16 May 2010
രക്ഷസ്സും മറുതയും പിന്നെ ഞാനും
ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടോ...... ഉണ്ടെന്നും ഇല്ലെന്നും രണ്ട് പക്ഷക്കാരെ നമ്മള്‍ക്ക് കാണാം.... എന്നാല്‍ ഈ ഭൂതവും പ്രേതവും ഒക്കെ കാണാന്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കും അറിയില്ല താനും. പലരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് ചില രൂപങ്ങള്‍ അവയ്ക്കായി നെയ്തുകൂട്ടുന്നു.... ചിത്രകാരന്‍മാര്‍ വരയ്ക്കുന്ന പ്രതീകാത്മക രൂപങ്ങളെ നാം പലപ്പോഴും നെഞ്ചില്‍ കുടിയിരുത്തുന്നു. പ്രേതങ്ങളുടെ ഫോട്ടോ എടുത്ത വിരുതന്‍മാരും ഉണ്ട്. മറ്റു ചിലര്‍ ഒട്ടും കുറച്ചില്ല... ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്‍റെ ഫോട്ടോയോപ്പം പ്രേതത്തെ കൂട്ടി ചേര്‍ത്ത് സായൂജ്യമടഞ്ഞു.... രസകരമായ വസ്തുത ഈ പറഞ്ഞ രൂപങ്ങള്‍ എല്ലാം മനുഷ്യരൂപങ്ങള്‍ തന്നെ. (നമ്മുടെ ദൈവങ്ങളും ആത്തരുണത്തില്‍ മനുഷ്യരൂപികള്‍ ആണെല്ലോ..). ഇതിനേല്ലാം ഉപരി പ്രേതങ്ങളുടെ അകമ്പടിക്കാരായി കരിമ്പൂച്ചയും കടവാതിലും (വവ്വാല്‍) തുടങ്ങിയ ജീവികളും. ഇതൊക്കെ ആണെങ്കിലും സത്യമായിട്ടും എനിക്കറിഞ്ഞു കൂട ഈ പ്രേതം എങ്ങിനെ ഇരിക്കും എന്ന്...
സ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന ആഴ്ചപ്പതിപ്പിലൂടെ ഞാന്‍ ആദ്യമായ് യക്ഷിയെയും രക്ഷസ്സിനെയും ഒക്കെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലിലൂടെ... അന്ന് അതൊക്കെ ഒരു ചങ്കിടിപ്പോടെ വായിച്ചു പേടിച്ചിരുന്നു ഞാന്‍. മാത്രമോ, പിന്നെ പിന്നെ മേല്‍പ്പറഞ്ഞ രക്ഷസ്സോക്കെ നോവലില്‍ നിന്നും എന്റെ രാത്രി സ്വപ്നങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി.....ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളെ വെല്ലുന്ന ഭീകര ദൃശ്യങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി..... പേടിച്ചു കൊച്ചുവെളുപ്പാന്‍കാലത്ത് ഞെട്ടി ഉണര്‍ന്നിട്ടും ഈ ഹോറര്‍ സ്വപ്നങ്ങളുടെ ബാക്കി കാണാന്‍ വീണ്ടും കിടന്നിട്ടുണ്ടെന്നുള്ളതാണു രസകരമായ വസ്തുത...
അക്കാലത്താണ് ഞങ്ങളുടെ നാട്ടില്‍ കലാനിലയം നാടക വേദി അവരുടെ സൂപ്പര്‍ ട്യൂപ്പര്‍ ഭീകര നാടകങ്ങളുമായി എത്തിയത്.... “രക്തരക്ഷസ്സ്”, “കടമറ്റത്ത് കത്തനാര്‍”, തുടങ്ങിയ നാടകങ്ങള്‍ ഹൌസ് ഫുള്ളായി കളിച്ചിരുന്ന കാലം.... ഞങ്ങളുടെ വീടിന്റെ 1 കിലോമീറ്റര്‍ ദൂരെ ഉള്ള മുനിസിപ്പല്‍ ഗ്രൌണ്ടില്‍ ആയിരുന്നു നാടക പ്രദര്‍ശനം.....മേല്‍പ്പടി നാടകങ്ങള്‍ കാണാന്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയിരുന്നു ഈയുള്ളവനും.... ഷോ കഴിഞ്ഞു പാതിരാത്രിയില്‍ തിരികെ കാല്‍നടയായി ചൂളമടിച്ചും ഒച്ച ഉണ്ടാക്കിയും പേടി അകറ്റി വീട്ടിലേക്കുള്ള യാത്ര ഇന്നും ഞാന്‍ ഓര്‍ക്കുന്നു....കൂടെ ഉണ്ടായിരുന്ന ജ്യേഷ്ഠനായിരുന്നു എന്റെ ഒരു ധൈര്യം.... ഒറ്റയ്ക്ക് ഇരുട്ടുള്ള മുറിയില്‍ കയറിയിരുന്നില്ല ആക്കാലമൊക്കെ...
വളര്‍ന്നപ്പോള്‍ ആ സ്വപ്നങ്ങള്‍ എങ്ങോ മാഞ്ഞു പോയി... രക്ഷസ്സും മറുതയും ഭൂതപ്രേത പിശാചുക്കളും എല്ലാം മനസ്സിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണ് പോയി. എങ്കിലും ഇന്നും ഒരു ഹൊറര്‍ ചിത്രം കാണുമ്പോള്‍ അവയെല്ലാം മെല്ലെ തല പൊന്തിച്ചു നോക്കാറുണ്ട്...തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട്....
പ്രേതങ്ങളേയും രക്ഷസ്സുകളേയും ഇത്രയേറെ പ്രാധാന്യത്തോടെ കടുത്ത വര്‍ണക്കൂട്ടുകളില്‍ ചാലിച്ചു മനുഷ്യന്‍റെ വിശ്വാസങ്ങള്‍ക്കൊപ്പമോ അന്ധവിശ്വാസങ്ങള്‍ക്കൊപ്പമോ തേച്ചുപിടിപ്പിച്ചത് ആരാണ്... ആരാണെങ്കിലും അവര്‍ക്ക് വ്യക്തമായ ചില ഉദ്ദേശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.... കച്ചവടത്തിന്റെ ചില തന്ത്രങ്ങളായി പിന്നെ പിന്നെ നിലനില്‍പ്പിനുള്ള കച്ചിത്തുരുമ്പായി മനുഷ്യന്‍റെ വിശ്വാസങ്ങളുടെ നെറുകയില്‍ അടിച്ചിറക്കിയ ആണിയായി ഇന്നും അവ നിലനില്‍ക്കുന്നു..... അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.....
Subscribe to:
Post Comments (Atom)
ജീവിതം തന്നെ ഒരു ഹൊറര്‍ ആണ് സുഹൃത്തേ
ReplyDelete:-)
ഉപാസന