്തരം followup കളുടെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്... ഒരു തരത്തില്‍ പറഞ്ഞാല്‍ വേഗം നടപടി എടുക്കാന്‍ പ്രേരിപ്പിക്കല്‍.... അത്തരം ക്രിയാത്മക സമീപനങ്ങള്‍ എന്നും ഉണ്ടാവട്ടെ.....
ഏറെ ദുഖം തോന്നിയ ചില സംഭവങ്ങള്‍ ദേശീയ (മലയാളത്തില്‍ അല്ല) മാധ്യമങ്ങളിലും കണ്ടു... തന്റെ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പോയ ഒരു വിദ്യാര്‍ഥിനി കുറച്ചു മാത്രം വെള്ളം ഉള്ള അരുവിയുടെ മധ്യഭാഗത്തുള്ള പാറക്കെട്ടില്‍ ഇരിക്കവേ അപ്രതീക്ഷിതമായി വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയും ആ കുത്തൊഴുക്കില്‍ ആ കുട്ടി അകപ്പെടുകയും ചെയ്യുന്നു.... മേല്‍പ്പറഞ്ഞ ചാനല്‍ ആ കുട്ടിയുടെ സുഹൃത്ത് പകര്‍ത്തിയ മൊബൈല്‍ വീഡിയോ (നേരത്തെ ഞാന്‍ പറഞ്ഞ ചേതോവികാരം ഓര്‍ക്കുമല്ലോ...) സംപ്രേക്ഷണം ചെയ്യുന്നു.. അതോടൊപ്പം സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയ ആ കുട്ടിയുടെ അമ്മയെയും അമ്മാവനേയും ഇന്‍റര്‍വ്യു ചെയ്യാന്‍ ശ്രമിക്കുന്നതും കണ്ടു.... “കുട്ടി ഉല്ലാസയാത്രയ്ക്ക് പോയത് വീട്ടില്‍ പറഞ്ഞിട്ടാണോ?” “കുട്ടി തന്റെ കാമുകനോടൊപ്പം ആണു പാറക്കെട്ടില്‍ പോയി ഇരുന്നത് എന്ന് കേള്‍ക്കുന്നു... ശരിയാണോ?” എന്നീ അവസരത്തിന് ഒട്ടും നിരക്കാത്ത തികച്ചും ക്രൂരമായ ചോദ്യ ശരങ്ങള്‍... അവയേറ്റു തളര്‍ന്ന് പോയ ആ പാവം സ്ത്രീയുടെ ദയനീയ മുഖം.... ഒടുവില്‍ അമ്മാവന്‍ ചോദ്യം ചോദിച്ചവരോട് കയര്‍ത്ത് സംസാരിക്കേണ്ട ഗതികേടും വന്നു.....
അതേ ചാനലില്‍ കണ്ട മറ്റൊരു വാര്‍ത്ത. പീഡനത്തിന് ഇരയായ ഒരു പാവം പെണ്‍കുട്ടി. തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ ആക്കിയ ആ കൊടും പാതകത്തിന് മുന്നില്‍ വഴി ഉഴറി നില്‍ക്കുന്ന അവസ്ഥ... കണ്ണുകളില്‍ ശൂന്യത...വിളറിയ മുഖം... ഓട് പാകിയ തന്റെ പഴയ വീടിന്റെ തറയില്‍ മുഖം കുനിച്ചിരിക്കവേ.... അല്പം തുറന്നു കിട്ടിയ ജനലിന്റെ ഇടയിലൂടെ ക്യാമറ തിരുകി ആ കുട്ടിയുടെ ദുഖഭാവങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ക്യാമറാമാന്‍... വീടിന് ചുറ്റും കാഴ്ച കാണാന്‍ എന്ന വണ്ണം കൂടി നില്‍ക്കുന്ന ജനങ്ങള്‍..... ആ വേള ഇവയെല്ലാം കണ്ടു മനം നൊന്ത് ഒരു കയറും എടുത്തു പെണ്‍കുട്ടിയുടെ അച്ഛന്‍ വീടിന്റെ പിറകിലേക്കു പോകുന്നു... വീടിന്റെ പിന്നാംപുറത്തുള്ള മരത്തില്‍ കുടുക്കിട്ട് ആ മനുഷ്യന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു... അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഈ വാര്‍ത്ത അറിഞ്ഞു വീടിന്റെ പിറകിലേയ്ക്ക് പായുന്നു..... പെണ്‍ കുട്ടിയെ തല്‍ക്കാലം ഉപേക്ഷിച്ചു നമ്മുടെ ക്യാമറാമാനും പിറകെ.... മരച്ചില്ലയില്‍ തൂങ്ങവേ കയര്‍ പൊട്ടി ആ വൃദ്ധന്‍ താഴെ നില്‍ക്കുന്ന പോലീസുകാര്‍ക്ക് മേലെ പതിക്കുന്നു. ക്യാമറാമാന്‍ ഇതെല്ലാം ഭംഗിയായി പകര്‍ത്തുന്നു... ലൂപ്പ് ഇട്ട് കാട്ടാന്‍ ഒരു വീഡിയോ ക്ലിപ് ആയല്ലോ...... ആ പിതാവിന്റെയും പെണ്‍ കുട്ടിയുടെയും നൊമ്പരം കാണാന്‍ ആരും ഇല്ല... മറിച്ച് എല്ലാം ഒരു തമാശ എന്ന വിധം കാണാനും കാണിക്കാനും ആളുണ്ടിവിടെ....
“എന്റെ വീട്ടില്‍ ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ പിന്നെ എനിക്കെന്താ ? “ എന്ന കാഴ്ചപ്പാട് നാം മാറ്റേണ്ടിയിരിക്കുന്നു.... അതിനായ് പ്രാര്‍ത്ഥിക്കുന്നു.......
വാല്‍ക്കഷ്ണം :
ഇന്നെനിക്ക് ഒരു ഇമെയില്‍ വന്നു... ആരോ ഫോര്‍വേഡ് ചെയ്ത ഒരു ഇമെയില്‍. സബ്ജെക്റ്റ് ആയി കൊടുത്തിരുന്നു “ആരും കണ്ടു പേടിച്ചു കരയരുത്” എന്ന്. പ്രിവ്യൂ വിണ്ടോവില്‍ ഇമെയില്‍ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി.... പല തരത്തിലുള്ള വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍. അതില്‍ നിറയെ ഭയങ്കരമാം വിധം ചിതറിതെറിച്ച മനുഷ്യരുടെ ചിത്രങ്ങള്‍.... ഇവയെല്ലാം കണ്ടു രസിക്കണമെങ്കില്‍, അത് വീണ്ടും മറ്റൊരാള്‍ക്കായ് ഫോര്‍വേഡ് ചെയ്യണമെങ്കില്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലാതാവണം... അല്ലെങ്കില്‍ ഒരു മനോരോഗി ആവണം..... ആ ഇമെയില്‍ എന്റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യുമ്പോള്‍ സങ്കടപ്പെടുകയായിരുന്നു..... അകാലത്തില്‍ പൊലിഞ്ഞു പോയ ആ മനുഷ്യ ജന്മങ്ങളെ ഓര്‍ത്ത് .... അത് ഫോട്ടോ എടുത്തു ഒരു മെസേജില്‍ അറ്റാച്ച് ചെയ്തു അയച്ചു രസിക്കുന്നവരെ ഓര്‍ത്ത് ..... എന്തേ നമ്മള്‍ ഇത്ര ക്രൂരന്മാര്‍ ആവുന്നു?
This comment has been removed by a blog administrator.
ReplyDelete