Web Toolbar by Wibiya

Pages

13 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 1






കാന്തിവ്ലി റയില്‍വേ സ്റ്റേഷന്‍ , മുംബൈ. സമയം രാത്രി 7:00 മണി.

രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വരാനുള്ള 7:10 ന്റ്റെ വിരാര്‍ സ്ലോ ലോക്കല്‍ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ തിരക്കിട്ട് ജോലി ചെയ്തിരുന്ന പ്ലാറ്റ്ഫോമിലെ ചെരുപ്പുകുത്തികള്‍ തങ്ങളുടെ പെട്ടി പൂട്ടിവച്ച് സ്ഥലം വിട്ടിരുന്നു. ഓഫീസ് വിടുന്ന സമയത്ത് ആര് ഷൂ പോളിഷ് ചെയ്യാന്‍ ? അതാവണം അവര്‍ക്ക് നേരത്തേ സ്ഥലം വിടാനുള്ള പ്രചോദനം. പ്ലാറ്റ്ഫോം ഏതാണ്ട് കാലി . തൊട്ട് മുമ്പുള്ള ഫാസ്റ്റ് ലോക്കലിന് കൂടുതല്‍ പേരും പോയിട്ടുണ്ടാവണം.


അക്ഷമയോടെ വാച്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ ക്ഷീണത്താല്‍ കണ്ണുകള്‍ കൂമ്പിയടയാന്‍ വെമ്പുന്നുണ്ടായിരുന്നു.


ഉച്ചത്തില്‍ ഉള്ള ഹോണ്‍ കേട്ടു. ഏതോ ലോക്കല്‍ ട്രയിന്‍ തന്റെ വരവറിയിക്കുകയാണ്. എനിക്കു പോകേണ്ട ട്രയിന്‍ ആണോ... അല്ല. തൊട്ടടുത്ത സ്റ്റേഷന്‍ വരെ ഉള്ള സ്ലോ ട്രയിന്‍ ആണ്. അത് ഒച്ച കേള്‍പ്പിക്കാതെ ഒരു പൂച്ചയെ പോലെ പതുങ്ങി മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് സാവധാനം വന്നുകൊണ്ടിരുന്നു.


കംപാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ അക്ഷമയോടെ തൂങ്ങി നില്ക്കുന്ന പുരുഷന്മാര്‍ .. അതിലും അക്ഷമയോടെ ലേഡീസ് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കല്‍ ഇപ്പോള്‍ പുറത്തേക്ക് ചാടും എന്ന കണക്കിനു നില്ക്കുന്ന മഹിളകള്‍ .. എല്ലാവരും തിരക്കേറിയ ഒരു ദിനത്തിനൊടുവില്‍ തങ്ങളുടെ കൂടുകളില്‍ ചേക്കേറാനുള്ള തിടുക്കത്തില്‍ ..


പ്ലാറ്റ്ഫോമിലൂടെ ആ ട്രയിന്‍ സാവധാനം കടന്നെത്തുന്നത് സാകൂതം വീക്ഷിച്ചുകൊണ്ടു തടികൊണ്ടുള്ള ചാരുബഞ്ചില്‍ ഞാനിരുന്നു.


പെട്ടെന്നൊരാള്‍ നിര്‍ത്താന്‍ വേണ്ടി വേഗം കുറച്ച ആ ട്രയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി ട്രയിനിന്റെ വേഗത്തിനൊപ്പം ഓടി. വേഗം വീട്ടില്‍ എത്താന്‍ മറ്റുള്ളവരേക്കാള്‍ അയാള്‍ക്ക് തിടുക്കം ഉള്ളത് പോലെ.


പൊടുന്നനെ കാഴ്ചക്കാരെ സ്ഥബ്ദരാക്കി അയാള്‍ പ്ലാറ്റ്ഫോമില്‍ പാകിയ ടൈലില്‍ തട്ടി പ്ലാറ്റ്ഫോമിലേക്ക് വീണു. ചരിവുള്ള പ്ലാറ്റ്ഫോമില്‍ വീണ അയാള്‍ ഉരുണ്ടു പ്ലാറ്റ്ഫോമിനിടയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരുന്ന ട്രയിനിന്റെ അടിയിലേക്ക് പോവുന്നത് കണ്ടു ഇടനെഞ്ചില്‍ ഒരു ആര്‍ത്തനാദം ഉയര്‍ന്നു... ബഞ്ചുകളില്‍ ഇരുന്നവര്‍ ഓടിച്ചെന്നു അയാള്‍ പ്ലാറ്റ്ഫോമിനടിയിലേക്ക് ഊര്‍ന്ന് പോവുന്നതിന് മുന്പെ പിടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി.


പിന്നെ ...... കരള്‍ വലിച്ചു കീറുമാറുള്ള നിലവിളി... അറക്കവാള്‍ പോല്‍ സാവധാനം തന്നെ കീറിമുറിക്കാനെത്തുന്ന ഉരുക്കുചക്രങ്ങള്‍ക്കു മുന്നില്‍ നിസ്സഹായനായ ഒരു മനുഷ്യന്റെ ഹൃദയം നുറുങ്ങുമാറുള്ള നിലവിളി... ഇടയ്ക്കു വച്ച് മുറിഞ്ഞ ആ നിലവിളി... അതിന്നും കാതുകളില്‍ മുഴങ്ങുന്നു.. ഉള്ളില്‍ ഒരു നൊംബരമുണര്‍ത്തിക്കൊണ്ട് ....


ക്ഷണികമീ ജീവിതം...

No comments:

Post a Comment