Web Toolbar by Wibiya

Pages

27 February 2011

ഒരു പാര്‍ക്ക്‌ ബെഞ്ചിന്‍ കഥ | story of a park bench



പറയട്ടെ എന്‍ കഥ, ഞാനൊരു പാര്‍ക്ക്‌ ബെഞ്ച്‌ ..
പട്ടണ മധ്യത്തില്‍ ഉള്ളൊരു പാര്‍ക്കിന്റെ
ഒത്ത നടുവിലായ് നില്‍ക്കുമീ പാര്‍ക്ക്‌ ബെഞ്ച്‌.
മഴയേറ്റ് വെയിലേറ്റ് നിന്നോരീ പാര്‍ക്ക്‌ ബെഞ്ച്‌

കുട്ടികളൊക്കെയും കളിപ്പനായെത്തുമ്പോള്‍

സാകൂതം നോക്കിയിരിക്കും ഈ പാര്‍ക്ക്‌ ബെഞ്ച്‌.
നെഞ്ചില്‍ ചവുട്ടി കുട്ടികള്‍ തുള്ളുമ്പോള്‍
വേദനയിലും പുഞ്ചിരിക്കുന്നു ഈ പാര്‍ക്ക്‌ ബെഞ്ച്‌

കോളേജ് കുട്ടികള്‍ തന്നെ ഒരാശ്വാസം

എന്നും മുഴു ദിനം എന്നെ പൊതിയുന്നു
എങ്കിലും എന്‍ നെഞ്ചു വിങ്ങുന്നു പുകയേറ്റു
യൌവ്വനം വലിച്ചൂതി വിടുന്നൊരു വിഷപ്പുക

തീര്‍ന്നില്ല യൌവ്വനം തന്റെ പരാക്രമം

കുപ്പികള്‍ തല്ലി ഉടയ്ക്കുമെന്‍ മാറിലായ്
ചവച്ചു ഉരുട്ടിപ്പരത്തിയാ ചൂവിംഗ് ഗം
ഒട്ടിച്ചു കുട്ടികള്‍ പിന്‍വശം നിര്‍ദയം.

സന്ധ്യകള്‍ രാത്രികള്‍ പേടിസ്വപ്നങ്ങളായ്

ഓര്‍ക്കാന്‍ ഒട്ടുമേ ഇഷ്ട്ടപ്പെടാത്തവ
തസ്കരന്മാര്‍ മുതല്‍ വേശ്യകള്‍ വരെ
താണ്ഡവ നൃത്തം ആടുന്നേന്‍ നെഞ്ചിലായ്.

കാമുകിമാരുടെ ചുടു കണ്ണീര്‍ക്കണം വീണു

പൊള്ളുന്നു എന്‍ നെഞ്ചു വിങ്ങുന്നു ഹൃത്തടം
ആശ്വാസ വാക്കൊന്നു ഒതുവാന്‍ ആവില്ല
തന്നില്ല ദൈവം എനിക്കു വായൊന്ന്.

ആരോട് ചൊല്ലേണ്ടു എന്‍ ദുഃഖം ഈ ഭൂവില്‍

കാണുന്നില്ലെന്‍ നോവ്‌ തോട്ടക്കാരനവന്‍ പോലും
പക്ഷികള്‍ തന്‍ കാഷ്ട്ട വര്‍ഷമേറ്റ് നില്‍ക്കവേ
ഉള്ളൊന്നു തേങ്ങിക്കരഞ്ഞു പോയ്‌
ഒരു ശാപമോക്ഷം എനിക്കുണ്ടായിരുന്നെങ്കില്‍ .. 


25 February 2011

അറിയപ്പെടാത്ത (അല്ലെങ്കില്‍ അറിയിക്കാന്‍ താല്പര്യം കാട്ടാത്ത) വജ്രായുധം



വിവിധ രാഷ്ട്രീയ കക്ഷികളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.. എല്ലാ ഇലക്ഷന്‍ കാലയളവിലും ഈ കലാപരിപാടികള്‍ അരങ്ങേറുന്നു. ഒന്നൊന്നിനെ എങ്ങിനെ "പാര" വയ്ക്കാം എന്ന് ആലോചിച്ചു കഷ്ട്ടപ്പെടുന്നു. ഇത് മൂലം ഏറ്റവും ആഘോഷിക്കുന്നതു ചാനലുകാര്‍ . ചര്‍ച്ചകളുടെ പൊടി പൂരം ചാനലുകളില്‍ .. ആകെ അസ്വസ്ഥരാകുന്നത് പൊതു ജനവും.. ഏതാണ്‌ ശരി ഏതാണ്‌ തെറ്റ് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന പൊതുജനം. കാരണം മുന്‍കാലങ്ങളില്‍ ഇത് പോലെ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചവര്‍ പില്‍ക്കാലത്ത് തോളില്‍ കയ്യിട്ടു കെട്ടിപ്പിടിച്ചു ചിരിച്ചു "ഞങ്ങള്‍ ഒന്ന്" എന്ന് പറഞ്ഞു നില്‍ക്കുന്ന കാഴ്ചകള്‍ എത്ര കണ്ടു മടുത്തിരിക്കുന്നു... അപ്പോള്‍ ഈ നാടകങ്ങളില്‍ എത്ര മാത്രം കഴമ്പുണ്ട് എന്ന് ഒരു സാധാരണക്കാരന്‍ ചിന്തിച്ചു പോവുന്നതില്‍ തെറ്റില്ല.


എല്ലാവരും പരസ്പരം ചെളി വാരി എറിഞ്ഞു രസിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലയ്ക്ക് പൊടി പിടിച്ചു കിടക്കുന്ന ഒരു കാര്യം ഉണ്ട്. നാടിന്റെ വികസനം . "വികസനം" എന്ന വാക്ക് തിരഞ്ഞെടുപ്പ് കാലത്തും പിന്നെ പ്രസംഗങ്ങളിലും മാത്രം കേട്ട് വരുന്നു. അതിന്റെ അര്‍ത്ഥം "പോക്കറ്റിന്റെ വികസനം" എന്നാണോ അതോ "നാടിന്റെ വികസനം" എന്നാണോ എന്നതിലാണ് ശരിയായ ആശയക്കുഴപ്പം. നാടിന്റെ വികസനം എന്ന് പൊതു ജനം തെറ്റായി അര്‍ത്ഥം ഉള്‍ക്കൊണ്ടതാണോ?


ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തികച്ചും നിര്‍വികാരമായി പോയി ഒരു കടമ നിര്‍വഹിക്കുന്നത് പോലെ വോട്ടു ചെയ്യുന്ന ഒട്ടനേകം സമ്മതിദായകര്‍ നമുക്കിടയില്‍ ഉണ്ട്. ആര്‍ക്കു ചെയ്താലും ഒരു വിശേഷവും ഇല്ല എന്ന ഒരു തരം നിര്‍വികാരത അവരുടെ മനസ്സിനെ ഭരിക്കുന്നു. നാടിന്റെ വികസനം മനസ്സിലെ ഒരു സ്വപ്നമായ് മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍ .


അവിടെയാണ് സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥ കനിഞ്ഞു നല്‍കിയ ഒരു വജ്രായുധത്തിന്റെ പ്രസക്തി. THE CONDUCT OF ELECTIONS RULES, 1961 ലെ വകുപ്പ് 49 -O എന്ന വജ്രായുധം. ഈ നിയമപ്രകാരം ഒരു വോട്ടര്‍ക്ക് , മത്സരിക്കുന്ന ആരും തന്നെ തനിക്കു സ്വീകാര്യര്‍ അല്ലെങ്കില്‍ , ആര്‍ക്കും വോട്ടു ചെയ്യാതിരിക്കാം സമ്മതിദാന അവകാശം പാഴാക്കാതെ തന്നെ. ഇന്ത്യയുടെ നിയമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (http://lawmin.nic.in ) ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു.


THE CONDUCT OF ELECTIONS RULES, 1961
49-O. Elector deciding not to vote. - If an elector, after his electoral roll number has been duly entered in the register of voters in Form-17A and has put his signature or thumb impression thereon as required under sub-rule (1) of rule 49L, decided not to record his vote, a remark to this effect shall be made against the said entry in Form 17A by the presiding officer and the signature or thumb impression of the elector shall be obtained against such remark.


Ref : http://lawmin.nic.in/ld/subord/cer1.htm


ഇതിനെ കുറിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സര്‍ക്കാരോ മുതിരുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതെങ്ങിനെ, അല്ലേ..

24 February 2011

ഇത്തിരി ഗമ ഉള്ള നാണയം







150 രൂപ നാണയത്തിന്റെ ഒരു കാര്യം. അങ്ങോര്‍ ഇപ്പോ ഗര്‍ഭാവസ്ഥയില്‍ ആണ്. ഡെലിവറി ഉടന്‍ ഉണ്ടാകുമത്രേ. പോക്കറ്റിലെ ഭാരം കാരണം നാണയം കഴിവതും ഒഴിവാക്കാന്‍ നോക്കുമ്പോള്‍ ആണ് പുതിയ നാണയങ്ങള്‍ രൂപമെടുക്കുന്നത്.. ശ്ശൊ ...ഹ.ഹ. നോട്ടുകള്‍ ഉപയോഗം മൂലം പഴഞ്ചനായി കീറി പോവാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് നാണയങ്ങള്‍ കൂടുതലായി ഇറക്കുന്നതത്രേ.

എന്തായാലും കുറച്ചു നാള്‍ കഴിയുമ്പോഴേക്കും 100 രൂപ 150 രൂപ 200 രൂപ 250 രൂപ 500 രൂപ 1000 രൂപ എന്നിങ്ങനെ നാണയങ്ങളുടെ കാലം ആയിരിയ്ക്കും... 1 രൂപ 2 രൂപ 5 രൂപ നാണയങ്ങള്‍ ആരും ഉപയോഗിക്കാതെ ആവും. നാണയം ശേഖരിക്കുന്നവരുടെ കൈകളില്‍ മാത്രമായി അവ ഒതുങ്ങുന്ന കാലം വിദൂരമല്ല. .

എന്റെ സ്കൂള്‍ കാലഘട്ടങ്ങളില്‍ 5 പൈസയ്ക്കും 10 പൈസയ്ക്കും എന്തു വില ആയിരുന്നെന്നോ. 10 പൈസയ്ക്ക് വിവിധ നിറങ്ങളില്‍ ഉള്ള ഐസ് മിഠായികള്‍ കിട്ടുമായിരുന്നു.. അന്നൊക്കെ ഒരു രൂപയും രണ്ടു രൂപയും ഒക്കെ പോക്കറ്റില്‍ ഇട്ടു നടക്കുന്നതു ഒരു ഗമ ആയിരുന്നു. അങ്ങിനെ ഉള്ള സഹപാഠികളെ ഒരു തരം ആരാധനയോടെ ആണ് നോക്കി കണ്ടിരുന്നത്.

കുറച്ചു നാള്‍ മുന്പ് നാട്ടിലെ ഒരു മല്‍സ്യ മാര്‍ക്കറ്റില്‍ വച്ചുണ്ടായ ഒരു അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു... അവിടെ വിവിധ തരം മല്‍സ്യങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു... ഒച്ച വച്ചു ആളെ ആകര്‍ഷിച്ചു വില്‍പ്പന പൊടി പൊടിക്കുന്നു.. ഒരു കച്ചവടക്കാരന്‍ അയല മീന്‍ 4 എണ്ണം വച്ചിട്ടു "രൂപയ്ക്ക് നാല് .. രൂപയ്ക്ക് നാല് " എന്നു വിളിച്ച് കൂവുന്നു. അത് കേട്ടു എനിക്കു അത്ഭുതമായി.. രൂപ എന്നു സാധാരണ നമ്മള്‍ പറയുന്നതു 1 രൂപയ്ക്കാണ് . അപ്പോള്‍ പിന്നെ ഇത് എങ്ങിനെ സാധ്യം .... ഞാന്‍ ആ കച്ചവടക്കാരനോട് ചോദിച്ചു "രൂപ എന്നു വച്ചാല്‍ ??"... ഇവന്‍ ഏത് കോത്താഴത്തു നിന്നു വന്നു എന്ന പുച്ഛഭാവത്തോടെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "രൂപ എന്നു വച്ചാല്‍ 100 രൂപ ".  അടുത്തു നിന്നവര്‍ ചിറി കോട്ടി... ഇവന് ഒന്നും അറിയില്ലേ എന്ന ഭാവത്തില്‍ .

നാട്ടിലേക്കു വല്ലപ്പോഴും ഒരു വിരുന്നുകാരനെ പോലെ വരുന്ന ഒരു പ്രവാസിയായ ഞാന്‍ ഇത്തരം മാറ്റങ്ങളെ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആണ് വീക്ഷിച്ചിരുന്നത്, ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന ആശങ്ക മനസ്സില്‍ നിറയുമ്പോഴും..




20 February 2011

സ്വപ്നം | dream



എന്റെ നിദ്രതന്‍ ഏതോ യാമത്തില്‍
ഒരു മൃദു കാല്‍വെയ്പ്പോടെത്തി നീ എന്‍ സഖീ..
നിന്നെ സ്വപ്നം എന്നാര്‍ പേര്‍ വിളിച്ചു


നീ എന്‍ പ്രജ്ഞ്ഞയില്‍ തേങ്ങലായ് നിറയുന്നു...
നീ എന്‍ ഹൃത്തില്‍ കുളിര്‍ മാരിയായ് പൊഴിയുന്നു.
അറിയീല നിന്‍ വരവറിയീല നിന്‍ പോക്ക്


എങ്കിലും എന്‍ സഖീ നീ മറയാതിരുന്നെങ്കില്‍
ഈ മയക്കത്തില്‍ നിന്നുണരാതിരുന്നെങ്കില്‍ ..

18 February 2011

ചിത്രശലഭം



പാതി തുറന്നോരാ ജനല്‍
പാളികള്‍ക്കിടയിലൂടൊഴുകിയെത്തി എന്‍
കുഞ്ഞു കണ്‍പോളയെ തഴുകിയുമെന്‍ -
കുഞ്ഞിളം കവിളില്‍ മുത്തിയാപ്പൊന്‍വെയില്‍ .

മെല്ലെയെന്‍ അമ്മതന്‍ മന്ത്രണമെന്‍
കാതിലോടിയെത്തി “ ഉണരെന്നുണ്ണീ
സ്കൂളില്‍ പോവണ്ടേടാ..ചക്കരേ”,
മടിപിടിച്ചാ പുള്ളിപ്പുതപ്പ് വലിച്ചിട്ടു
സൂര്യനേ മറച്ചൂ എന്‍ ദൃഷ്ട്ടിയില്‍ നിന്നും
കിടക്കുവാന്‍ മോഹമിനിയുമീ പുതപ്പിനുള്ളില്‍ ‍..
മയങ്ങാന്‍ മോഹമുള്ളില്‍ ഈ കുളിരാര്‍ന്ന പ്രഭാതത്തില്‍

കാല്‍പ്പെരുമാറ്റം കേട്ടു പുതപ്പ് നീക്കി
നോക്കീയൊളികണ്ണാല്‍ അച്ഛനോ അത്?
ചുക്കിച്ചുളിഞ്ഞൊരു മുഖമെന്നെ നോക്കി ചിരിപ്പൂ
മുത്തശ്ശനെന്‍ നെറുകില്‍ തഴുകി വിറയാര്‍ന്ന കൈവിരലാല്‍ .

അമ്മയോടിയെത്തി കോരിയെടുത്തെന്നെ വട്ടം കറക്കി..
ഹായ് എന്തു രസമെന്ന് ഉള്ളില്‍ കരുതി
ഇന്ന് സ്കൂളില്‍ പോവണ്ട എന്നൊരു ശാഠ്യവും .
അത് കേട്ടതായി ഭാവിക്കാതെ എന്‍ അമ്മ
എന്നെ കുളിപ്പിച്ചൊരുക്കി കരിമഴിയെഴുതിയെന്‍
കുഞ്ഞ് കവിളില്‍ ചുംബിക്കവേ
അമ്മതന്‍ കണ്‍കളില്‍ കണ്ടു കരകവിയും വാല്‍സല്യം.

അമ്മയെടുത്തു തന്നൊരാ പുസ്തക സഞ്ചിയും
ഭക്ഷണപ്പൊതിയുമായ്
സ്കൂള്‍വാനില്‍ കയറവേ
ഇതുവരെയില്ലാത്തൊരു നോവുണര്‍ന്നുവോ എന്‍ മനസ്സില്‍
കൈ വീശിയെന്‍ അമ്മ പുഞ്ചിരിച്ചു , പിന്നിലായ് മുത്തശ്ശനും ..
പിന്നിലേക്കോടിമറയുന്നൊരു കാഴ്ചയായ് ഇരുവരും.

പിന്നെയേതോ അഭിശപ്തനിമിഷത്തിലാപ്പുഴയില്‍ മുങ്ങി
ഒന്നു പിടഞ്ഞൊരു ചിത്രശലഭമായ് ഞാന്‍ മാറവേ
ആത്മാവു തേങ്ങി എന്‍ അമ്മയെ ഓര്‍ത്ത്
ഇനി ആ ചൂടേറ്റു മയങ്ങാനാവില്ല എന്നോര്‍ത്ത് ...


--------------------------------------------------------------------------------------------------------------------------
17/02/2011 വ്യാഴം : ഇന്നത്തെ പ്രഭാതം കണ്ണീരണിഞ്ഞതായിരുന്നു. അക്ഷര ലോകത്തേക്ക് യാത്രതിരിച്ചു അക്ഷരങ്ങളില്ലാ ലോകത്തേക്ക് മറഞ്ഞ ആ കുരുന്നു ജീവനുകള്‍ക്ക് അന്ത്യാഞ്ജലി. അവര്‍ക്കായ് ഇത് സമര്‍പ്പിക്കുന്നു, അവരുടെ മാതാപിതാക്കള്‍ക്കുമായ്......

11 February 2011

പൂമരം




പൂമരത്തണലിലെ പുല്‍മെത്തയില്‍ ഞാന്‍
ഒരു ചെറു കാറ്റേറ്റിരുന്ന നേരം..
ഒരു ചെറു പൂവൊന്നു പൊഴിച്ചെന്‍റെ നെറുകയില്‍
മൃദു മന്ദസ്മിതം തൂകിയാ പൂമരം.

കാറ്റതിന്‍ ചില്ലയെ വാരിപ്പുണര്‍ന്നപ്പോള്‍

മഴയായ് പൊഴിഞ്ഞു പൂ മുത്തുകള്‍
ലജ്ജാവതിയായ് മിഴി കൂമ്പി നില്‍ക്കവേ
ഒളി കണ്ണാല്‍ നോക്കീ മരം കാറ്റതിനെ

മരമതിന്‍ കാതില്‍ കിന്നാരം ചൊല്ലി

ചില്ലയില്‍ ഊഞ്ഞാലാടി ചെറു കുരുവികള്‍
പൂക്കളിന്‍ തേനുണ്ടു രസിച്ചവ പാറവേ
പരതീ മരം പ്രിയ കാറ്റവനെ...



അടകോടന്‍സ് ഡേ




എല്ലാം കച്ച"കപടം" (കച്ചവടം) ആയി മാറിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും ഇന്ന് കച്ചവടം മുന്നില്‍ കണ്ടു കൊണ്ടാണ് നിലനിര്‍ത്തിപ്പോരുന്നതും പുതിയവ രൂപപ്പെടുത്തുന്നതും. അതിനിടെ തനതായ ആഘോഷങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു വരുന്നു. എല്ലാം ഇന്‍സ്റ്റന്‍റ് ആഘോഷങ്ങള്‍ ആണ്... ആഘോഷത്തിനു വേണ്ട സാമഗ്രികള്‍ (എക്കണോമി പായ്ക്ക് ആയി വാങ്ങാന്‍ കിട്ടും) അത് ഏത് ആഘോഷം ആണെങ്കിലും.


നമ്മുടെ ഓണം തന്നെ എടുത്താട്ടെ. പണ്ടൊക്കെ ഓണത്തിനുള്ള ഒരുക്കങ്ങള്‍ 2 ആഴ്ച മുന്നേ തുടങ്ങും. ഇന്നിപ്പോള്‍ ഓ‌ടി കടയില്‍ ചെന്നാല്‍ ചൈന മേയ്ക്ക് പൂക്കളം വരെ വാങ്ങാന്‍ കിട്ടും. ഓണ സദ്യ ആണെങ്കില്‍ "റെഡി ടു ഈറ്റ് " പായ്ക്കില്‍ ഹോട്ടലില്‍ നിന്നും. എല്ലാം കച്ചവടമയം.


അതിനിടയില്‍ ആണ് ഈ പറഞ്ഞ " അണ്ടന്‍ ഡേ " യും "അടകോടന്‍ ഡേ " യും ഒക്കെ കയറി വരുന്നത്. ആദ്യമൊക്കെ മലയാളികള്‍ ഈ "ഡേ " കളെ ഒരു തരം അന്ധാളിപ്പോടെ ആണ് നോക്കിക്കണ്ടത്.. "ഇത് എവിടെ നിന്നും കുറ്റിയും പറിച്ചു കൊണ്ട് വന്നു " എന്ന രീതിയില്‍ . ഇന്നിപ്പോള്‍ ദേ ഓണത്തിനെക്കാള്‍ പ്രധാന്യത്തോടെ മേല്‍പ്പറഞ്ഞ "ഡേ" കള്‍ നമ്മള്‍ ആഘോഷിക്കുകയാണ്.. അല്ലെങ്കില്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതര്‍ ആകുകയാണ് അത് എന്തിനെന്ന് പോലും അറിയാതെ. അവിടെയാണ് ബിസിനെസ്സുകാരുടെ വിജയം.


ചുരക്കം പറഞ്ഞാല്‍  ഈ പറഞ്ഞ "അപ്പന്റെ ഡേ", "അമ്മേടെ ഡേ", "അപ്പൂപ്പന്റെ ഡേ", അമ്മൂമ്മയുടെ ഡേ", "കള്ളുകുടിയരുടെ ഡേ", "പുകവലിക്കാരുടെ ഡേ", "പ്രണയിക്കുന്നവരുടെ ഡേ", "പ്രണയിക്കാത്തവരുടെ ഡേ", "ഭൂമിയുടെ ഡേ", "കുട്ടികളുടെ ഡേ", "പെണ്‍കുട്ടികളുടെ ഡേ", "വനിതകളുടെ ഡേ", "സുഹൃത്തുകളുടെ ഡേ", "സമ്പാദിക്കുന്നവരുടെ ഡേ", "പാവപ്പെട്ടവരുടെ ഡേ", "എയ്ഡ്സ് രോഗികളുടെ ഡേ"... എന്നു തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര "സ്പോണ്‍സെര്‍ഡ് ഡേ" കളില്‍ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.


പാവം ജനങ്ങള്‍ ... ഓടുകയാണവര്‍ .. നാടോടുമ്പോ നടുവേ ഓടണ്ടേ ... അല്ലേല്‍ ആരെങ്കിലും കണ്ടാല്‍ കുറച്ചില്‍ അല്ലേ.. ഓടിക്കോ....

03 February 2011

ഒറ്റക്കയ്യുള്ള നീചത്വം


ഞാന്‍ അബോധാവസ്ഥയില്‍ ആണ്... അതാണെനിക്ക് ഇപ്പോള്‍ ഒരാശ്വാസം... ബോധമനസ്സിലേക്ക് എത്തിപ്പെടാന്‍ ഞാന്‍ നടത്തിയ ശ്രമം എന്നിലെ ഓരോ  അണുക്കളിലും അരിച്ചിറങ്ങുന്ന വേദന അനുഭവവേദ്യമാക്കി... ആ ശ്രമം എന്നിലെ എന്നെ ദുഖത്തിന്റെ, നിരാശയുടെ അഗാധഗര്ത്തതിലേക്ക് തള്ളിയിടുമോ എന്നു ഞാന്‍ ഭയക്കുന്നു... ഒരു തിരിച്ചു വരവിനെ ഞാന്‍ വെറുക്കുന്നു.. തിരച്ചു വരവെന്നാല്‍  ഇന്നിലെക്കുള്ള തിരിച്ചുവരവാണ്... പാപ പങ്കിലമായ ഈ ലോകത്തൊരു ചവുട്ടിയരയ്ക്കപ്പെട്ട ജന്മമായി, മറ്റുള്ളവര്‍ക്ക് കൌതുകത്തോടെ കണ്ടു രസിക്കാന്‍ ഒരു കാഴ്ചവസ്തു ആകാന്‍ എന്നിലെ ഞാന്‍ ആഗ്രഹിക്കുന്നില്ല... എങ്കിലും എന്റെ പ്രിയപ്പെട്ടവരുടെ, മാതാപിതാക്കാരുടെ ചുട്ടു പൊള്ളുന്ന കണ്ണീര്‍ എന്നെ അലോസരപ്പെടുത്തുന്നു.... എന്റെ തിരിച്ചു വരവിനായ് അവര്‍ മനമുരുകി കരയുന്നു... എന്താണ് ഞാന്‍ ചെയ്യേണ്ടത്.... ഒരു അര്‍ത്ഥശൂന്യത എന്റെ മനസ്സിലേക്ക് നീറിനെ പോലെ അരിച്ചു കയറുമ്പോള്‍ ഞാന്‍ പകച്ചു നിന്ന് പോവുന്നു... പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ഈ അധമ സമൂഹത്തിന്റെ കരാള ഹസ്തങ്ങള്‍ക്കും ഇടയില്‍... 
ഓ.. ഇന്നെന്റെ വിവാഹ നിശ്ചയമായിരുന്നു... എല്ലാം ശുഭമായി ഭവിച്ചിരുന്നെങ്കില്‍  ഈ ദിനം എന്റെ പ്രിയനോപ്പം  പ്രിയപ്പെട്ടവരുടെ പുഞ്ചിരി തൂകുന്ന മുഖങ്ങള്‍ക്കിടയില്‍ അവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി നില്‍ക്കേണ്ടവള്‍ ആയിരുന്നു ഞാന്‍.   എന്റെ അബോധ മനസ്സുപോലും എന്റെ പ്രിയപ്പെട്ടവനെ ഓര്‍ത്തു വിങ്ങുന്നു... അവനും എന്നെപ്പോലെ നിറമുള്ള  സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയതാവുമല്ലോ..  ഓര്‍ക്കാന്‍ വയ്യ... മനസ്സിന്റെ നോവു ചുടു കണ്ണീര്‍ കണങ്ങളായ് അബോധ മനസ്സിന്റെ വേലിക്കെട്ടുകളെ ഭേദിച്ചു കണ്‍ കോണുകളിലൂടെ ഒലിച്ചിറങ്ങുന്നു... അതിന്റെ നനവ് എനിക്കു തിരിച്ചറിയാനാവുന്നില്ല... ഒരു തരം മരവിപ്പ്...  ദുര്‍വിധി നിനച്ചിരിക്കാതെ ഒറ്റക്കയ്യുള്ള ഒരു സത്വമായ് എന്റെ ജീവനിലേക്ക് അരിച്ചിറങ്ങിയപ്പോള്‍  എന്റെ മനസ്സിനും ശരീരത്തിനും നോവുപടര്‍ത്തി പിച്ചിചീന്തിയപ്പോള്‍ താഴെവീണുടഞ്ഞു പോയ ജീവിതമെന്ന പളുങ്ക് പാത്രം എന്നെ നോക്കി വിതുമ്പുന്നുവോ ...  വയ്യ ... ആ ഓര്‍മ്മകള്‍ പോലും ചീളുകളായ്  ആത്മാവില്‍ ആഴ്ന്നിറങ്ങുന്നു.. ആ മുറിവില്‍ നിന്നിനി വാര്‍ന്നിറങ്ങാന്‍ നിണമിനി ബാക്കിയില്ല...  മുറിവേറ്റ മനസ്സിലോരു തേങ്ങലുയരുന്നു ... എന്തേ എന്റെ സഹജീവികള്‍ക്കിത്ര ക്രൂരര്‍ ആവാന്‍ കഴിയുന്നു.....


ഇപ്പോള്‍ കൂട്ടിചേര്‍ത്തത് :
ഞാന്‍ യാത്രയാവുന്നു... എന്നിലെ എന്നെ ശൂന്യതയിലേക്ക് നിര്‍ദയം തള്ളിയിട്ട, എന്നെ ഞാനല്ലാതാക്കിയ ലോകത്തിന്‍റെ കപടതകളെ വിട്ടു  ദൂരേയ്ക്ക് ...