പാതി തുറന്നോരാ ജനല്‍
പാളികള്‍ക്കിടയിലൂടൊഴുകിയെത്തി എന്‍
കുഞ്ഞു കണ്‍പോളയെ തഴുകിയുമെന്‍ -
കുഞ്ഞിളം കവിളില്‍ മുത്തിയാപ്പൊന്‍വെയില്‍ .
മെല്ലെയെന്‍ അമ്മതന്‍ മന്ത്രണമെന്‍
കാതിലോടിയെത്തി “ ഉണരെന്നുണ്ണീ
സ്കൂളില്‍ പോവണ്ടേടാ..ചക്കരേ”,
മടിപിടിച്ചാ പുള്ളിപ്പുതപ്പ് വലിച്ചിട്ടു
സൂര്യനേ മറച്ചൂ എന്‍ ദൃഷ്ട്ടിയില്‍ നിന്നും
കിടക്കുവാന്‍ മോഹമിനിയുമീ പുതപ്പിനുള്ളില്‍ ..
മയങ്ങാന്‍ മോഹമുള്ളില്‍ ഈ കുളിരാര്‍ന്ന പ്രഭാതത്തില്‍
കാല്‍പ്പെരുമാറ്റം കേട്ടു പുതപ്പ് നീക്കി
നോക്കീയൊളികണ്ണാല്‍ അച്ഛനോ അത്?
ചുക്കിച്ചുളിഞ്ഞൊരു മുഖമെന്നെ നോക്കി ചിരിപ്പൂ
മുത്തശ്ശനെന്‍ നെറുകില്‍ തഴുകി വിറയാര്‍ന്ന കൈവിരലാല്‍ .
അമ്മയോടിയെത്തി കോരിയെടുത്തെന്നെ വട്ടം കറക്കി..
ഹായ് എന്തു രസമെന്ന് ഉള്ളില്‍ കരുതി
ഇന്ന് സ്കൂളില്‍ പോവണ്ട എന്നൊരു ശാഠ്യവും .
അത് കേട്ടതായി ഭാവിക്കാതെ എന്‍ അമ്മ
എന്നെ കുളിപ്പിച്ചൊരുക്കി കരിമഴിയെഴുതിയെന്‍
കുഞ്ഞ് കവിളില്‍ ചുംബിക്കവേ
അമ്മതന്‍ കണ്‍കളില്‍ കണ്ടു കരകവിയും വാല്‍സല്യം.
അമ്മയെടുത്തു തന്നൊരാ പുസ്തക സഞ്ചിയും
ഭക്ഷണപ്പൊതിയുമായ്
സ്കൂള്‍വാനില്‍ കയറവേ
ഇതുവരെയില്ലാത്തൊരു നോവുണര്‍ന്നുവോ എന്‍ മനസ്സില്‍
കൈ വീശിയെന്‍ അമ്മ പുഞ്ചിരിച്ചു , പിന്നിലായ് മുത്തശ്ശനും ..
പിന്നിലേക്കോടിമറയുന്നൊരു കാഴ്ചയായ് ഇരുവരും.
പിന്നെയേതോ അഭിശപ്തനിമിഷത്തിലാപ്പുഴയില്‍ മുങ്ങി
ഒന്നു പിടഞ്ഞൊരു ചിത്രശലഭമായ് ഞാന്‍ മാറവേ
ആത്മാവു തേങ്ങി എന്‍ അമ്മയെ ഓര്‍ത്ത്
ഇനി ആ ചൂടേറ്റു മയങ്ങാനാവില്ല എന്നോര്‍ത്ത് ...
--------------------------------------------------------------------------------------------------------------------------
17/02/2011 വ്യാഴം : ഇന്നത്തെ പ്രഭാതം കണ്ണീരണിഞ്ഞതായിരുന്നു. അക്ഷര ലോകത്തേക്ക് യാത്രതിരിച്ചു അക്ഷരങ്ങളില്ലാ ലോകത്തേക്ക് മറഞ്ഞ ആ കുരുന്നു ജീവനുകള്‍ക്ക് അന്ത്യാഞ്ജലി. അവര്‍ക്കായ് ഇത് സമര്‍പ്പിക്കുന്നു, അവരുടെ മാതാപിതാക്കള്‍ക്കുമായ്......
No comments:
Post a Comment