Web Toolbar by Wibiya

Pages

27 August 2010

പുഴുപുരാണം


ജ്യേഷ്ഠന്‍ വാങ്ങിക്കൊണ്ട് വന്ന കാബേജിന്റെ ചുറ്റിലും കുട്ടിപ്പട്ടാളം കൂടി നില്ക്കുന്ന കണ്ടപ്പോള്‍ എനിക്കും കൌതുകം ആയി... എന്താണിത്ര കാര്യമായി നോക്കിക്കാണാന്‍ ഒരു കാബേജില്‍ ഉള്ളത്... സൂത്രത്തില്‍ ഞാനും പോയി ഒന്നെത്തിനോക്കി... പെട്ടന്നു അസാധാരണമായി ഒന്നും എന്റെ ശ്രദ്ധയില്‍ പ്പെട്ടില്ല. കൂട്ടത്തില്‍ മുതിര്ന്നയാളോട് കാര്യം ചോദിച്ചു... ഉത്തരം തന്നത് കൂട്ടത്തിലെ ചെറുതായിരുന്നു... "ദേ നോക്കിയെ പുയു".. 

പുയുവോ അതെന്തു സാധനം എന്നു കരുതി ഞാന്‍ സൂക്ഷിച്ചു നോക്കി... കാബേജിന്റെ പുറത്തെ ഇലയ്ക്കിടയില്‍ നിന്നും പച്ച നിറത്തില്‍ ഉള്ള ഒരു കുഞ്ഞന്‍ പുഴു എത്തിനോക്കി ഹാജര്‍ പറഞ്ഞു.... അതിനെ കണ്ടപ്പോള്‍ എന്റെ ഉള്ളിലെ കുട്ടിത്തം ഉണര്ന്നു ... ഒരു ചെറു ചിരിയായി അത് പുറത്തു വന്നു.. കുട്ടികളെയും കാബേജിനെയും അതിന്റെ ഉള്ളില്‍ ഇല തിന്നു വിലസുന്ന ആ കുഞ്ഞന്‍ പുഴുവിനെയും വിട്ടു ഞാന്‍ പതിയെ കട്ടിലിലേക്ക് ചാഞ്ഞു... ഈ കൊങ്ക്രീറ്റ് വനത്തിന്റെ ഉള്ളില്‍ താമസിക്കുന്ന ഈ പിഞ്ചു കുട്ടികള്ക്ക്  ഈ കുഞ്ഞന്‍ പുഴുവിനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കണ്ടപ്പോള്‍ എനിക്കും ആഹ്ലാദം തോന്നി.. അതോടൊപ്പം അവര്ക്ക് അനുഭവിച്ചറിയാന്‍ കഴിയാതെ പോവുന്ന നമ്മുടെ നാട്ടിലെ കാഴ്ചകള്‍ ഓര്ത്തപ്പോള്‍ സങ്കടവും..... പറക്കും വര്ണമായ ചിത്രശലഭങ്ങളും, പച്ചക്കോട്ടിട്ടു ചാടി ചാടി നടക്കുന്ന പുല്ച്ചാടിയും, വീടിന്റെ ഓരം ചേര്ന്ന് കുഴികുത്തി വാഴുന്ന (റിവേഴ്സ് ഗിയറില്‍ മാത്രം ഓടുന്ന) കുഴിയാനയും, ചില്‍ ചില്‍ ശബ്ദമുണ്ടാക്കി മരംതോറും ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനും, കൂ കൂ പാടും കുയിലും, പുഞ്ചപ്പാടങ്ങളും തൊടുകളും അതില്‍ ഉല്ലസിക്കുന്ന പരല്‍ മീനുകളും മാനത്തുകണ്ണികളും, എന്നിങ്ങനെ അവര്‍ കാണാതെ പോവുന്ന എത്ര എത്ര കൌതുകകരമായ കാഴ്ചകള്‍... സാഹചര്യം അങ്ങിനെ ആയിപ്പോയി എന്നു സമധാനിക്കാം. അല്ലെങ്കിലും ഈ മരുവില്‍ കെട്ടിപ്പോക്കിയ പട്ടണങ്ങളില്‍ കുഴിയാനയും പുല്ച്ചാടിയും എവിടെ... അവയെ ഒക്കെ കാണണമെങ്കില്‍ ഡിസ്കവറി ചാനല്‍ തന്നെ ആശ്രയം...

അതൊക്കെ പോട്ടെ... നമ്മുടെ നാട്ടില്‍ ഉള്ള കുട്ടികളോട് ചോദിച്ചാല്‍ ‘കുഴിയാനയോ അതെന്തു ആന?’ എന്നു കുട്ടികള്‍ ചോദിക്കുന്ന കാലം. അങ്ങിനെ ഒരു ജീവി വീടിന്റെ പിന്നാംപുറത്തു താമസിക്കുന്നു എന്നു പോലും അവര്ക്ക് അറിഞ്ഞുകൂടാ... അല്ലേലും അതൊക്കെ കാട്ടി കൊടുക്കാന്‍ ആര്ക്കാ ഇപ്പോ സമയം... പണ്ടൊക്കെ സ്കൂള്‍ അവധിക്കാലം ആയാല്‍ പൊറുതിമുട്ടിയിരുന്നത് ആ പാവം കുഴിയാനകള്ക്കായിരുന്നു.... പിള്ളേര്‍ എല്ലാകൂടി ആ പാവത്തിനെ കുഴിയില്‍ നിന്നു തോണ്ടി വെളിയില്‍ ഇടും...അതിയാന്‍ റിവേഴ്സ് ഗിയറില്‍ ഓടുന്നത് കാണാന്‍....

ഇപ്പോഴത്തെ ബാല്യങ്ങള്‍ ഭാരിച്ച സ്കൂള്‍ ബാഗ് ചുമലില്‍ എറ്റി നടക്കാന്‍ വിധിക്കപ്പെട്ടവര്‍, നീണ്ട അധ്യയന സമയത്തിന് ശേഷം നേരെ ചൊവ്വെ ഒന്നു ശ്വാസം എടുക്കുന്നതിന് മുന്നേ വീണ്ടും ട്യൂഷനു പോവാന്‍ നിര്ബന്ധിക്കപ്പെട്ടവര്‍... അവര്ക്കെവിടെ ഇതിനൊക്കെ സമയം... ഈ ബാല്യത്തില്‍ കാണേണ്ട അനുഭവിച്ചറിയേണ്ട കൊച്ചു കൊച്ചു കൌതുകക്കാഴ്ചകള്‍ അവര്ക്കും അന്യം നിന്നു പോവുന്നു.. കാലത്തിനൊത്തു ഓടുന്ന തിരക്കില്‍.....

അതൊക്കെ ഓര്ക്കുമ്പോള്‍ തമ്മില്‍ ഭേദം പുറംനാട്ടില്‍ ജീവിക്കുന്ന ഈ കുട്ടികള്‍ തന്നെ.. അവര്‍ ‘പുയു’വിനെ കണ്ടല്ലോ.... അത്രയെങ്കിലും ആശ്വസിക്കാം....

1 comment:

  1. ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ഒരു ഹൃദയഹാരിയായ പോസ്റ്റ്‌!!
    ഈ ബ്ലോഗില്‍ ആദ്യമായാണ്‌.
    എല്ലാ ആശംസകളും!!

    ReplyDelete