Web Toolbar by Wibiya

Pages

15 August 2011

ജാതകം | horoscope



മനസ്സിന്റെ വരാന്തയില്‍ ഭാവനയെന്ന ചാരുകസേരയില്‍ ഇടയ്ക്കു എപ്പോഴോ അര്‍ദ്ധവിരാമമിട്ട എഴുത്തു തുടരുന്നതിനെപ്പറ്റി ചിന്തിച്ച് ചാഞ്ഞു കിടക്കവേ പതിയെ ഗായത്രി കടന്നു വന്നു.  അവള്‍ മനസ്സില്‍ മുട്ടി വിളിച്ചിട്ട് ചോദിച്ചു "എന്നോടൊന്നു മിണ്ട്വോ ?"  ദയനീയമായ ആ ചോദ്യം എനിക്ക് കേട്ടില്ല എന്ന് നടിക്കാന്‍ കഴിഞ്ഞില്ല.  അവളുടെ സ്വരത്തിനായ് കാതു കൂര്‍പ്പിക്കവേ ഒരു വിതുമ്പലോടെ അവള്‍ അവളുടെ കഥ പറഞ്ഞു. 

-----------------------------------------

ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവള്‍ നഴ്സിംഗ് പഠനത്തിനു ശേഷം വിദേശത്തൊരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍  ജോലി കരസ്ഥമാക്കി.  അവിടെ അവളുടെ  സീനിയര്‍ ആയിരുന്നു രാകേഷ്.  സ്വന്തം ജില്ലയില്‍ നിന്നുള്ള രാകേഷ് അവള്‍ക്കൊരു സഹായം തന്നെ ആയിരുന്നു.  ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് അവള്‍ക്ക്  അയാള്‍ ജോലിയില്‍ നല്ല പിന്തുണ നല്‍കിയിരുന്നു.  പിന്നെ പിന്നെ ആ സൌഹൃദം വളര്‍ന്നു. എങ്കിലും അതൊരു പ്രേമം ആയിരുന്നോ... അവള്‍ക്കറിയില്ല.. എങ്കിലും സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വച്ചുള്ള കളിയാക്കലുകള്‍ക്ക്  അവര്‍ മൌനാനുവാദം നല്‍കിയിരുന്നു.  അവള്‍ക്കവനെ ഇഷ്ടമായിരുന്നു .. അവന് അവളെയും... അവധി ദിനങ്ങളില്‍ അവര്‍ പാര്‍ക്കിലും കോഫി ഷോപ്പുകളിലും സിനിമകളിലും ഒക്കെയായി അവര്‍ സമയം ചിലവിട്ടു.  ഒരവസരത്തില്‍ പോലും മര്യാദയുടെ / സ്വാതന്ത്ര്യത്തിന്റെ  അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പ്രവൃത്തി അവനില്‍ നിന്നും ഉണ്ടായില്ല.  അത് അവളില്‍ അവനോടുള്ള സ്നേഹത്തിനു ഔന്നിത്യം നല്‍കി .   അങ്ങിനെ 4 വര്‍ഷങ്ങള്‍ കടന്നു പോയി.  കാലം ആ സൌഹൃദത്തിനു ആക്കം കൂട്ടി.  അവന്‍ അവള്‍ക്കെല്ലാം ആയിരുന്നു. ആ മിഴികള്‍ അവനോടത് പലവട്ടം ചൊല്ലി.  അവന്‍ അതറിഞ്ഞുവോ ?  അവന്റെ പുഞ്ചിരിയില്‍ അവള്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരുന്നു .

അങ്ങിനെ ഒരു അവധിക്കാലം വരവായി.  ഒരുമിച്ചു നാട്ടില്‍ പോകാന്‍ അവര്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നു.  പോകുന്നതിനു ഒരാഴ്ച മുന്‍പുള്ള ഒരു വെള്ളിയാഴ്ച .  പാര്‍ക്കിലെ പുല്‍മെത്തയില്‍ ചുറ്റിലും ഓടിക്കളിക്കുന്ന അറബിക്കുട്ടികളെ കണ്ടു അലസമായി ഇരിക്കവേ അവന്‍ അവളുടെ കാതില്‍ ചൊല്ലി.. " ഒരു സര്‍പ്രൈസ്‌ ഉണ്ട് ".  അവള്‍ ആകാംഷയോടെ മുഖമുയര്‍ത്തി.  അത് കണ്ടു അവന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.  " ഇന്ന് എന്റെ അച്ഛനും അമ്മാവനും കൂടി ഗായത്രിയുടെ വീട്ടില്‍ പോയിരുന്നു.  ജാതകം വാങ്ങുവാന്‍ ".   അവളുടെ മുഖം തുടുത്തു... കണ്ണുകള്‍ വിടര്‍ന്നു... ഏറെ നാളായി കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ...  അവള്‍ തയാറെടുക്കാന്‍ തുടങ്ങി, അവന്റെതാവാന്‍ ...


"പിള്ളേരുടെ ജാതകം നല്ല പൊരുത്തം.." രാകേഷിന്റെ അമ്മ ഗായത്രിയുടെ അമ്മയോട്  ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ പറഞ്ഞു.  "മോളും മോനും ഇങ്ങെത്താന്‍ കാത്തിരിക്കയാ" ഗായത്രിയുടെ അമ്മ തന്റെ സന്തോഷം മറച്ചു വച്ചില്ല.  "വരുന്ന മലയാളം ഒന്നിന് നടത്താം എന്നാ രാകേഷിന്റെ അച്ഛന്‍ പറയുന്നത്. അവന്റെ അമ്മാവന്മാര്‍ രണ്ടാള്‍ കുവൈറ്റില്‍ ഉണ്ട്.. അവര്‍ കൂടി എത്തിയിട്ട് കൂടിയാലോചിച്ച് തീയതി ഉറപ്പിക്കാം എന്ന് കരുതുന്നു."  രാകേഷിന്റെ അമ്മ പറഞ്ഞു.  "ഒന്നെന്നു പറഞ്ഞാല്‍ ഇനി രണ്ടാഴ്ച്ചയല്ലേ ഉള്ളു.."  ഗായത്രിയുടെ അമ്മയ്ക്ക് പരവേശം ആയി..  "മോള്‍ടെ അച്ഛന്‍ ഉണ്ടായിരുന്നേല്‍ ഒന്നും അറിയേണ്ടായിരുന്നു.. എല്ലാത്തിനും ഞാന്‍ തന്നെ ഒടെണ്ടേ.." ഗായത്രിയുടെ അമ്മ സങ്കടം പറഞ്ഞു.  "ഓ.. അതൊക്കെ അങ്ങ് നടക്കുമെന്നെ"  രാകേഷിന്റെ അമ്മ ആശ്വസിപ്പിച്ചു. 


ഗായത്രിയുടെ അമ്മ തന്റെ ആങ്ങളയുടെ മകന്‍ വഴി മണ്ഡപം ബുക്ക്‌ ചെയ്യിച്ചു, സദ്യ വട്ടങ്ങളുടെ ചുമതല അകന്ന  ബന്ധത്തിലുള്ള ലക്ഷ്മണന്‍ നായരെ ഏല്‍പ്പിച്ചു.. "ഇനി ക്ഷണിക്കല്‍ ഒക്കെ ഗായത്രി വന്നിട്ടാവാം "  അമ്മ കരുതി.


രാകേഷും ഗായത്രിയും നാട്ടില്‍ എത്തി.   എത്തിയ പാടെ അവള്‍ രാകേഷിന്റെ വീട്ടിലേക്കു വിളിച്ചു .  അവന്‍ അങ്ങ് ചെന്ന് ചേര്‍ന്നോ എന്നറിയാന്‍ .  ഫോണ്‍ എടുത്തത്‌ അച്ഛന്‍ "അച്ഛാ ഞാന്‍ ഗായത്രിയാണ്.  രാകേഷ് എത്തിച്ചേര്‍ന്നോ എന്നറിയാന്‍ വിളിച്ചതാ.."  അവള്‍ നാണത്തോടെ പറഞ്ഞു.  ഉറക്കെ ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു " ഇല്ല മോളെ .. അവന്‍ വരാന്‍ അല്പം വൈകും ..  അവന്റെ അമ്മാവന്മാര്‍ എത്തിയിട്ടുണ്ട്.. അവരെ കൂടി കൂട്ടിയേ അവന്‍ എത്തൂ.  ആഹ..ആഹ... ഇപ്പൊ തന്നെ കരുതല്‍ തുടങ്ങി അല്ലെ.. ഹൂം ഒന്നാം തീയതി കഴിയട്ടെ... ഫോണ്‍ വിളിച്ചു കഷ്ട്ടപ്പെടെണ്ടല്ലോ... നേരിട്ട് തന്നെ ചോദിക്കാമല്ലോ.." ... അവള്‍ നാണിച്ചു ചിരിച്ചു... അമ്മ അത് ശ്രദ്ധിച്ചു .  ആ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു. 


അന്ന് തന്നെ അവള്‍ തന്റെ അകന്നതും അടുത്തതും ആയ അടുത്ത ബന്ധുക്കളെ ഫോണില്‍ വിളിച്ചു കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചു.. ഒടുവില്‍ പറഞ്ഞാല്‍ അവര്‍ക്ക് അസൌകര്യം ആയെങ്കിലോ..  അച്ഛന്റെ അഭാവം അവള്‍ക്കനുഭവപ്പെട്ടു.. ആ സ്നേഹം ഒരു വിങ്ങലായ് ഇടനെഞ്ചില്‍ പടര്‍ന്നിറങ്ങി.. അവളുടെ കണ്‍കോണുകളില്‍ പൊടിഞ്ഞ നീര്‍ അമ്മ കാണാതെ അവള്‍ തുടച്ചു.  അത് കണ്ടാല്‍ അത് മതി അമ്മയ്ക്ക് ഇന്നത്തേക്ക്... പിന്നെ അച്ഛനെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരിക്കും .  അച്ഛന്‍ മണ്മറഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മ ആ സ്നേഹം ആ ബഹുമാനം കെടാതെ സൂക്ഷിക്കുന്നു.. അവള്‍ക്കതു വലിയ ആശ്ച്ചര്യമായിരുന്നു.  ഇപ്പോഴും അവര്‍ പ്രണയിക്കുന്നു എന്നവള്‍ക്കറിയാം.  ഈ പ്രപഞ്ചത്തിനും  അതീതമായ പ്രണയം. 


വൈകുന്നേരം രാകേഷ് വിളിച്ചു.  അവന്‍ എത്തി എന്ന് അറിയിക്കാന്‍ .  പിന്നെ കുറെ മണിക്കൂര്‍ നീണ്ട സല്ലാപം.  "നീ വിളിച്ചിട്ട് അവന്റെ കൂടെ അങ്ങ് പോവും.. ഫോണ്‍ ബില്‍ കെട്ടേണ്ടത് ഞാനാ..."  അടുക്കളയില്‍ പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന  അമ്മ കളിയാക്കി. 


രണ്ടു ദിവസം കഴിയുന്നു.  കല്യാണ തീയതിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.  ദിവസം കടന്നു പോകുന്നു.. അമ്മയ്ക്ക് വേവലാതിയായി.  രാകേഷിന്റെ വീട്ടിലേക്കൊന്നു വിളിച്ചാലോ.  വിളിച്ചു രാകേഷിന്റെ അമ്മ ഫോണ്‍ എടുത്തു. 


"ആഹാ.. ഭാനുമതിയോ, ഞാന്‍ ദേ രാകേഷിന്റെ അച്ഛന് കൊടുക്കാം ".   സാധാരണ കുശലം ചോദിക്കുന്ന കമലത്തിനു ഇന്ന് എന്ത് പറ്റി ഗായത്രിയുടെ അമ്മ ആശ്ചര്യപ്പെട്ടു. 

"ഇവിടെ കുറച്ചു വിരുന്നുകാര്‍ ഉണ്ട് .  കല്യാണ തീയതി സംബധിച്ച് ഞാന്‍ ഇന്ന് വൈകിട്ട് അങ്ങോട്ട്‌ വിളിക്കാം " എന്ന് പറഞ്ഞു രാകേഷിന്റെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു.   നെഞ്ചില്‍ ഒരു കരിങ്കല്ലെടുത്ത്‌ വച്ച പോലെ ... അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചപ്പോള്‍ തന്റെ കൈ വിറച്ചുവോ..

ഗായത്രി തന്‍റെ സുഹൃത്തുക്കളെ വിളിക്കുന്ന തിരക്കില്‍ ആയിരുന്നു.  വൈകുന്നേരം ആയപ്പോള്‍ ഗായത്രിയുടെ അമ്മ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങി.. അക്ഷമ അവരില്‍ സമ്മര്‍ദം ഉയര്‍ത്തി. 


അടുക്കളയില്‍ നിന്നു ഗായത്രിക്ക് വേണ്ടി ചപ്പാത്തി ചുടുമ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി.  സ്റ്റവ്‌ ഓഫ്‌ ചെയ്തു അവര്‍ കൈ പോലും തുടയ്ക്കാതെ ഫോണിനരികിലേക്ക്  ഓടി.  കിതച്ചു കൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നൊരു പരുക്കന്‍ ശബ്ദം.  "ഞാന്‍ പീതാംബരക്കുറുപ്പ് .  രാകേഷിന്റെ അമ്മാവനാ . "  കുശലാന്വേഷണത്തിനായ്  വായ്‌ തുറക്കുന്നതിനു മുന്നേ  ചെവില്‍ ആര്‍ത്തലച്ചു വീണ ആ വാക്കുകള്‍ അവരെ സ്ഥബ്ദയാക്കി .  


"ഈ കല്യാണം നടന്നുകൂടാ.  പേര് കേട്ട ഒരു ജ്യോത്സ്യനെ രാകേഷിന്റെ ജാതകം കാണിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു ആദ്യം വരുന്ന കല്യാണ ആലോചന നടത്തിക്കൂടാ. ചെറുക്കന് ദോഷം ആണത്രെ.  ഭാനുമതിയമ്മ ക്ഷമിക്കണം.  മോളോട് കൂടി ഇതൊന്നു പറഞ്ഞേക്കണം ".  അയാള്‍ ഫോണ്‍ കട്ട് ചെയ്തത് ഭാനുമതിയമ്മ അറിഞ്ഞില്ല.  അവരുടെ ഉള്ളില്‍ ആയിരം അഗ്നിപര്‍വ്വതങ്ങള്‍ ഒന്നായി പൊട്ടിചിതറുകയായിരുന്നു. 

ഗായത്രിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. താന്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടിയ സ്വപ്നത്തിന്‍ കുന്നിമണി നിറച്ച ചിമിഴ്  താഴെ വീണുടഞ്ഞുവോ.. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ രാകേഷിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  "നിങ്ങള്‍ വിളിച്ച സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് ദയവായി അല്‍പ്പ നേരം കഴിഞ്ഞു വിളിക്കുക " ഈ സന്ദേശം തുടരെത്തുടരെ അവളുടെ കാതില്‍ മുഴങ്ങി.


നേരം പുലരുംവരെ അമ്മ അവളുടെ വാതില്‍ക്കല്‍ കാവലിരിക്കുകയായിരുന്നു.  തന്റെ കുഞ്ഞ് .. ഇവള്‍ എങ്ങിനെ ഇത് സഹിക്കുന്നു..   പുലര്‍ച്ചെ കണ്ണീരില്‍ കുതിര്‍ന്ന തലയിണ ഭിതിയിലേക്ക് വലിച്ചെറിഞ്ഞു അവള്‍ തിടുക്കത്തില്‍ ഒരുങ്ങി അവള്‍ അടുത്തുള്ള പബ്ലിക്‌ ബൂത്തിലേക്ക് നടന്നു. രാകേഷിന്റെ  മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  അഞ്ചാറു റിങ്ങിന് ശേഷം അപ്പുറത്ത് ഉറക്കച്ചടവുള്ള ശബ്ദം കേട്ടു.. രാകേഷ് സമാധാനമായി ഉറങ്ങുകയായിരുന്നു  ഇത് വരെ.  ഗായത്രിയുടെ ശബ്ദം തിരിച്ചറിഞ്ഞ മാത്രയില്‍ ഉറക്കച്ചടവ് ആ ശബ്ദത്തില്‍ നിന്നും മാഞ്ഞു പോയി.  അവന്‍ പറഞ്ഞ ഹലോ യില്‍ പോലും ഒരു വിറ പടര്‍ന്നിരുന്നു.


"രാകേഷ്... നീ കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനം..." വിങ്ങിപ്പോട്ടാതിരിക്കാന്‍  ശ്രമിച്ചു കൊണ്ട് അവള്‍ ചോദിച്ചു.  


"അത് പിന്നെ ... വീട്ടില്‍ എല്ലാവരും അങ്ങിനെ പറയുമ്പോ..." അവന്റെ വാക്കുകള്‍ മുറിഞ്ഞു. 

"എന്തിനു നീ എനിക്ക് ആശ തന്നു..... എന്ത് കൊണ്ട് നിന്റെ സ്നേഹം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ നിനക്ക് കഴിഞ്ഞില്ല.? എല്ലാം നിനക്കറിയാമായിരുന്നു എങ്കില്‍  എന്തിന് എന്റെ കുടുംബത്തെ ഈ ദുഖത്തിലേക്ക് വലിച്ചിഴച്ചു ?  . നീ ഒരു ആണാണോ ? ." 

അവളുടെ ഒരായിരം ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം തിരഞ്ഞു കൊണ്ടിരുന്ന രാകേഷിന്റെ ചെവിയിലേക്ക്  "ഗുഡ് ബൈ " എന്നൊരു അലര്‍ച്ചയും റിസീവര്‍ ക്രാഡിലിലെക്ക് എരിയുന്ന മുഴക്കവും വന്നു പതിച്ചു. 

തിരികെ വീട്ടില്‍ എത്തിയ ഗായത്രിയുടെ കയ്യില്‍ അന്ന് വൈകുന്നേരത്തെ ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഉണ്ടായിരുന്നു.  കനലെരിയുന്ന കണ്ണുകളുമായി കയ്യില്‍ കിട്ടിയതെല്ലാം വാരി ബാഗില്‍ ആക്കി അമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ടാക്സിയിലേക്ക്‌ കയറുമ്പോള്‍ പിന്നില്‍ ഒന്ന് മിണ്ടാന്‍ പോലും ആവാതെ തളര്‍ന്നു നിന്ന ഒരു അമ്മയുടെ കണ്ണുകള്‍ കര കവിഞ്ഞൊഴുകുകയായിരുന്നു.  


No comments:

Post a Comment