ഞാന്‍ അബോധാവസ്ഥയില്‍ ആണ്... അതാണെനിക്ക് ഇപ്പോള്‍ ഒരാശ്വാസം... ബോധമനസ്സിലേക്ക് എത്തിപ്പെടാന്‍ ഞാന്‍ നടത്തിയ ശ്രമം എന്നിലെ ഓരോ അണുക്കളിലും അരിച്ചിറങ്ങുന്ന വേദന അനുഭവവേദ്യമാക്കി... ആ ശ്രമം എന്നിലെ എന്നെ ദുഖത്തിന്റെ, നിരാശയുടെ അഗാധഗര്ത്തതിലേക്ക് തള്ളിയിടുമോ എന്നു ഞാന്‍ ഭയക്കുന്നു... ഒരു തിരിച്ചു വരവിനെ ഞാന്‍ വെറുക്കുന്നു.. തിരച്ചു വരവെന്നാല്‍ ഇന്നിലെക്കുള്ള തിരിച്ചുവരവാണ്... പാപ പങ്കിലമായ ഈ ലോകത്തൊരു ചവുട്ടിയരയ്ക്കപ്പെട്ട ജന്മമായി, മറ്റുള്ളവര്‍ക്ക് കൌതുകത്തോടെ കണ്ടു രസിക്കാന്‍ ഒരു കാഴ്ചവസ്തു ആകാന്‍ എന്നിലെ ഞാന്‍ ആഗ്രഹിക്കുന്നില്ല... എങ്കിലും എന്റെ പ്രിയപ്പെട്ടവരുടെ, മാതാപിതാക്കാരുടെ ചുട്ടു പൊള്ളുന്ന കണ്ണീര്‍ എന്നെ അലോസരപ്പെടുത്തുന്നു.... എന്റെ തിരിച്ചു വരവിനായ് അവര്‍ മനമുരുകി കരയുന്നു... എന്താണ് ഞാന്‍ ചെയ്യേണ്ടത്.... ഒരു അര്‍ത്ഥശൂന്യത എന്റെ മനസ്സിലേക്ക് നീറിനെ പോലെ അരിച്ചു കയറുമ്പോള്‍ ഞാന്‍ പകച്ചു നിന്ന് പോവുന്നു... പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ഈ അധമ സമൂഹത്തിന്റെ കരാള ഹസ്തങ്ങള്‍ക്കും ഇടയില്‍...
ഓ.. ഇന്നെന്റെ വിവാഹ നിശ്ചയമായിരുന്നു... എല്ലാം ശുഭമായി ഭവിച്ചിരുന്നെങ്കില്‍ ഈ ദിനം എന്റെ പ്രിയനോപ്പം പ്രിയപ്പെട്ടവരുടെ പുഞ്ചിരി തൂകുന്ന മുഖങ്ങള്‍ക്കിടയില്‍ അവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി നില്‍ക്കേണ്ടവള്‍ ആയിരുന്നു ഞാന്‍. എന്റെ അബോധ മനസ്സുപോലും എന്റെ പ്രിയപ്പെട്ടവനെ ഓര്‍ത്തു വിങ്ങുന്നു... അവനും എന്നെപ്പോലെ നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയതാവുമല്ലോ.. ഓര്‍ക്കാന്‍ വയ്യ... മനസ്സിന്റെ നോവു ചുടു കണ്ണീര്‍ കണങ്ങളായ് അബോധ മനസ്സിന്റെ വേലിക്കെട്ടുകളെ ഭേദിച്ചു കണ്‍ കോണുകളിലൂടെ ഒലിച്ചിറങ്ങുന്നു... അതിന്റെ നനവ് എനിക്കു തിരിച്ചറിയാനാവുന്നില്ല... ഒരു തരം മരവിപ്പ്... ദുര്‍വിധി നിനച്ചിരിക്കാതെ ഒറ്റക്കയ്യുള്ള ഒരു സത്വമായ് എന്റെ ജീവനിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ എന്റെ മനസ്സിനും ശരീരത്തിനും നോവുപടര്‍ത്തി പിച്ചിചീന്തിയപ്പോള്‍ താഴെവീണുടഞ്ഞു പോയ ജീവിതമെന്ന പളുങ്ക് പാത്രം എന്നെ നോക്കി വിതുമ്പുന്നുവോ ... വയ്യ ... ആ ഓര്‍മ്മകള്‍ പോലും ചീളുകളായ് ആത്മാവില്‍ ആഴ്ന്നിറങ്ങുന്നു.. ആ മുറിവില്‍ നിന്നിനി വാര്‍ന്നിറങ്ങാന്‍ നിണമിനി ബാക്കിയില്ല... മുറിവേറ്റ മനസ്സിലോരു തേങ്ങലുയരുന്നു ... എന്തേ എന്റെ സഹജീവികള്‍ക്കിത്ര ക്രൂരര്‍ ആവാന്‍ കഴിയുന്നു.....ഇപ്പോള്‍ കൂട്ടിചേര്‍ത്തത് :
ഞാന്‍ യാത്രയാവുന്നു... എന്നിലെ എന്നെ ശൂന്യതയിലേക്ക് നിര്‍ദയം തള്ളിയിട്ട, എന്നെ ഞാനല്ലാതാക്കിയ ലോകത്തിന്‍റെ കപടതകളെ വിട്ടു ദൂരേയ്ക്ക് ...
No comments:
Post a Comment