Web Toolbar by Wibiya

Pages

20 February 2011

സ്വപ്നം | dream



എന്റെ നിദ്രതന്‍ ഏതോ യാമത്തില്‍
ഒരു മൃദു കാല്‍വെയ്പ്പോടെത്തി നീ എന്‍ സഖീ..
നിന്നെ സ്വപ്നം എന്നാര്‍ പേര്‍ വിളിച്ചു


നീ എന്‍ പ്രജ്ഞ്ഞയില്‍ തേങ്ങലായ് നിറയുന്നു...
നീ എന്‍ ഹൃത്തില്‍ കുളിര്‍ മാരിയായ് പൊഴിയുന്നു.
അറിയീല നിന്‍ വരവറിയീല നിന്‍ പോക്ക്


എങ്കിലും എന്‍ സഖീ നീ മറയാതിരുന്നെങ്കില്‍
ഈ മയക്കത്തില്‍ നിന്നുണരാതിരുന്നെങ്കില്‍ ..

18 February 2011

ചിത്രശലഭം



പാതി തുറന്നോരാ ജനല്‍
പാളികള്‍ക്കിടയിലൂടൊഴുകിയെത്തി എന്‍
കുഞ്ഞു കണ്‍പോളയെ തഴുകിയുമെന്‍ -
കുഞ്ഞിളം കവിളില്‍ മുത്തിയാപ്പൊന്‍വെയില്‍ .

മെല്ലെയെന്‍ അമ്മതന്‍ മന്ത്രണമെന്‍
കാതിലോടിയെത്തി “ ഉണരെന്നുണ്ണീ
സ്കൂളില്‍ പോവണ്ടേടാ..ചക്കരേ”,
മടിപിടിച്ചാ പുള്ളിപ്പുതപ്പ് വലിച്ചിട്ടു
സൂര്യനേ മറച്ചൂ എന്‍ ദൃഷ്ട്ടിയില്‍ നിന്നും
കിടക്കുവാന്‍ മോഹമിനിയുമീ പുതപ്പിനുള്ളില്‍ ‍..
മയങ്ങാന്‍ മോഹമുള്ളില്‍ ഈ കുളിരാര്‍ന്ന പ്രഭാതത്തില്‍

കാല്‍പ്പെരുമാറ്റം കേട്ടു പുതപ്പ് നീക്കി
നോക്കീയൊളികണ്ണാല്‍ അച്ഛനോ അത്?
ചുക്കിച്ചുളിഞ്ഞൊരു മുഖമെന്നെ നോക്കി ചിരിപ്പൂ
മുത്തശ്ശനെന്‍ നെറുകില്‍ തഴുകി വിറയാര്‍ന്ന കൈവിരലാല്‍ .

അമ്മയോടിയെത്തി കോരിയെടുത്തെന്നെ വട്ടം കറക്കി..
ഹായ് എന്തു രസമെന്ന് ഉള്ളില്‍ കരുതി
ഇന്ന് സ്കൂളില്‍ പോവണ്ട എന്നൊരു ശാഠ്യവും .
അത് കേട്ടതായി ഭാവിക്കാതെ എന്‍ അമ്മ
എന്നെ കുളിപ്പിച്ചൊരുക്കി കരിമഴിയെഴുതിയെന്‍
കുഞ്ഞ് കവിളില്‍ ചുംബിക്കവേ
അമ്മതന്‍ കണ്‍കളില്‍ കണ്ടു കരകവിയും വാല്‍സല്യം.

അമ്മയെടുത്തു തന്നൊരാ പുസ്തക സഞ്ചിയും
ഭക്ഷണപ്പൊതിയുമായ്
സ്കൂള്‍വാനില്‍ കയറവേ
ഇതുവരെയില്ലാത്തൊരു നോവുണര്‍ന്നുവോ എന്‍ മനസ്സില്‍
കൈ വീശിയെന്‍ അമ്മ പുഞ്ചിരിച്ചു , പിന്നിലായ് മുത്തശ്ശനും ..
പിന്നിലേക്കോടിമറയുന്നൊരു കാഴ്ചയായ് ഇരുവരും.

പിന്നെയേതോ അഭിശപ്തനിമിഷത്തിലാപ്പുഴയില്‍ മുങ്ങി
ഒന്നു പിടഞ്ഞൊരു ചിത്രശലഭമായ് ഞാന്‍ മാറവേ
ആത്മാവു തേങ്ങി എന്‍ അമ്മയെ ഓര്‍ത്ത്
ഇനി ആ ചൂടേറ്റു മയങ്ങാനാവില്ല എന്നോര്‍ത്ത് ...


--------------------------------------------------------------------------------------------------------------------------
17/02/2011 വ്യാഴം : ഇന്നത്തെ പ്രഭാതം കണ്ണീരണിഞ്ഞതായിരുന്നു. അക്ഷര ലോകത്തേക്ക് യാത്രതിരിച്ചു അക്ഷരങ്ങളില്ലാ ലോകത്തേക്ക് മറഞ്ഞ ആ കുരുന്നു ജീവനുകള്‍ക്ക് അന്ത്യാഞ്ജലി. അവര്‍ക്കായ് ഇത് സമര്‍പ്പിക്കുന്നു, അവരുടെ മാതാപിതാക്കള്‍ക്കുമായ്......

11 February 2011

പൂമരം




പൂമരത്തണലിലെ പുല്‍മെത്തയില്‍ ഞാന്‍
ഒരു ചെറു കാറ്റേറ്റിരുന്ന നേരം..
ഒരു ചെറു പൂവൊന്നു പൊഴിച്ചെന്‍റെ നെറുകയില്‍
മൃദു മന്ദസ്മിതം തൂകിയാ പൂമരം.

കാറ്റതിന്‍ ചില്ലയെ വാരിപ്പുണര്‍ന്നപ്പോള്‍

മഴയായ് പൊഴിഞ്ഞു പൂ മുത്തുകള്‍
ലജ്ജാവതിയായ് മിഴി കൂമ്പി നില്‍ക്കവേ
ഒളി കണ്ണാല്‍ നോക്കീ മരം കാറ്റതിനെ

മരമതിന്‍ കാതില്‍ കിന്നാരം ചൊല്ലി

ചില്ലയില്‍ ഊഞ്ഞാലാടി ചെറു കുരുവികള്‍
പൂക്കളിന്‍ തേനുണ്ടു രസിച്ചവ പാറവേ
പരതീ മരം പ്രിയ കാറ്റവനെ...



അടകോടന്‍സ് ഡേ




എല്ലാം കച്ച"കപടം" (കച്ചവടം) ആയി മാറിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും ഇന്ന് കച്ചവടം മുന്നില്‍ കണ്ടു കൊണ്ടാണ് നിലനിര്‍ത്തിപ്പോരുന്നതും പുതിയവ രൂപപ്പെടുത്തുന്നതും. അതിനിടെ തനതായ ആഘോഷങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു വരുന്നു. എല്ലാം ഇന്‍സ്റ്റന്‍റ് ആഘോഷങ്ങള്‍ ആണ്... ആഘോഷത്തിനു വേണ്ട സാമഗ്രികള്‍ (എക്കണോമി പായ്ക്ക് ആയി വാങ്ങാന്‍ കിട്ടും) അത് ഏത് ആഘോഷം ആണെങ്കിലും.


നമ്മുടെ ഓണം തന്നെ എടുത്താട്ടെ. പണ്ടൊക്കെ ഓണത്തിനുള്ള ഒരുക്കങ്ങള്‍ 2 ആഴ്ച മുന്നേ തുടങ്ങും. ഇന്നിപ്പോള്‍ ഓ‌ടി കടയില്‍ ചെന്നാല്‍ ചൈന മേയ്ക്ക് പൂക്കളം വരെ വാങ്ങാന്‍ കിട്ടും. ഓണ സദ്യ ആണെങ്കില്‍ "റെഡി ടു ഈറ്റ് " പായ്ക്കില്‍ ഹോട്ടലില്‍ നിന്നും. എല്ലാം കച്ചവടമയം.


അതിനിടയില്‍ ആണ് ഈ പറഞ്ഞ " അണ്ടന്‍ ഡേ " യും "അടകോടന്‍ ഡേ " യും ഒക്കെ കയറി വരുന്നത്. ആദ്യമൊക്കെ മലയാളികള്‍ ഈ "ഡേ " കളെ ഒരു തരം അന്ധാളിപ്പോടെ ആണ് നോക്കിക്കണ്ടത്.. "ഇത് എവിടെ നിന്നും കുറ്റിയും പറിച്ചു കൊണ്ട് വന്നു " എന്ന രീതിയില്‍ . ഇന്നിപ്പോള്‍ ദേ ഓണത്തിനെക്കാള്‍ പ്രധാന്യത്തോടെ മേല്‍പ്പറഞ്ഞ "ഡേ" കള്‍ നമ്മള്‍ ആഘോഷിക്കുകയാണ്.. അല്ലെങ്കില്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതര്‍ ആകുകയാണ് അത് എന്തിനെന്ന് പോലും അറിയാതെ. അവിടെയാണ് ബിസിനെസ്സുകാരുടെ വിജയം.


ചുരക്കം പറഞ്ഞാല്‍  ഈ പറഞ്ഞ "അപ്പന്റെ ഡേ", "അമ്മേടെ ഡേ", "അപ്പൂപ്പന്റെ ഡേ", അമ്മൂമ്മയുടെ ഡേ", "കള്ളുകുടിയരുടെ ഡേ", "പുകവലിക്കാരുടെ ഡേ", "പ്രണയിക്കുന്നവരുടെ ഡേ", "പ്രണയിക്കാത്തവരുടെ ഡേ", "ഭൂമിയുടെ ഡേ", "കുട്ടികളുടെ ഡേ", "പെണ്‍കുട്ടികളുടെ ഡേ", "വനിതകളുടെ ഡേ", "സുഹൃത്തുകളുടെ ഡേ", "സമ്പാദിക്കുന്നവരുടെ ഡേ", "പാവപ്പെട്ടവരുടെ ഡേ", "എയ്ഡ്സ് രോഗികളുടെ ഡേ"... എന്നു തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര "സ്പോണ്‍സെര്‍ഡ് ഡേ" കളില്‍ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.


പാവം ജനങ്ങള്‍ ... ഓടുകയാണവര്‍ .. നാടോടുമ്പോ നടുവേ ഓടണ്ടേ ... അല്ലേല്‍ ആരെങ്കിലും കണ്ടാല്‍ കുറച്ചില്‍ അല്ലേ.. ഓടിക്കോ....

03 February 2011

ഒറ്റക്കയ്യുള്ള നീചത്വം


ഞാന്‍ അബോധാവസ്ഥയില്‍ ആണ്... അതാണെനിക്ക് ഇപ്പോള്‍ ഒരാശ്വാസം... ബോധമനസ്സിലേക്ക് എത്തിപ്പെടാന്‍ ഞാന്‍ നടത്തിയ ശ്രമം എന്നിലെ ഓരോ  അണുക്കളിലും അരിച്ചിറങ്ങുന്ന വേദന അനുഭവവേദ്യമാക്കി... ആ ശ്രമം എന്നിലെ എന്നെ ദുഖത്തിന്റെ, നിരാശയുടെ അഗാധഗര്ത്തതിലേക്ക് തള്ളിയിടുമോ എന്നു ഞാന്‍ ഭയക്കുന്നു... ഒരു തിരിച്ചു വരവിനെ ഞാന്‍ വെറുക്കുന്നു.. തിരച്ചു വരവെന്നാല്‍  ഇന്നിലെക്കുള്ള തിരിച്ചുവരവാണ്... പാപ പങ്കിലമായ ഈ ലോകത്തൊരു ചവുട്ടിയരയ്ക്കപ്പെട്ട ജന്മമായി, മറ്റുള്ളവര്‍ക്ക് കൌതുകത്തോടെ കണ്ടു രസിക്കാന്‍ ഒരു കാഴ്ചവസ്തു ആകാന്‍ എന്നിലെ ഞാന്‍ ആഗ്രഹിക്കുന്നില്ല... എങ്കിലും എന്റെ പ്രിയപ്പെട്ടവരുടെ, മാതാപിതാക്കാരുടെ ചുട്ടു പൊള്ളുന്ന കണ്ണീര്‍ എന്നെ അലോസരപ്പെടുത്തുന്നു.... എന്റെ തിരിച്ചു വരവിനായ് അവര്‍ മനമുരുകി കരയുന്നു... എന്താണ് ഞാന്‍ ചെയ്യേണ്ടത്.... ഒരു അര്‍ത്ഥശൂന്യത എന്റെ മനസ്സിലേക്ക് നീറിനെ പോലെ അരിച്ചു കയറുമ്പോള്‍ ഞാന്‍ പകച്ചു നിന്ന് പോവുന്നു... പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ഈ അധമ സമൂഹത്തിന്റെ കരാള ഹസ്തങ്ങള്‍ക്കും ഇടയില്‍... 
ഓ.. ഇന്നെന്റെ വിവാഹ നിശ്ചയമായിരുന്നു... എല്ലാം ശുഭമായി ഭവിച്ചിരുന്നെങ്കില്‍  ഈ ദിനം എന്റെ പ്രിയനോപ്പം  പ്രിയപ്പെട്ടവരുടെ പുഞ്ചിരി തൂകുന്ന മുഖങ്ങള്‍ക്കിടയില്‍ അവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി നില്‍ക്കേണ്ടവള്‍ ആയിരുന്നു ഞാന്‍.   എന്റെ അബോധ മനസ്സുപോലും എന്റെ പ്രിയപ്പെട്ടവനെ ഓര്‍ത്തു വിങ്ങുന്നു... അവനും എന്നെപ്പോലെ നിറമുള്ള  സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയതാവുമല്ലോ..  ഓര്‍ക്കാന്‍ വയ്യ... മനസ്സിന്റെ നോവു ചുടു കണ്ണീര്‍ കണങ്ങളായ് അബോധ മനസ്സിന്റെ വേലിക്കെട്ടുകളെ ഭേദിച്ചു കണ്‍ കോണുകളിലൂടെ ഒലിച്ചിറങ്ങുന്നു... അതിന്റെ നനവ് എനിക്കു തിരിച്ചറിയാനാവുന്നില്ല... ഒരു തരം മരവിപ്പ്...  ദുര്‍വിധി നിനച്ചിരിക്കാതെ ഒറ്റക്കയ്യുള്ള ഒരു സത്വമായ് എന്റെ ജീവനിലേക്ക് അരിച്ചിറങ്ങിയപ്പോള്‍  എന്റെ മനസ്സിനും ശരീരത്തിനും നോവുപടര്‍ത്തി പിച്ചിചീന്തിയപ്പോള്‍ താഴെവീണുടഞ്ഞു പോയ ജീവിതമെന്ന പളുങ്ക് പാത്രം എന്നെ നോക്കി വിതുമ്പുന്നുവോ ...  വയ്യ ... ആ ഓര്‍മ്മകള്‍ പോലും ചീളുകളായ്  ആത്മാവില്‍ ആഴ്ന്നിറങ്ങുന്നു.. ആ മുറിവില്‍ നിന്നിനി വാര്‍ന്നിറങ്ങാന്‍ നിണമിനി ബാക്കിയില്ല...  മുറിവേറ്റ മനസ്സിലോരു തേങ്ങലുയരുന്നു ... എന്തേ എന്റെ സഹജീവികള്‍ക്കിത്ര ക്രൂരര്‍ ആവാന്‍ കഴിയുന്നു.....


ഇപ്പോള്‍ കൂട്ടിചേര്‍ത്തത് :
ഞാന്‍ യാത്രയാവുന്നു... എന്നിലെ എന്നെ ശൂന്യതയിലേക്ക് നിര്‍ദയം തള്ളിയിട്ട, എന്നെ ഞാനല്ലാതാക്കിയ ലോകത്തിന്‍റെ കപടതകളെ വിട്ടു  ദൂരേയ്ക്ക് ...


15 January 2011

ദുരന്തം പെയ്തിറങ്ങിയ രാത്രി.....



കേരളം കണ്ട ഒരു പക്ഷെ വലിയ ദുരന്തങ്ങളില്‍ ഒന്നിന് നാം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചു.. നടക്കരുതെ എന്ന് ആഗ്രഹിക്കുന്നത് പലതും നടക്കുന്നത് കണ്ടു നാട് വിറങ്ങലിച്ചു നിന്നു.   മകര ജ്യോതി ദര്‍ശിച്ചു സായൂജ്യമടഞ്ഞു മലയിറങ്ങിയ അയ്യപ്പന്മാര്‍ക്കിടയിലേക്ക് മരണം പെയ്തിറങ്ങിയ തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത  കേട്ട് നടുങ്ങി.  ദുരന്തങ്ങള്‍ എപ്പോഴും  എവിടെ ആയാലും നഷ്ട്ടങ്ങളും കണ്ണീരും മാത്രമേ സമ്മാനിക്കുന്നുള്ളൂ.  

വാര്‍ത്ത ആദ്യം വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ നിറയെ അവ്യക്തത ആയിരുന്നു .  ആര്‍ക്കും ഒന്നും അറിയാന്‍ വയ്യ.  എന്തോ അത്യാപത്ത്‌ സംഭവിച്ചിരിക്കുന്നു.  എന്നാല്‍ അതെന്തു, എങ്ങിനെ എന്ന ചോദ്യങ്ങള്‍ക്ക് ആര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.   ആശയ വിനിമയത്തിന്  വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്ത, എന്തിനു.. വെളിച്ചം പോലും ഇല്ലാത്ത ദുര്‍ഘടമായ കാനന പാതയില്‍ നടന്ന ആ അപകടം അറിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ സംവിധാനങ്ങള്‍ ഒരു നിമിഷം തരിച്ചു നിന്ന നിമിഷം.  ആ സ്ഥലത്തേക്ക് ഉടന്‍ പുറപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും , പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കിടയിലും എന്താണ് സംഭവിച്ചത് എന്ന അവ്യക്തത നിലനിന്നു.   അതിനിടെ വ്യതസ്തമായ വാര്‍ത്തകള്‍ ചാനലുകളില്‍ വന്നുകൊണ്ടേയിരുന്നു...  രാത്രി ഏകദേശം 8 : 15 നു നടന്ന അപകടം പുറം ലോകം അറിഞ്ഞത് തന്നെ ഒന്നര മണിക്കൂറിനു ശേഷം.  അതിനു ശേഷം ആണ് ഈ പരക്കം പാച്ചില്‍ എന്ന് ഓര്‍ക്കണം.  അതിനിടെ സമയത്ത് ചികിത്സ കിട്ടാതെ ഒത്തിരി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടുണ്ടാവണം.  ഗതാഗത സംവിധാനം താറുമാറായ ആ കാനന പാതയില്‍ നിന്നും പരിക്കേറ്റവരെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് എത്തിക്കാന്‍ പിന്നെയും മണിക്കൂറുകള്‍ വേണ്ടിവന്നു എന്നറിയുന്നു.   ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.  ഭൂപ്രകൃതിയും വെളിച്ചമില്ലായ്മ , ഗതാഗത കുരുക്ക്  എന്നിങ്ങനെ മറ്റു അസൌകര്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങുതടി ആയി.

ഇതൊക്കെ കണ്ടും കെട്ടും ചാനലുകള്‍ മാറി മാറി followup ചെയ്തിരുന്ന ഈയുള്ളവന് തോന്നിയ ഒരു ചിന്ത പങ്കു വയ്ക്കട്ടെ : 

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സംവിധാനങ്ങള്‍ക്കും ഉടനടി ചെന്നെത്താന്‍ പറ്റാത്ത ഇത്തരം ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അപകടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വളരെ സുപ്രധാന പങ്കു വഹിക്കാന്‍ ഹെലികോപ്റെര്‍ നു കഴിയും.   അത് വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും പല അടിയന്തിര വേളകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്.  ഏറ്റവും ഒടുവില്‍ ആന്ധ്ര മുഖ്യമന്ത്രി Y S R ന്റെ മൃത്യുവില്‍ കലാശിച്ച അപകടത്തില്‍ തിരച്ചില്‍ / രക്ഷാ പ്രവര്‍ത്തനത്തിനായി  ഹെലികോപ്റെര്‍  ഉപയോഗിച്ചിരുന്നു.

ശബരിമല പോലുള്ള കോടിക്കണക്കിനു തീര്‍ഥാടകര്‍ വന്നു പോവുന്ന, ദുര്‍ഘടമായ പാതകള്‍ ഉള്ള സ്ഥലത്ത്  ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ സുസജ്ജമായ ഒരു ഹെലികോപ്റെര്‍ സംവിധാനം അത്യന്താപേക്ഷിതമാണ് എന്ന് ഈ സംഭവം തെളിയിക്കുന്നു.   അങ്ങിനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ പരിക്കേറ്റവരെ താമസം കൂടാതെ ഏറ്റവും അടുത്ത ആതുരശുശ്രൂഷ കേന്ദ്രത്തില്‍ എത്തിക്കാനോ അതുമല്ലെങ്കില്‍ ഒരു സംഘം ഡോക്ടര്‍ മാരെ അപകട സ്ഥലത്തെത്തിച്ചു വേണ്ട അടിയന്തിര ശുശ്രൂഷ നല്‍കുവാനോ കഴിയുമായിരുന്നു, അത് വഴി ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുവാനും....

ഇത്തരം സംവിധാനങ്ങള്‍ വിഷിഷ്ട്ട വ്യക്തികളുടെ സന്ദര്‍ശന വേളകളില്‍ മാത്രമല്ല ജന നന്മയ്ക്കായ് കൂടി കൂടുതല്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാവും എന്ന  വിശ്വാസത്തോടെ,  ഇനിയും ഇങ്ങനെ ഉള്ള അത്യാഹിതങ്ങള്‍ ഉണ്ടാവരുതേ എന്ന  പ്രാര്‍ഥനയോടെ ആ ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട സഹോദരങ്ങള്‍ക്കായ് മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം... അവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ നാമും പങ്കുചേരാം..

12 January 2011

ഒരു നിരുപദ്രവമായ ചോദ്യം (അഥവാ ചങ്കില്‍ കുത്ത് ചോദ്യം !)


ഒരു സൌഹൃദ കൂട്ടായ്മയില്‍ ചര്ച്ചയ്ക്കിട്ടിരിക്കുന്ന ഒരു ചോദ്യം എന്നെ ആകര്‍ഷിച്ചു.... "വിദേശത്ത് പോയിട്ട് വളരെ നാള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്തായിരിക്കും?" 

അവന്റെ സുഖ വിവരമോ, ജോലിയെ കുറിച്ചോ അല്ലെങ്കില്‍ പിന്നെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുഖം മൂടി ഇട്ടു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോ, വിലക്കയറ്റത്തെ കുറിച്ചോ  വിനിമയ നിരക്കിനെ പറ്റിയോ ഒന്നുമായിരിക്കില്ല ആദ്യ ചോദ്യം.

ഒന്നും പറയണ്ട മാഷേ...  ദെ ഈ ചോദ്യങ്ങള്‍ ആണ് സ്ഥിരം കേള്‍ക്കുന്നത്...
ചോദ്യം 1 : "ആഹാ (ആശ്ചര്യത്തോടെ) ... എന്നു വന്നു ?"

ഒന്നാമത്തെ ചോദ്യത്തിനു പുഞ്ചിരി വിടര്‍ന്ന മുഖത്തോടെ മറുപടി നല്‍കുമ്പോള്‍ ഉടനെ വരും അടുത്ത ചോദ്യം...
ചോദ്യം 2 : "എത്രനാള്‍ ലീവ് ഉണ്ട്  / എന്നു തിരിച്ചു പോവും? " .  കൂട്ടത്തില്‍ "4 - 5  മാസം ഉണ്ടോ?' എന്നൊരു ചങ്കില്‍ കുത്ത് ചോദ്യവും.. ഹ.ഹ.

ഒരാഴ്ച്ച ലീവ്  extend  ചെയ്തു വീട്ടില്‍ നിന്നാല്‍ പിന്നെ ദെ ഈ ചോദ്യമാവും "ഇനി പോകുന്നില്ലേ? !!!"   

പാവം വിദേശ മലയാളികള്‍ .  യൌവ്വനവും ആരോഗ്യവും തന്റെ കുടുംബത്തിനു വേണ്ടി തീചൂടില്‍ വാടിക്കരിഞ്ഞു പോകുമ്പോളും ഉള്ളില്‍ ഒരു പച്ചപ്പായി, ഒരു ആശ്വാസമായി ഉണ്ടാവുക നാടിന്റെ പച്ചപുതച്ച സ്മരണകള്‍ ആണ്...   ഓരോ വിദേശ മലയാളിയും പരിമിതമായ ദിവസത്തേക്ക്  നാട്ടിലേക്ക്  തിരിക്കുമ്പോള്‍, ഉള്ളു കൊണ്ട് ആഗ്രഹിക്കും എത്രയും വേഗം നാട്ടില്‍ പറന്നെത്താന്‍ .  അവന്റെ മനസ്സ് വെമ്പുകയവും അതിനു വേണ്ടി.  തന്റെ നാടിന്‍ ഗന്ധം ശ്വസിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഉള്‍പ്പുളകവും, ഏറെ നാള്‍ നാട്ടില്‍ തങ്ങുവാന്‍ ഉള്ള ആഗ്രഹവും, പിന്നെ അവന്റെ തിരിച്ചു പോക്കില്‍ വിങ്ങുന്ന ആ ഹൃദയവും വേറൊരു വിദേശ മലയാളിക്ക്  മാത്രമേ തിരിച്ചറിയാന്‍ കഴിയു...  

അപ്പോള്‍ ഈ നിരുപദ്രവങ്ങളായ  ചോദ്യങ്ങള്‍ അവന്റെ മനസ്സിലേക്ക് തറയ്ക്കുന്ന ശരങ്ങളായ് മാറിയില്ലെന്കിലേ അത്ഭുതമുള്ളൂ ..