Web Toolbar by Wibiya

Pages

24 February 2011

ഇത്തിരി ഗമ ഉള്ള നാണയം







150 രൂപ നാണയത്തിന്റെ ഒരു കാര്യം. അങ്ങോര്‍ ഇപ്പോ ഗര്‍ഭാവസ്ഥയില്‍ ആണ്. ഡെലിവറി ഉടന്‍ ഉണ്ടാകുമത്രേ. പോക്കറ്റിലെ ഭാരം കാരണം നാണയം കഴിവതും ഒഴിവാക്കാന്‍ നോക്കുമ്പോള്‍ ആണ് പുതിയ നാണയങ്ങള്‍ രൂപമെടുക്കുന്നത്.. ശ്ശൊ ...ഹ.ഹ. നോട്ടുകള്‍ ഉപയോഗം മൂലം പഴഞ്ചനായി കീറി പോവാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് നാണയങ്ങള്‍ കൂടുതലായി ഇറക്കുന്നതത്രേ.

എന്തായാലും കുറച്ചു നാള്‍ കഴിയുമ്പോഴേക്കും 100 രൂപ 150 രൂപ 200 രൂപ 250 രൂപ 500 രൂപ 1000 രൂപ എന്നിങ്ങനെ നാണയങ്ങളുടെ കാലം ആയിരിയ്ക്കും... 1 രൂപ 2 രൂപ 5 രൂപ നാണയങ്ങള്‍ ആരും ഉപയോഗിക്കാതെ ആവും. നാണയം ശേഖരിക്കുന്നവരുടെ കൈകളില്‍ മാത്രമായി അവ ഒതുങ്ങുന്ന കാലം വിദൂരമല്ല. .

എന്റെ സ്കൂള്‍ കാലഘട്ടങ്ങളില്‍ 5 പൈസയ്ക്കും 10 പൈസയ്ക്കും എന്തു വില ആയിരുന്നെന്നോ. 10 പൈസയ്ക്ക് വിവിധ നിറങ്ങളില്‍ ഉള്ള ഐസ് മിഠായികള്‍ കിട്ടുമായിരുന്നു.. അന്നൊക്കെ ഒരു രൂപയും രണ്ടു രൂപയും ഒക്കെ പോക്കറ്റില്‍ ഇട്ടു നടക്കുന്നതു ഒരു ഗമ ആയിരുന്നു. അങ്ങിനെ ഉള്ള സഹപാഠികളെ ഒരു തരം ആരാധനയോടെ ആണ് നോക്കി കണ്ടിരുന്നത്.

കുറച്ചു നാള്‍ മുന്പ് നാട്ടിലെ ഒരു മല്‍സ്യ മാര്‍ക്കറ്റില്‍ വച്ചുണ്ടായ ഒരു അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു... അവിടെ വിവിധ തരം മല്‍സ്യങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു... ഒച്ച വച്ചു ആളെ ആകര്‍ഷിച്ചു വില്‍പ്പന പൊടി പൊടിക്കുന്നു.. ഒരു കച്ചവടക്കാരന്‍ അയല മീന്‍ 4 എണ്ണം വച്ചിട്ടു "രൂപയ്ക്ക് നാല് .. രൂപയ്ക്ക് നാല് " എന്നു വിളിച്ച് കൂവുന്നു. അത് കേട്ടു എനിക്കു അത്ഭുതമായി.. രൂപ എന്നു സാധാരണ നമ്മള്‍ പറയുന്നതു 1 രൂപയ്ക്കാണ് . അപ്പോള്‍ പിന്നെ ഇത് എങ്ങിനെ സാധ്യം .... ഞാന്‍ ആ കച്ചവടക്കാരനോട് ചോദിച്ചു "രൂപ എന്നു വച്ചാല്‍ ??"... ഇവന്‍ ഏത് കോത്താഴത്തു നിന്നു വന്നു എന്ന പുച്ഛഭാവത്തോടെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "രൂപ എന്നു വച്ചാല്‍ 100 രൂപ ".  അടുത്തു നിന്നവര്‍ ചിറി കോട്ടി... ഇവന് ഒന്നും അറിയില്ലേ എന്ന ഭാവത്തില്‍ .

നാട്ടിലേക്കു വല്ലപ്പോഴും ഒരു വിരുന്നുകാരനെ പോലെ വരുന്ന ഒരു പ്രവാസിയായ ഞാന്‍ ഇത്തരം മാറ്റങ്ങളെ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആണ് വീക്ഷിച്ചിരുന്നത്, ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന ആശങ്ക മനസ്സില്‍ നിറയുമ്പോഴും..




No comments:

Post a Comment